കണ്ണൂർ: തിരഞ്ഞെടുപ്പു ഫലങ്ങളറിയാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴും ആശങ്കകളില്ലാതെ കാസർഗോട്ടെ യു.ഡി.എഫ് നേതൃത്വം. എന്നാൽ കണ്ണൂരിൽ യു.ഡി.എഫ് തികഞ്ഞ അങ്കലാപ്പിലാണ്. കാസർഗോട്ടെ യുഡി.എഫ് മണ്ഡലങ്ങളായ മഞ്ചേശ്വരത്തും കാസർഗോട്ടും പ്രതീക്ഷിച്ചതിലധികം പോളിങ് ശതമാനം ഉയർന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.

മഞ്ചേശ്വരത്ത് 75 ശതമാനം എത്തിയാൽ തങ്ങൾക്ക് അനുകൂല വിധി ഉറപ്പെന്നാണ് യു.ഡി.എഫിന്റെ കണക്കു കൂട്ടൽ. അവിടെ 76 കടന്നതോടെ പോളിങ് ഉയരുകയും ചെയ്തു. കാസർഗോട്ട് 73 ശതമാനം എത്തിയാൽ മണ്ഡലം ഉറപ്പെന്ന് യു.ഡി.എഫിന്റെ കണക്കുകൾ ഭേദിച്ച് 78 ഉം കടന്നിരിക്കയാണ്. അതുകൊണ്ടു തന്നെ യു.ഡി.എഫ് ഏറെക്കാലമായി കൈവശം വെക്കുന്ന ഈ മണ്ഡലങ്ങൾ വിജയം ഉറപ്പാണെന്ന് അവർ കരുതുന്നു. മഞ്ചേശ്വരത്ത് ബിജെപി.ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് യു.ഡി.എഫ് കണക്കാക്കുന്നു.

ഉദുമ എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ കെ.സുധാകരൻ വിജയം ഉറപ്പിച്ച മട്ടാണ്. 2011 ൽ 73.98 ശതമാനം പോളിങ് നടന്ന ഉദുമയിൽ ഇത്തവണ 81 ശതമാനമായി ഉയർന്നതിൽ യു.ഡി.എഫ് വൃത്തങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാസർഗോട്ടെ അഞ്ചിൽ മൂന്ന് മണ്ഡലങ്ങളും യു.ഡി.എഫിന് ഒപ്പം നിൽക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. എന്നാൽ ഉദുമയിലെ പോളിങ് ശതമാനം ഉയർന്നത് എൽ.ഡി.എഫിനെയാണ് തുണക്കുകയെന്നത് ജില്ലയിലെ 2011 ലെ നില തുടരുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.

സിപിഐ.(എം). കോട്ടകളായ തൃക്കരിപ്പൂരിനും കാഞ്ഞങ്ങാടിനുമൊപ്പെം ഉദുമയും ഉണ്ടാകുമെന്നാണ് അവരുടെ കണക്കു കൂട്ടൽ. കണ്ണൂരിലെ സ്ഥിതി യു.ഡി.എഫിന് ആശങ്ക നൽകുന്നതാണ്. ബലാബല മത്സരം നടന്ന അഴീക്കോട് , കണ്ണൂർ, കൂത്തുപറമ്പ്, എന്നീ മണ്ഡലങ്ങളിൽ ഏതൊക്കെ നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ഇവ മൂന്നും എൽ.ഡി.എഫ് അനുകൂലമായാൽ അത്ഭുതമില്ലെന്നും എൽ.ഡി.എഫ് കരുതുന്നു. ഈ മൂന്ന് മണ്ഡലങ്ങളിലും കാര്യമായ വോട്ടിങ് ശതമാനം ഉയരാത്തത് യു.ഡി.എഫിന് തലവേദന ഉണ്ടാക്കിയിരിക്കയാണ്.

കണ്ണൂരിൽ 77.22 ശതമാനമായിരുന്നു 2011 ലെ പോളിങ് എങ്കിൽ ഇത്തവണ അത് 77.32 ശതമാനമായി മാത്രമാണ് ഉയർന്നത്. 78 കവിയുമെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എങ്കിലും കണ്ണൂർ ഇത്തവണയും ഒപ്പം നിൽക്കുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. കൂത്തുപറമ്പും അഴീക്കോടും പ്രവചനം അസാധ്യമായിരിക്കയാണ്. കൂത്തുപറമ്പിൽ കെ.കെ. ശൈലജ മന്ത്രി കെ.പി. മോഹനന് വൻ ഭീഷണി ഉയർത്തിയാണ് മത്സരം കൊഴുപ്പിച്ചത്. ഇവിടെ ജനവിധി ശൈലജക്ക് അനുകൂലമാവുമെന്ന് എൽ.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ യു.ഡി.എഫ് ഈ മണ്ഡലത്തെ തങ്ങളുടെ പട്ടികയിൽ നിന്നും മാറ്റാൻ തയ്യാറല്ല. കഴിഞ്ഞ തവണ കൂത്തുപറമ്പിൽ 79.79 ശതമാനം പോളിങ് നടന്നപ്പോൾ ഇത്തവണ 80.83 ആയി മാത്രമാണ് ഉയർന്നത്. 82 ൽ എത്തി നിൽക്കുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ.

സംസ്ഥാന ശ്രദ്ധ പതിഞ്ഞ പോരാട്ടമായിരുന്നു അഴീക്കോട് മണ്ഡലത്തിൽ അരങ്ങേറിയത്. സിപിഐ.(എം). ലെ എം വി നികേഷ് കുമാറും യു.ഡി.എഫിലെ കെ.എം. ഷാജിയും പ്രവചനാതീത പോരാട്ടം നടന്ന അഴീക്കോട് ആരെ തുണക്കുമെന്ന കാര്യത്തിലും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ 82 ശതമാനം കവിഞ്ഞ പോളിങ് നടന്ന ഈ മണ്ഡലത്തിൽ ഇത്തവണ 81.72 മാത്രമാണ്. ഇത് യു.ഡി.എഫിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. പോളിങ് കുറഞ്ഞത് ആരെയാണ് ബാധിക്കുക എന്നത് വിലയിരുത്താനായിട്ടില്ലെങ്കിലും ഇരു മുന്നണികളും ഈ മണ്ഡലം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ വിമതനായ പി.കെ.രാഗേഷ് പിടിക്കുന്ന വോട്ടിൽ വിജയ പ്രതീക്ഷയുമായി എൽ.ഡി.എഫ് നിൽക്കുന്നു. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടകളായ പയ്യന്നൂർ , തളിപ്പറമ്പ്, മട്ടന്നൂർ, കല്ല്യാശ്ശേരി, തലശ്ശേരി, ധർമ്മടം, എന്നിവ ചരിത്രമാവർത്തിക്കും. എന്ന് ഇരു മുന്നണികളും കരുതുന്നു. എന്നാൽ തലശ്ശേരിയിൽ യു.ഡി.എഫ് നേരിയ പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്. പേരാവൂർ, ഇരിക്കൂർ, എന്നീ കോൺഗ്രസ്സ് മണ്ഡലങ്ങളിൽ വിമതന്മാരുണ്ടെങ്കിലും ഇവിടെ മാറ്റംമറിച്ചലുകൾ പ്രതീക്ഷിക്കുന്നില്ല. ഇരിക്കൂറിൽ 78.66 ശതമാനം പോളിങ് ആണ് ഇത്തവണ നടന്നത്. കഴിഞ്ഞ തവണ ഇത് 77.22 ആയിരുന്നു.

പേരാവൂരിലും നേരിയ വർദ്ധനവുണ്ടായി. 80.02 എന്ന കഴിഞ്ഞ തവണത്തെ നില 80.97 ആയി മെച്ചപ്പെടുത്തി. എൽ.ഡി.എഫ് മണ്ഡലങ്ങളായ മട്ടന്നൂരും തലശേരിയിലും മട്ടന്നൂരും ധർമ്മടത്തും പോളിങ് ശതമാനത്തിൽ നേരിയ വർദ്ധന രേഖപ്പെടുത്തി. ജില്ലയിലൊരിടത്തും ഗണ്യമായ വർദ്ധന രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വലിയ അട്ടിമറിക്ക് സാധ്യതയുമില്ല.