- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലവിലെ മേയർ സൗമിനി ജെയ്ന് സീറ്റില്ല; കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആകെയുള്ള 74 സീറ്റുകളിൽ 64ഉം കോൺഗ്രസിന്; ലീഗിന് ആറും കേരള കോൺഗ്രസിന് മൂന്നും ആർഎസ്പിക്ക് ഒന്നും സീറ്റുകൾ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 15 മുൻ കൗൺസിലർമാർ മത്സരരംഗത്തുണ്ടെങ്കിലും നിലവിലെ മേയർ സൗമിനി ജെയ്ൻ ഇക്കുറി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചില്ല. ആകെയുള്ള 74 സീറ്റുകളിൽ 64ഉം കോൺഗ്രസാവും മത്സരിക്കുക. മുസ്ലിം ലീഗ് ആറ് സീറ്റുകളിലും, കേരള കോൺഗ്രസ് 3 സീറ്റുകളിലും ആർഎസ്പി ഒരു സീറ്റിലും മത്സരിക്കും. കോൺഗ്രസ് നിരയിൽ നിന്നും മത്സരത്തിനിറങ്ങുന്ന 48 പേരും പുതുമുഖങ്ങളാണ്. 11 യൂത്ത് കോൺഗ്രസ് പ്രതിനിധികളും മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിലെ 21 ഡിവിഷനിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാവും.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ ഐലണ്ട് നോർത്തിൽ മത്സരിക്കും. കെപിസിസി ഭാരവാഹി ദീപ്തി മേരി വർഗീസും സ്ഥാനാർഥി പട്ടികയിലുണ്ട്. ഡിസിസി അധ്യക്ഷൻ ടിജെ വിനോദും യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷനും കൂടിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
‘പല തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കാൻ എത്തുന്നു. തുടർച്ചയായി മത്സരിക്കുന്നവർ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നു', യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞിരുന്നു. ചില നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടെന്ന സിപിഐ.എം നിലപാടിനെ കോൺഗ്രസ് മാതൃകയാക്കണമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തിയെങ്കിലും അനുഭാവപൂർണമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.
മറുനാടന് ഡെസ്ക്