തിരുവനന്തപുരം: അന്തരിച്ച സ്പീക്കർ ജി കാർത്തികേയന്റെ മണ്ഡലമായ അരുവിക്കരയിലേക്ക് ജൂലൈയിൽ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ എത്രയും വേഗം വോട്ടെടുപ്പ് വരട്ടേ എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും യുഡിഎഫും. ഇന്ത്യയിൽ എവിടെയെങ്കിലും ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തീയതി നിശ്ചയിച്ചിട്ടില്ല. അതിനാൽ അരുവിക്കര തെരഞ്ഞെടുപ്പിന് പ്രത്യേക തീയതി തീരുമാനിക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ കമ്മീഷനോട് സംസ്ഥാന സർക്കാർ വിശദീകരിക്കും.

ജൂണിൽതന്നെ തെരഞ്ഞെടുപ്പ് നടത്താമെന്നു സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് ഇന്നലത്തെ യുഡിഎഫ് യോഗത്തിൽ നിർദ്ദേശമുയർന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ അവസാനതീരുമാനം കൈക്കൊണ്ടശേഷം ഇക്കാര്യം അറിയിച്ചാൽ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കാർത്തികേയന്റെ ഭാര്യയായ സുലേഖയെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിലെ പ്രമുഖർക്ക് താൽപ്പര്യം. വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ സഹതാപതരംഗം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് പ്രചരണത്തിനു രാഹുൽഗാന്ധിയെ കൊണ്ടുവരരുതെന്നും എ.കെ ആന്റണിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യമുയർന്നതായും സൂചനയുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ രാഹുൽ പ്രസംഗിച്ച സ്ഥലങ്ങളിലെല്ലാം പാർട്ടിക്ക് ക്ഷീണമായിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ചില മുതിർന്ന നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയമായി പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിസഭയ്ക്കു പുറത്തു നിന്നൊരാളെ തെരഞ്ഞെടുപ്പുചുമതല ഏൽപ്പിക്കണമെന്നാണ് പ്രധാനമായും ഉയർന്ന ആവശ്യം. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും സഹതാപതരംഗത്തിൽ വിജയിക്കുമെന്ന് ഉറപ്പിക്കാനാകില്ലെന്നും രണ്ടുതവണ കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനായത് കാർത്തികേയനായതുകൊണ്ടു മാത്രമാണെന്നും അഭിപ്രായമുയർന്നു. സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന എ.കെ. ആന്റണിയുടെ സാന്നിധ്യം ഗുണംചെയ്യുമെന്നാണ് കൂടുതൽപേരും പറഞ്ഞത്.

കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ആന്റണി അതിഥിയായിരുന്നു. അതിലെല്ലാം യു ഡി എഫിനു ഗുണവുമുണ്ടായി. ഇത്തവണ അതുപോരാ, ചുക്കാൻ പൂർണമായും അദ്ദേഹത്തെ ഏൽപ്പിക്കണമെന്ന പൊതുവികാരമാണ് ഉണ്ടായത്. എന്നാൽ ഇതിനോട് യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാതെ അതിനെക്കുറിച്ച് അടുത്ത യോഗത്തിൽ ചർച്ചചെയ്യാമെന്നു പറഞ്ഞ് ശക്തന്റെ സ്പീക്കർസ്ഥാനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ചയ്ക്ക് വയ്ക്കുകയായിരുന്നു.