കൊച്ചി: നാട്ടുകാരെ ചിരിപ്പിച്ച് കൊച്ചിയിൽ രാഷ്ട്രീയ പാർട്ടികൾ പൊലീസ് സ്റ്റേഷന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തത് രണ്ട് തവണ. ആലുവ റൂറൽ എസ്‌പിയുടെ കീഴിലുള്ള എടത്തല സ്റ്റേഷനിലാണ് സംഭവം. ആദ്യ ഉദ്ഘാടനം എൽഡിഎഫിന്റേത്. മറ്റൊന്നു യുഡിഎഫിന്റെയും. എൽഡിഎഫിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അബ്ദുൽ ഖാദർ 12നു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.കെ. മായാദാസൻ, അംഗം കെ.കെ. റഫീഖ്, എസ്ഐ ജി. അരുൺ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനം കഴിഞ്ഞതോടെ സ്റ്റേഷൻ പ്രവർത്തനം അവിടേയ്ക്കു വിപുലീകരിക്കുകയും ചെയ്തു. യുഡിഎഫിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് നിർവഹിച്ചു. വാർഡ് അംഗം ഷഹന ഷജീർ അധ്യക്ഷത വഹിക്കും. ഒരേ കെട്ടിടം രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതോടെ സംഭവം വിവാദമായി. മുൻ സർക്കാരിന്റെ കാലത്താണ് എടത്തലയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. വാടക കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തനം.

പിന്നീടു ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വനിതാ തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റി. അന്ന് ഒറ്റ നിലയായിരുന്നു. ഈയിടെ അതിനു മുകളിൽ മറ്റൊരു നില കൂടി പണിതു. ബ്ലോക്ക് പഞ്ചായത്താണ് അഞ്ചു ലക്ഷം രൂപ മുടക്കി ഒന്നാം നില പണിതത്. ഗ്രാമപഞ്ചായത്ത് മേൽക്കൂരയിൽ ഷീറ്റ് വിരിച്ചു. കെട്ടിടം പണിതതു ബ്ലോക്ക് പഞ്ചായത്താണെങ്കിലും ഇപ്പോൾ അതു ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ പെട്ടതാണ്. ഇതാണ് തർക്കത്തിന്റെ അടിസ്ഥാന പ്രശ്നം.

പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിനു സൗകര്യം കുറവായതിനാൽ പണി കഴിഞ്ഞ ഒന്നാംനില കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്ഐ ബ്ലോക്ക് പഞ്ചായത്തിനു കത്തു നൽകിയിരുന്നു. കത്തു പരിഗണിച്ച കമ്മിറ്റി അതിനു സമ്മതം നൽകി. പക്ഷേ, കെട്ടിടത്തിന്റെ താക്കോൽ ഡിവിഷൻ അംഗം എം.എ. അബ്ദുൽ ഖാദറിന്റെ പക്കലായിരുന്നു. അബ്ദുൽ ഖാദർ ഇല്ലാത്ത യോഗത്തിലാണ് എടത്തല സ്വദേശിനിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷ്റഫ് മുൻകയ്യെടുത്തു കെട്ടിടം കൈമാറാൻ തീരുമാനിച്ചത്.

തന്റെ ഡിവിഷനിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു പണിത കെട്ടിടം കൈമാറാൻ തീരുമാനിക്കുന്നതിനു മുൻപ് ഒരു വാക്കു ചോദിച്ചില്ലെന്നാണ് അബ്ദുൽ ഖാദറിന്റെ പരാതി. അബ്ദുൽ ഖാദർ എൽഡിഎഫിലാണ്. പ്രസിഡന്റ് യുഡിഎഫും. സംഭവത്തിൽ രാഷ്ട്രീയം കലർന്നതോടെ കെട്ടിടത്തിന്റെ താക്കോൽ ആവശ്യപ്പെടാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.

ഇതറിഞ്ഞ അബ്ദുൽ ഖാദർ നാട്ടുകാരെ കൂട്ടി ഉദ്ഘാടനം നടത്തിയ ശേഷം താക്കോൽ എസ്ഐയ്ക്കു കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചെങ്കിലും അവർ വിട്ടുനിന്നു. അതേസമയം, യുഡിഎഫുകാരിയായ വാർഡ് അംഗത്തെ ക്ഷണിച്ചിരുന്നില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു പണിത കെട്ടിടമായതിനാൽ അതിന്റെ ആവശ്യമില്ലെന്നാണ് എൽഡിഎഫ് നിലപാട്. പിന്നീടു നടന്ന ഗ്രാമപഞ്ചായത്ത് യോഗത്തിൽ വാർഡ് അംഗത്തിന്റെ ആവശ്യപ്രകാരമാണ് വീണ്ടും ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. പ്രതിപക്ഷം ഇതിൽ വിയോജിപ്പു രേഖപ്പെടുത്തി. എങ്കിലും 'രണ്ടാം ഉദ്ഘാടനം' നടത്താൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.