കണ്ണൂർ: ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകർച്ചക്ക് ആക്കം കൂടുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തലശേരിയിൽ വോട്ടു ചെയ്യാനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

അരുവിക്കര ആവർത്തിക്കുമെന്നാണ് യു.ഡി.എഫുകാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ചക്ക വീണപ്പോൾ ചത്ത മുയലിനെപ്പോലെയാണ് അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം. എല്ലായ്‌പ്പോഴും ചക്ക വീണ് മുയൽ ചാവുകയില്ല. അഞ്ച് വർഷം കൂടുമ്പോൾ ഓരോ മുന്നണികളെയും വിജയിപ്പിക്കുക എന്നതാണ് കേരളത്തിലെ വോട്ടർമാരുടെ രീതി. ഇത്തവണ ഈ രീതിക്ക് മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിൽ ജനം അനീതിക്കെതിരെ വോട്ടുചെയ്യുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ബിജെപി എസ്എൻഡിപി ബന്ധം അബദ്ധമായി മാറും. എൽഡിഎഫ് വളരെ പ്രതിക്ഷയിലാണ്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും വോട്ടുചെയ്തിറങ്ങിയ ബേബി പറഞ്ഞു.