തിരുവനന്തപുരം: ചാനൽ സർവേകളെല്ലാം എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുമ്പോൾ യുഡിഎഫിന് ആശ്വാസം പകർന്ന് ഒരു പ്രീപോൾ സർവേഫലം. യുഡിഎഫ് അധികാരം നിലനിർത്തുമെന്ന സർവേ ഫലം പുറത്തുവിട്ടത് യുഡിഎഫിന്റെ പ്രചാരണ മേൽനോട്ടം വഹിക്കുന്ന പുഷ് ഏജൻസിയാണ്. ഏജൻസിക്ക് വേണ്ടി 'മാർസ്' ആണ് സർവേ നടത്തിയത്. നേരിയ ഭൂരിപക്ഷത്തിൽ തന്നെ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്.

യുഡിഎഫ് 69 മുതൽ 73 സീറ്റ് വരെ നേടും. എൽഡിഎഫിന് 65 മുതൽ 69 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവേ റിപ്പോർട്ട്. വോട്ട് ശതമാനം യുഡിഎഫ് 45%, എൽഡിഎഫ് 43%, മറ്റുള്ളവർ 12%. 90 ശതമാനം പേരും മദ്യ നിരോധനത്തെ അനുകൂലിച്ചു. സോളർ വിവാദം യുഡിഎഫിനെ ബാധിക്കുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതേസമയം, പ്രകടന മികവിൽ മുന്നിൽ എൽഡിഎഫ് എംഎൽഎമാരെന്നും സർവേയിൽ പറയുന്നു.

മദ്യനിരോധനത്തെ തൊണ്ണൂറ് ശതമാനം പേരും അനുകൂലിച്ചപ്പോൾ സോളാർ വിഷയം യു.ഡി.എഫിന് തിരിച്ചടി ആവുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഏഴായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. അതേസമയം കാശു കൊടുത്ത് പ്രചരണത്തിന് വേണ്ടി യുഡിഎഫ് നിയമിച്ച പ്രചരണ ഏജൻസിയും ദുർബലമായ ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. വരാനിരിക്കുന്ന എൽഡിഎഫ് തരംഗത്തിന്റെ തെളിവാണിതെന്ന് ഇടതു കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ അടക്കം പറയുന്നുണ്ട്.

യുഡിഎഫിന്റെ പ്രചരണ ഏജൻസിയായ പുഷ് ആണ്. തുടരണമീ ഭരണം.. എന്ന വിധത്തിൽ പരസ്യവാചകം അടക്കം നൽകി പ്രചരണം കൊഴുപ്പിക്കിന്നകത്. ഇതിനിടെയാണ് സ്വന്തം ഏജൻസി നടത്തിയ സർവേയിലും വൻ ഭൂരിപക്ഷം പ്രവചിക്കാത്തത്. സർവ്വെ പ്രവചനം മനോരമയാണ് ആദ്യം പുറത്തുവിട്ടത്. എന്നാൽ, യുഡിഎഫ് അനുഭാവം പുലർത്തുന്ന മനോരമയും ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സർവേ ഫലം ആഘോഷിക്കാൻ തയ്യാറായില്ല.

സർവ്വെ നടത്തിയ ഏജൻസിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും സർവെയുടെ മാനദണ്ഡങ്ങളന്തായിരുന്നു, എത്ര പേരിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്, ഏതൊക്കെ ചോദ്യാവലികളുണ്ടായിരുന്നു, ഏത് ദിവസമാണ് സർവ്വെ നടത്തിയത് എന്നിങ്ങനെ ഏത് പ്രവചനത്തിനും സ്വീകരിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കാതെയാണ് 'പുഷ്' ഏജൻസിയുടെ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചത്.

തെരഞ്ഞെടുപ്പ് പ്രാചരണം തുടങ്ങിയ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി സീ ഫോർ രണ്ട് അഭിപ്രായ സർവെകൾ നടത്തിയിരുന്നു. എൽഡിഎഫിന് ഭൂരിപക്ഷം പ്രവചിച്ചതായിരുന്നു സീ വോട്ടർ സർവെ. പിന്നാലെ മറുനാടൻ മലയാളി നടത്തിയ യങ് മീഡിയ കോഴിക്കോടുമായി സഹകരിച്ച് നടത്തിയ സർവേയിലും എൽഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. 79 സീറ്റുകളാണ് മറുനാടൻ സർവേ എൽഡിഎഫിനായി പ്രവചിച്ചത്.