തിരുവനന്തപുരം: പ്രാഥമികചർച്ച കഴിഞ്ഞപ്പോൾ യു.ഡി.എഫിലെ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. ഇരട്ടിയിലധികം സീറ്റുണ്ടെങ്കിൽ മാത്രമേ ഘടകകക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് തീയതി മെയ്‌ 16നായതിന്റെ പ്രതീക്ഷ മാത്രമാണ് കോൺഗ്രസിൽ ആവശേഷിക്കുന്നത്. എങ്ങനെ ഈ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രശ്‌നം. മുസ്ലിംലീഗ് ഒഴികെയുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റിനായി അവകാശമുന്നയിച്ചതു മുന്നണിക്കു തലവേദനയാണ്. എല്ലാവരും കഴിഞ്ഞതവണത്തെ സീറ്റുകൾക്ക് ശക്തമായ അവകാശവാദം ഉന്നയിക്കുകയും കൂടുതൽ സീറ്റിന് അവകാശമുന്നയിക്കുകയും ചെയ്തു.

മുസ്ലിംലീഗ് മത്സരിച്ച 24 സീറ്റിൽ ജയിച്ച 20 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പരാജയപ്പെട്ട നാല് മണ്ഡലങ്ങൾ വച്ചു മാറാനുള്ള സന്നദ്ധത ലീഗ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 20 സീറ്റ് ചോദിച്ച് 15 നേടിയ കേരള കോൺഗ്രസ് (എം) ഇത്തവണ 18 സീറ്റിലാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ട സാഹചര്യത്തിൽ കൂടുതൽ സീറ്റ് നൽകേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. പി.സി. ജോർജ് കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോൾ നൽകിയ പൂഞ്ഞാർ സീറ്റ് തിരിച്ചെടുക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. പൂഞ്ഞാറിന് പകരം മറ്റൊരു സീറ്റ് നൽകി സീറ്റെണ്ണം 15 ൽ നിറുത്തി തർക്കം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ പൂഞ്ഞാറിൽ വിട്ടുവീഴ്ചയ്ക്ക് മാണി തയ്യാറാകുമോ എന്നതാണ് നിർണ്ണായകം.

രണ്ടുകക്ഷികൾ മുന്നണിവിട്ടപ്പോൾ വന്ന സീറ്റുകളിലാണു മിക്കവരുടേയും അവകാശവാദം. 10,11 തീയതികളിൽ നടക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ ഓരോ സീറ്റും കേന്ദ്രീകരിച്ചു ചർച്ച നടക്കും. ലീഗ് നിലവിലെ 24ന് പുറമെ ഒരു സീറ്റുപോലും കൂടുതൽ ചോദിച്ചിട്ടില്ല. പക്ഷേ ജെ.ഡി.യു. എട്ടുസീറ്റ് വേണമെന്ന നിലപാടിലാണ്. മാണി ഗ്രൂപ്പ് 18 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ പൂർത്തിയായ ഒന്നാം റൗണ്ട് ചർച്ചയിൽ ഘടകകക്ഷികളുടെ അവകാശവാദങ്ങൾ കോൺഗ്രസ് കേൾക്കുക മാത്രമാണ് ചെയ്തത്. 10, 11 തീയതികളിൽ നടക്കുന്ന അടുത്ത റൗണ്ടിൽ ഇതിന് കോൺഗ്രസ് മറുപടി നൽകും. അതിനു ശേഷമാവും ശരിക്കുള്ള ചർച്ച നടക്കുക. സിറ്റിങ് സീറ്റുകൾ അതത് പാർട്ടികൾക്ക്, മറ്റ് സീറ്റുകളിൽ ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനം എന്നതാണ് പൊതു ധാരണ.

അതിനിടെ കൊല്ലത്ത് ഇരവിപുരം സീറ്റ് കിട്ടിയില്ലെങ്കിൽ വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചതും തലവേദനയാണ്. ലീഗിന്റെ കൊല്ലം ജില്ലാക്കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇരവിപുരം സീറ്റില്ലെങ്കിൽ കൊല്ലത്തെ മറ്റ് സീറ്റുകളിൽ ലീഗ് നിസഹകരിക്കുമെന്നും ലീഗ് വ്യക്തമാക്കി. ഇടതു മുന്നണിയിൽ നിന്ന് യു.ഡി.എഫിൽ എത്തിയ ആർ.എസ്‌പി മത്സരിക്കുന്ന സീറ്റാണ് ഇരവിപുരം. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ സീറ്റാണ് ഇരവിപുരം. എന്നാൽ മുന്നണി മാറിയെങ്കിലും ലീഗിന് സീറ്റ് വിട്ടു കൊടുക്കാനാകില്ലെന്ന നിലപാടിലാണ് ആർ.എസ്‌പി. ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ സിറ്റിങ് സീറ്റാണ് ഇരവിപുരം.

ഇരവിപുരത്തിനൊപ്പം മുന്നണിയിൽ പുതുതായി വന്ന ആർ.എസ്‌പി. കഴിഞ്ഞതവണ മത്സരിച്ച നാലിനുപകരം എട്ടുസീറ്റാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾക്കു പുറമെ കൊല്ലത്ത് ഒരു സീറ്റ് കൂടുതൽ വേണം. കൊല്ലം, കുണ്ടറ, പുനലൂർ എന്നിവയിൽ ഏതെങ്കിലുമൊരു മണ്ഡലം ലഭിക്കണം. തിരുവനന്തപുരം ജില്ലയിൽ അരുവിക്കരയ്ക്ക് പകരം വാമനപുരം അല്ലെങ്കിൽ ചിറയിൻകീഴ് ആലപ്പുഴയിൽ ജില്ലയിൽ അമ്പലപ്പുഴയോ ആലപ്പുഴയോ പത്തനംതിട്ടയിൽ റാന്നി, മലബാറിൽ ഒരു സീറ്റ് എന്നിവയാണ് ആർ.എസ്‌പിയുടെ ആവശ്യം. ഇത് അംഗീകരിക്കുക കോൺഗ്രസിന് വലിയ പ്രശ്‌നമാണ്. ഈ വിഷയത്തിൽ കരുതലോടെ ചർച്ച നടത്താനാണ് തീരുമാനം. അഞ്ച് സീറ്റിൽ കൂടുതൽ ആർഎസ്‌പിക്ക് നൽകാനിടയില്ല.

അവകാശപ്പെട്ട നാലു സീറ്റു വേണമെന്നാണു കേരളാ കോൺഗ്രസി(ജേക്കബ്)ന്റേയും ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച പിറവം, അങ്കമാലി സീറ്റുകൾ കിട്ടിയേ തീരുവെന്ന് ചർച്ചയിൽ അറിയിച്ചിട്ടുണ്ടെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. അങ്കമാലി കോൺഗ്രസിന് വേണമെന്നുണ്ടെങ്കിൽ മുമ്പ് മത്സരിച്ചിരുന്ന മൂവാറ്റുപുഴ വേണമെന്നും അവർ ആവശ്യപ്പെട്ടു. സി.എംപി. കഴിഞ്ഞ തവണത്തെപ്പോലെ മൂന്നു സീറ്റുകൾ വേണമെന്ന് സി.പി. ജോൺ വിഭാഗം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ കുന്നംകുളം, നാട്ടിക, നെന്മാറ സീറ്റുകളിലാണ് മത്സരിച്ചത്. ഇക്കുറി കുന്നംകുളത്തിനാണ് ഒന്നാമത്തെ പരിഗണനയെന്നു ചർച്ചകഴിഞ്ഞ് പുറത്തിറങ്ങിയ സി.പി. ജോൺ അറിയിച്ചു. നാട്ടിക വേണ്ടെന്നും സി.എംപി. അറിയിച്ചിട്ടുണ്ട്.

അഴിക്കോട് സീറ്റിനും അവകാശവാദം ഉന്നയിച്ചില്ല. പകരം നെന്മാറ, കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ, കോഴിക്കോട് ജില്ലയിലെ ഏലത്തൂർ, ബേപ്പൂർ എന്നിവയിൽ ഏതെങ്കിലും രണ്ടു മണ്ഡലങ്ങൾകൂടി വേണമെന്നാണ് അവരുടെ ആവശ്യം. സിഎംപിക്ക് ഒരു സീറ്റ് നൽകുന്നത് മാത്രമാണ് കോൺഗ്രസിന്റെ ആലോചനയിലുള്ളത്. ജേക്കബ് ഗ്രൂപ്പിന് സീറ്റ് കുറയ്ക്കണമെന്നും ആഗ്രഹമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഏഴിന് ഒപ്പം ഒരു സീറ്റാണ് ജെ.ഡി.യു ആവശ്യപ്പെടുന്നത്. പരാജയപ്പെട്ട നാല് മണ്ഡലങ്ങൾക്ക് പകരം ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളും പാർട്ടി ആവശ്യപ്പെടുന്നു. രണ്ട് മണ്ഡലങ്ങൾ എങ്കിലും പകരം നൽകിയാൽ ഒത്തുതീർപ്പ് സാദ്ധ്യമായേക്കും.