കൊല്ലം: മന്ത്രിയായാൽ പ്രഥമ പരിഗണന എന്തിനായിരിക്കുമെന്ന ചോദ്യത്തിന് ഒരു നിമിഷംപോലും ആലോചിക്കാതെ മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞു. കശുവണ്ടി മേഖലയെ രക്ഷിക്കാനായിരിക്കും ആദ്യ നടപടി. അതിനുശേഷമെ ഉള്ളൂ മറ്റെല്ലാം. ഫാക്ടറികളെല്ലാം അടച്ചുപൂട്ടുകയും അഴിമതിയിൽ മുങ്ങിക്കുളിച്ച് കശുവണ്ടി വികസന കോർപ്പറേഷൻ തകർന്നു തരിപ്പണമാവുകയും ചെയ്തതോടെ മുഴുപ്പട്ടിണിയിലായ കശുവണ്ടി തൊഴിലാളികൾ ഇത്തവണ മേഴ്‌സിക്കുട്ടിയമ്മയെ കുണ്ടറയിൽ നിന്ന് ജയിപ്പിച്ചുവിട്ടതും അതിനുവേണ്ടിത്തന്നെയാണ്. അവരുടെ പ്രശ്‌നങ്ങൾക്കൊപ്പം എക്കാലത്തും നിലകൊണ്ട നേതാവായിരുന്നു മേഴ്‌സിക്കുട്ടിയമ്മ. അതിനാൽത്തന്നെ തങ്ങളുടെ പ്രശ്‌നങ്ങൾ തീർക്കാൻ മേഴ്‌സിക്കുട്ടിയമ്മയ്ക്കാവും എന്ന് കശുവണ്ടി മേഖലയിലെ എല്ലാവരും ഒന്നടങ്കം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ഇത്തവണ കുണ്ടറയിൽ അവരുടെ വിജയം.

കോൺഗ്രസിന്റെ വക്താവെന്ന നിലയിൽ ചാനലുകളിലും വാർത്തകളിലും നിറഞ്ഞുനിന്ന്, തനിക്കുതന്നെ വിജയം ഉറപ്പെന്ന് ആവർത്തിച്ചു പറഞ്ഞുനടന്ന രാജ്‌മോഹൻ ഉണ്ണിത്താനെ കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മ വീഴ്‌ത്തുന്നത്. വോട്ടെണ്ണിത്തുടങ്ങുമ്പോൾ മുതൽ 30000 വോട്ടിന് ജെ മേഴ്‌സിക്കുട്ടിയമ്മ ഉണ്ണിത്താനെതിരെ ജയിച്ചുകയറുമ്പോൾ വരെ കൊല്ലം ജില്ലയിലെ കശുവണ്ടിമേഖല നെഞ്ചുരുകി പ്രാർത്ഥിക്കുകയായിരുന്നു അവരുടെ വിജയത്തിനുവേണ്ടി. വിജയത്തിനുശേഷം 'ഞങ്ങളുടെ കാര്യം വേഗം ശരിയാക്കില്ലേ..' എന്നു ചോദിച്ച് നാട്ടിൽ നിന്ന് സ്ത്രീത്തൊഴിലാളികളും തൊഴിലാളി സമിതികളുടെ കൺവീനർമാരും നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ അവരുടെ പ്രശ്‌നം തീർത്തിട്ടേ മറ്റെന്തുമുള്ളൂ എന്നും മേഴ്‌സിക്കുട്ടിയമ്മ തറപ്പിച്ചു പറയുന്നതും ഈ തൊഴിലാളിസ്‌നേഹം കൊണ്ടുതന്നെ.

കാരണം കശുവണ്ടി വ്യവസായത്തിന്റെ തകർച്ച ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയാണ്. കൊല്ലത്തെ മിക്ക ദരിദ്രകുടുംബങ്ങളിലേയും ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുത്തിരുന്നത്. കൂലി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുന്നയിച്ച് ഫാക്ടറികൾ പൂട്ടിയതുമുതൽ ഇവരെല്ലാം മുഴുപ്പട്ടിണിയിലായി. അന്നന്നത്തെ അന്നത്തിനും കുഞ്ഞുങ്ങളുടെ പഠനത്തിനും ചികിത്സയ്ക്കുമെല്ലാം ഈ വ്യവസായം തരുന്ന കൂലി മാത്രമായിരുന്നു അവരുടെ ആശ്രയം. കശുവണ്ടിവികസന കോർപ്പറേഷനിൽ നടന്ന വൻ അഴിമതി യുഡിഎഫ് സർക്കാർ കണ്ടില്ലെന്നു നടിച്ചതോടെയാണ് ഈ മേഖല തകർന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഇതിന് തിരഞ്ഞെടുപ്പിലൂടെ ഇക്കുറി ശരിക്കും മറുപടി നൽകുകയായിരുന്നു അവർ. അവരുടെ പ്രശ്‌നങ്ങൾ ഇനിയും അവഗണിക്കപ്പെട്ടാൽ ഇപ്പോൾ ്അവർ വിശ്വസിച്ച ഇടതുപക്ഷത്തേയും അവർ നാളെ തള്ളിപ്പറയുമെന്ന തിരിച്ചറിവിലാണ് മേഴ്‌സിക്കുട്ടിയമ്മയുൾപ്പെടെ കൊല്ലത്തെ ജനപ്രതിനിധികൾ.

കശുവണ്ടി തൊഴിലാളികൾക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങളിൽ എല്ലാക്കാലത്തും സജീവമായി ഇടപെട്ട മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഈ മേഖലയിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാനായി. തങ്ങളുടെ വോട്ടുകൊണ്ട് വിജയിച്ചുകയറിയ മന്ത്രി ഷിബു ബേബിജോൺ ഉൾപ്പെട്ട യുഡിഎഫ് സർക്കാരിൽ നിന്ന് കശുവണ്ടി മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഒരു നടപടിയും ഉണ്ടാവാതിരുന്നതോടെയാണ് കൊല്ലം ജില്ല യുഡിഎഫിനെ ഒരു സീറ്റുപോലും നൽകാതെ തൂത്തെറിഞ്ഞത്. ജില്ലയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേരുടെ ഉപജീവനം കശുവണ്ടിയാണെന്നിരിക്കെ അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനോ പൂട്ടിയിട്ട സ്വകാര്യ, സർക്കാർ ഫാക്ടറികൾ തുറപ്പിക്കാനോ യുഡിഎഫ് സർക്കാർ ഒരു നടപടിയും കൈക്കൊള്ളാതിരുന്നതാണ് ഈ തിരിച്ചടിക്ക് കാരണമായത്. തിരഞ്ഞെടുപ്പോടെ ആർഎസ്‌പിയെന്ന പാർട്ടിക്ക് ഒരു സീറ്റുപോലും നൽകാതെ അടിവേരുപോലും കൊല്ലം ജില്ലക്കാർ പറിച്ചെറിഞ്ഞു. ഇപ്പോൾ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മന്ത്രിസ്ഥാനം കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടുന്ന പരമ്പരാഗത തൊഴിൽ മേഖലയുടെ പുനരുജ്ജീവനത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലം.

പ്രീഡിഗ്രി പഠനകാലത്ത് എസ്.എഫ്.ഐയിലൂടെയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ രാഷ്ട്രീയരംഗത്ത് എത്തിയത്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായപ്പോൾ അവർ എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റായി. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽനിന്ന് മലയാളത്തിൽ ബിരുദവും കൊല്ലം എസ്.എൻ കോളജിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളസർവകലാശാലാ സെനറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചു.

വിദ്യാർത്ഥി സമരങ്ങളിൽ സജീവമായിരുന്ന മേഴ്‌സിക്കുട്ടിയമ്മ 1987ൽ തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽ.ബി പഠനകാലത്താണ് ആദ്യമായി നിയമസഭയിലത്തെിയത്. 27ാം വയസ്സിൽ കുണ്ടറയിൽ കോൺഗ്രസ് നേതാവ് തോപ്പിൽ രവിയെ പരാജയപ്പെടുത്തി. 2001ൽ കടവൂർ ശിവദാസനോട് തോറ്റ ശേഷം ഇപ്പോൾ വീണ്ടും മത്സര രംഗത്തെത്തുകയായിരുന്നു. 1995ൽ സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗമായി. നിലവിൽ സിഐടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേരള കാഷ്യൂ വർക്കേഴ്‌സ് സെന്റർ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അംഗം, കേരള സിറാമിക്‌സ് എംപ്‌ളോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു. മൺറോതുരുത്ത് മുല്ലശ്ശേരിവീട്ടിൽ ഫ്രാൻസിസിന്റെയും ജൈനമ്മയുടെയും മകളാണ്. സാമൂഹികപ്രവർത്തകനായ പിതാവ് ഫ്രാൻസിസാണ് മേഴ്‌സിക്കുട്ടിയമ്മക്ക് പൊതുപ്രവർത്തന രംഗത്ത് പ്രചോദനമായത്. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗവും സിഐടി.യു ജില്ലാ പ്രസിഡന്റുമായ ബി. തുളസീധരക്കുറുപ്പുമായി ഇവരുടെ വിവാഹം നടന്നദിനത്തിലാണ് പെരുമണിൽ അഷ്ടമുടിക്കായലിലേക്ക് ഐലൻഡ് എക്സ്‌പ്രസ് മറിഞ്ഞത്. വിവാഹദിനത്തിൽ ഭർത്താവിനൊപ്പം ദുരന്തഭൂമിയിലേക്ക് എ്ത്തി എംഎൽഎ രക്ഷാപ്രവർത്തനത്തിൽ സജീവമായതും അന്ന് വാർത്തകളിൽ നിറഞ്ഞു.