- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടുള്ള ജോസ് കെ മാണിയെ പുകച്ചു പുറത്തി ചാടിച്ചതിൽ ഖേദിച്ച് കോൺഗ്രസ്; 12 സീറ്റിൽ കുറയാൻ സമ്മതിക്കില്ലെന്ന പിടിവാശി തുടരുമ്പോൾ പത്തെങ്കിലും കൊടുക്കാൻ നിർബന്ധിതമായി കോൺഗ്രസ്; ആളില്ലാ ജോസഫിന് സീറ്റ് കൊടുക്കുന്നതിനെതിരെ അണികളിൽ രോഷം; യുഡിഎഫിൽ എല്ലാം അങ്ങോട്ട് ശരിയാകുന്നില്ല
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പത്തിനകം പുറത്തിറക്കാനാണ് കോൺഗ്രസിലെ തീരുമാനം. എന്നാൽ യുഡിഎഫിൽ സീറ്റ് വിഭജനം പ്രതിസന്ധിയിലാണ്. 3നു നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിനു ശേഷം സംസ്ഥാനതല ചർച്ച കോൺഗ്രസ് ആരംഭിക്കും. കരടു പട്ടികയുമായി 5നു ഡൽഹിക്കു പോകാനാണു നേതാക്കൾ ആലോചിക്കുന്നത്. എന്നാൽ പിജെ ജോസഫിന്റെ കടുംപിടിത്തം കാര്യങ്ങൾ വെട്ടിലാക്കുന്നു. കോൺഗ്രസും മുസ്ലിം ലീഗും ഏകദേശ ധാരണയായിട്ടുണ്ട്. എന്നാൽ ജോസഫിനെ തളയ്ക്കാൻ പോംവഴികളൊന്നും കാണുന്നില്ല. ഇതോടെ കേരളാ കോൺഗ്രസ് എമ്മിനെ പിളർത്തിയത് തലവേദനയായി മാറുകയാണ് കോൺഗ്രസിന്.
വോട്ടുള്ള ജോസ് കെ മാണിയെ പുകച്ചു പുറത്തി ചാടിച്ചതിൽ ഖേദിച്ച് കോൺഗ്രസ് നേതാക്കൾ കോട്ടയത്ത് ജോസഫിനെതിരെ പ്രതികരണങ്ങൾ തുടങ്ങി കഴിഞ്ഞു. പിജെ ജോസഫ് 12 സീറ്റിൽ കുറയാൻ സമ്മതിക്കില്ലെന്ന പിടിവാശി തുടരുമ്പോൾ പത്തെങ്കിലും കൊടുക്കാൻ നിർബന്ധിതമായി കോൺഗ്രസ് മാറുകയാണ്. ആളുള്ള ജോസിനെ പുറത്താക്കി ആളില്ലാ ജോസഫിന് സീറ്റ് കൊടുക്കുന്നതിനെതിരെ കോട്ടയത്ത് കോൺഗ്രസ് അണികളിൽ രോഷം അതിശക്തമാണ്. ജോസ് കെ മാണിയെ പുറത്താക്കുമ്പോൾ കേരളാ കോൺഗ്രസിന് ആറു സീറ്റ് കൊടുക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ തനിക്ക് 12 സീറ്റ് വേണമെന്ന കടുംപിടിത്തത്തിൽ ഉറച്ചു നിൽക്കുകയാണ് പിജെ ജോസഫ്.
മുസ്ലിം ലീഗുമായി ഇന്നു കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്താൻ ഇടയുണ്ട്. 4 സീറ്റ് കൂടുതൽ വേണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. പരമാവധി 2 കൂടി എന്നാണു കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിൽ കൂത്തുപറമ്പ്, പാലക്കാട്, പട്ടാമ്പി തുടങ്ങിയവ അവർ ചോദിച്ചിട്ടുണ്ട്. ഇതിൽ വലിയ പ്രശ്‌നമില്ലാതെ പരിഹാരം ഉണ്ടാകും. അനൗദ്യോഗിക തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. 6 സീറ്റ് ചോദിച്ച ആർഎസ്‌പിക്ക് 5 ലഭിക്കും. കേരള കോൺഗ്രസ് (ജേക്കബ്) പിറവം കൂടാതെ ഒരു സീറ്റ് കൂടി ചോദിച്ചെങ്കിലും നൽകാനിടയില്ല. സി.പി. ജോണിനു വേണ്ടി തിരുവമ്പാടി വിട്ടുനൽകണമെന്ന് സിഎംപി കോൺഗ്രസിനോടും ലീഗിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും അംഗീകരിക്കും.
ഫോർവേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി. ദേവരാജനോടു പിണറായി വിജയനെതിരെ ധർമ്മടത്തു മത്സരിക്കാൻ ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ദേവരാജൻ പറഞ്ഞില്ല. കൊല്ലത്ത് സീറ്റ് വേണമെന്നതാണ് ദേവരാജന്റെ ആഗ്രഹം. ഭാരതീയ ജനതാദൾ ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മാണി സി.കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാലാ കൂടാതെ കായംകുളം കൂടി ചോദിച്ചു. എന്നാൽ എൻസിപിയിലെ എ.കെ. ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ ആയിക്കൂടേ എന്നു കോൺഗ്രസ് ചോദിച്ചു. യുഡിഎഫ് യോഗം ചേരുന്ന 3നു മുൻപായി ഘടകകക്ഷികളുമായി കോൺഗ്രസ് വീണ്ടും സംസാരിക്കും. ഇതിൽ ധാരണയും ഉണ്ടാകും. എന്നാൽ പിജെ ജോസഫിന്റെ കാര്യത്തിൽ ആർക്കും ഒരു പിടിയുമില്ല. പിസി ജോർജുമായി യുഡിഎഫ് സഹകരിക്കില്ല.
പിജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിലായിട്ടുണ്ട്. ജോസഫിന് പകരം മറ്റ് നേതാക്കളാണിപ്പോൾ യുഡിഎഫ് ചർച്ചകളിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾക്കായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് പി ജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയുമായി നിശ്ചയിച്ച ചർച്ചയ്‌ക്കെത്താൻ ജോസഫിനായില്ല. മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവരാണ് പകരം ചർച്ചകളിൽ പങ്കെടുത്തത്. ഇതിൽ ജോണി നെല്ലൂരിനും രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുഡിഎഫുമായി കഴിഞ്ഞദിവസം നടത്താനിരുന്ന ചർച്ച പാർട്ടി ഉപേക്ഷിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് ഇത്തവണ 12 സീറ്റ് കിട്ടണമെന്നാണ് ആവശ്യം. എന്നാൽ എട്ടോ പരമാവധി ഒൻപതോ സീറ്റുകൾ മാത്രം നൽകാം എന്ന നിലപാടിലാണ് യുഡിഎഫ്. ഇതിൽ തുടർചർച്ചകൾ നടക്കുന്നതിനിടെ പാർട്ടിയെ നയിക്കുന്ന ജോസഫിന് കോവിഡ് സ്ഥിരീകരിച്ചതാണ് കേരള കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. പരമാവധി പത്തു സീ്റ്റ്. അതിന് അപ്പുറം നൽകില്ല. ജോസഫിന് യുഡിഎഫ് ഘടകകക്ഷികളിലെ പ്രധാന നേതാക്കളെല്ലാവരുമായും ഉള്ളത് അടുത്ത ബന്ധമാണ്. ജോസഫിന് കോവിഡ് മാറി ക്വാറന്റൈൻ പൂർത്തിയാക്കി പഴയ പോലെ സജീവമാകാൻ ഇനി മൂന്നാഴ്ചയെങ്കിലും വേണം. ഇതിനുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും.
യുഡിഎഫ് മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് മുന്നണി നേതാക്കളിൽ ജോസഫിന്റെ അത്ര സ്വാധീനമില്ലാത്തത് തെരഞ്ഞെടുപ്പ് ചർച്ചകളെ ബാധിക്കുമോ എന്നാണ് പാർട്ടിയിലെ ആശങ്ക. ഈ സാഹചര്യം പരമാവധി മുതലാക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. പത്ത് സീറ്റുകൾ നൽകി ജോസഫ് വിഭാഗത്തെ തൃപ്തരാക്കാനാണ് നീക്കം. മുസ്ലിം ലീഗും ഇക്കാര്യത്തിൽ കോൺഗ്രസിനൊപ്പമാണ്. തദ്ദേശത്തിൽ പിജെ ജോസഫിന് മികവ് കാട്ടാനായിരുന്നില്ല. ഇതും സീറ്റ് പത്തിൽ ഒതുങ്ങാൻ കാരണമാകും.
മറുനാടന് മലയാളി ബ്യൂറോ