കണ്ണൂർ: തെരഞ്ഞെടുപ്പുകൾക്കൊപ്പം കണ്ണൂരിൽ വിവാദങ്ങൾ ഉയരുന്നത് പതിവാണ്. ആയുധങ്ങളും ക്വട്ടേഷൻ സംഘങ്ങളുമാണ് മുൻകാല വിവാദങ്ങളെങ്കിൽ ഇത്തവണ കള്ളവോട്ട് വിവാദങ്ങളാണ് തെരഞ്ഞെടുപ്പുരംഗത്ത് ഉയർന്നുവരുന്നത്.

പതിവനുസരിച്ച് പോളിങ് ആരംഭിച്ചാലാണ് കള്ളവോട്ട് പ്രശ്‌നം ഉയർന്നു വരിക. പോളിങ് കഴിയുന്നതോടെ കള്ളവോട്ട് വിവാദം ശക്തമാകും. ബൂത്തുകൾ തിരിച്ച് ഇരു മുന്നണിയും കണക്കെടുത്ത് വിവാദങ്ങൾക്ക് കൊഴുപ്പേകും. എന്നാൽ ഇത്തവണ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ടുകൾ ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. രംഗത്തുവന്നത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽനിന്നും സിപിഐ.(എം). സ്ഥാനാർത്ഥിയായ പി.കെ. ശ്രീമതി 2014 ൽ തെരഞ്ഞെടുക്കപ്പെട്ടത് കള്ളവോട്ടുകൾ കൊണ്ടാണെന്നും അതിനാൽ അവർ രാജിവെക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു. ഇതിന് പ്രേരകമായത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു തടയാതിരുന്ന കേസുകളിൽ പതിനൊന്ന് പോളിങ് ഉദ്യോഗസ്ഥർ അറസ്റ്റിലായതാണ്.

സംസ്ഥാനത്ത് ആദ്യമായാണ് കള്ളവോട്ട് കേസിൽ പോളിങ് ഉദ്യോഗസ്ഥർ അറസ്റ്റിലാവുന്നത്. കൂടാതെ മറ്റ് എട്ടു കള്ളവോട്ട് കേസുകളിൽ പൊലീസ്്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളവോട്ടിൽ പ്രതി ചേർക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പുതലവന്മാർക്ക് റിപ്പോർട്ട് നൽകാനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. 164 ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്ന് കാണിച്ച് യു.ഡി.എഫ് അന്നു തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി അയച്ചിരുന്നു.

പോളിങ് നടക്കുമ്പോൾ തന്നെ 32 ഓൺ ലൈൻ പരാതികളും അയച്ചതായി യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നു. പ്രവാസികളുടെ പേരിൽ കള്ളവോട്ട് ചെയ്തതായി തെളിവ് ലഭിച്ചതിനെ തുടർന്നാണ് കോടതി നിർദ്ദേശം അനുസരിച്ച് പോളിങ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. ഏരുവേശി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോസഫ് കൊട്ടുകാപള്ളിയുടെ പരാതിയിലാണ് കള്ളവോട്ടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കെണിയിലായത്. ഇവർക്കെതിരെ വകുപ്പുതല നടപടി വേറേയും ഉണ്ടാകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ആസന്നമായതോടെ കള്ളവോട്ട് വിവാദം യു.ഡി.എഫ് ഉയർത്തിക്കാട്ടുകയാണ്. നാട്ടിലില്ലാത്തവരുടെ 59 വോട്ടുകൾ എൽ.ഡി. എഫ്. പ്രവർത്തകർ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഉദ്യോഗസ്ഥരെ തെളിവുകളോടെ പിടികൂടുന്നത് ഇത് ആദ്യമായാണ്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ 12,000 ത്തിലധികം കള്ളവോട്ടുകൾ സിപിഐ.(എം). പ്രവർത്തകർ ചെയ്തതായി ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 6500 വോട്ടിനാണ് പി.കെ.ശ്രീമതി ജയിച്ചത്. ശ്രീമതിയുടെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളം വരും കള്ളവോട്ടുകൾ. അതിനാൽ ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ എംപി. സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയാൻ അവർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെടുന്നു.

കള്ളവോട്ട് ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരിക്കയാണ്. ഇവരെ സർക്കാർ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറിയോടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടിരിക്കാണ് യു.ഡി.എഫ്. ബി.എൽ.ഒ. മാർ നൽകുന്ന സ്ലിപ്പ് ഉപയോഗിച്ചാണ് കള്ളവോട്ട് ചെയ്യുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എൽ.ഒ മാർ നൽകുന്ന സ്ലിപ്പ് ഉപയോഗിക്കാൻ അനുവദിക്കരുത്. തെരഞ്ഞെടുപ്പ് ഐ.ഡി. കാർഡും ആധാർ കാർഡും മാത്രം ഉപയോഗിക്കാൻ നിർദ്ദേശം ഉണ്ടാകണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ യു.ഡി.എഫ്് കണ്ണൂരിലെ കള്ളവോട്ട് വിഷയം ഉയർത്തിക്കാട്ടി പ്രചാരണം കൊഴുപ്പിക്കയാണ്്്. യു.ഡി.എഫ് മന്ത്രിമാർ അഴിമതിക്കാർ എന്ന് ഇടതുപക്ഷം തുറന്നുകാട്ടുമ്പോൾ കള്ളവോട്ട് വിവാദം കൊണ്ട് തുടർന്നുള്ള ദിവസങ്ങളിൽ എൽ.ഡി.എഫിനെ തടയിടാമെന്ന ആശ്വാസവും യു.ഡി.എഫിനുണ്ട്.