- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തോൽവി; ഉള്ള്യേരി ആറാം വാർഡിൽ കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം; പ്രമുഖരുടെ മണ്ഡലങ്ങളിലെ ഫലങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കാണ് പൊതുവേ മുൻതൂക്കം ഉണ്ടായിരിക്കുന്നത്. പ്രമുഖ നേതാക്കളുടെ വാർഡുകളിൽ എതിരാളികൾ വിജയിക്കുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ യുഡിഎഫ് തോറ്റു. രണ്ടിടങ്ങളിലും എൽഡിഎഫാണ് വിജയിച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ വാർഡായ 14 ആം വാർഡിൽ എൽഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എൽഡിഎഫിന് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകൾക്കാണ് വിജയിച്ചത്.
ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്കരൻ തോറ്റു. കെ സുരേന്ദ്രന്റെ സ്വദേശമായ ഉള്ള്യേരിയിൽത്തന്നെ ആറാം വാർഡിലാണ് കെ ഭാസ്കരൻ മത്സരിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അസ്സൈനാർ ആണ് വിജയിച്ചത്. 89 വോട്ടിന്റെ ഭൂരിപക്ഷമാണ് അസ്സൈനാർക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സൈനാർക്ക് ലഭിച്ചപ്പോൾ ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാർഡായ ഉള്ളൂരിലും എൽഡിഎഫ് വിജയം നേടി. എൽ ഡി എഫ് സ്ഥാനാർത്ഥി ആതിര എൽ എസ് 433 വോട്ടിനാണ് ഉള്ളൂരിൽ ജയിച്ചത്. നിലവിൽ യു ഡി എഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ. മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫ് വിജയിച്ചു. അതേസമയം തിരുവനന്തപുരം പൂജപ്പുര വാർഡിൽ ബിജെപി നേതാവ് വി വി രാജേഷ് വിജയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വീട് ഉൾപ്പെടുന്ന വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മത്സരിച്ച എൻഡിഎ സ്ഥാനാർത്ഥി ബൈജു കൂമുള്ളിയാണ് ഇവിടെ വിജയിച്ചത്. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിലും ബിജെപി അട്ടിമറി ജയം നേടി. ത്രികോണമത്സരം നടന്ന പന്നിയങ്കരയിൽ സിപിഎമ്മിൽനിന്നുള്ള ഇടത് സ്ഥാനാർത്ഥിയും മുൻ മേയറുമായ ഒ രാജഗോപാൽ തോറ്റു.
തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയിൽ ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്റെ ഭാര്യ ഐ അനിത വിജയിച്ചു. 317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനിത വിജയിച്ചത്. സിപിഎം രക്തസാക്ഷി ധനരാജിന്റെ ഭാര്യയും ജയിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ 61-ാം വാർഡായ വലിയങ്ങാടിയിൽ മത്സരിച്ച മുഹമ്മദ് ശുഹൈബ് പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്. ആർഎംപി സ്ഥാനാർത്ഥിയായിട്ടാണ് ശുഹൈബ് ഇവിടെ മത്സരിച്ചിരുന്നത്. എന്നാൽ ആർഎംപിക്ക് യുഡിഎഫിന്റെ പിന്തുണ വലിയങ്ങാടിയിൽ ഉണ്ടായിരുന്നില്ല.
മാവോയിസ്റ്റെന്ന് കാട്ടി യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട അലന്റെ അച്ഛനാണ് ശുഹൈബ്. മത്സരിക്കാനിറങ്ങിയത് തന്നെ കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിക്കുന്നതിനെതിരായിട്ടാണെന്ന് ശുഹൈബ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ