തിരുവനന്തപുരം: കലാകാരന്മാരെ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങൾക്കായി ശുപാർശ ചെയ്യുന്നതിൽ സർക്കാരിന് രാഷ്ട്രീയ പരിഗണനകളുമുണ്ടോ. ഉണ്ടെന്നു തന്നെവേണം ഇത്തവണത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തവരുടെ പട്ടിക കാണുമ്പോൾ കരുതേണ്ടത്.

മലയാള ചലച്ചിത്രലോകത്തെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കാര്യത്തിൽ യുഡിഎഫ് സർക്കാർ രാഷ്ട്രീയം കളിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൈരളി ചാനലിന്റെ ചെയർമാനാണ് മമ്മൂട്ടി. എന്നാൽ, പട്ടിക കേന്ദ്രത്തിന്റെ അംഗീകാരത്തിന് അംഗീകരിക്കുന്ന സമയം മോഹൻലാലിന് പ്രകടമായ ഒരു രാഷ്ട്രീയ ചായ്‌വില്ലാത്തതാണ് അനുകൂലമായതെന്നാണ് സൂചന. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉയർന്ന പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞത്.

രണ്ടു സൂപ്പർ താരങ്ങളിൽ ആദ്യം പത്മശ്രീ ലഭിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടിക്കാണ്. 1998ലാണ് മമ്മൂട്ടിക്ക് പത്മശ്രീ ലഭിച്ചത്. മൂന്നുവർഷം കഴിഞ്ഞ് 2001ലാണ് മോഹൻലാലിന് പത്മശ്രീ ലഭിക്കുന്നത്. പക്ഷേ, പത്മഭൂഷന്റെ കാര്യത്തിൽ മമ്മൂട്ടിക്ക് ഈ മുൻതൂക്കം ലഭിക്കാത്തത് ഇടതുപക്ഷ ചായ്‌വിനാലാണെന്നാണ് സൂചന.

സിപിഎമ്മിന്റെ ആളാണ് മമ്മൂട്ടി എന്നു ബ്രാൻഡ് ചെയ്യപ്പെട്ടതിനാലാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ നിർദേശിക്കാത്തത്. ഈ നീക്കത്തിലൂടെ മോഹൻലാലിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാമെന്ന മോഹവും അവർക്കുണ്ടെന്നാണ് സൂചന. നേരത്തെ യുപിഎ സർക്കാർ ഭരിക്കുമ്പോൾ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകിയതും സൂപ്പർ താരത്തെ തങ്ങളുടെ ആളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

എന്നാൽ, കോൺഗ്രസ് പാളയത്തിലേക്കു പോകാതെ ലാലിനെ സ്വന്തമാക്കാനുള്ള അവസരം ബിജെപിക്കു കൈവന്നിരിക്കുന്നതായാണ് സിനിമാവൃത്തങ്ങൾ നൽകുന്ന സൂചനകൾ. മോഹൻലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ പുതുതായി ആരംഭിക്കുന്ന ജനം ടിവിയുടെ പ്രധാന സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാകും ജനം ടിവി പ്രവർത്തിക്കുക. പ്രിയദർശന്റെ സഹായത്തോടെ സൂപ്പർ താരത്തെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപിയും കരുക്കൾ നീക്കുന്നത് കോൺഗ്രസിനു തിരിച്ചടിയാകും. ഇന്നത്തെ കാലത്ത് എല്ലാം 'ഗിവ് ആൻഡ് ടേക്ക്' നയമാണെന്നും ലാലിന് പുരസ്‌കാരം നൽകുന്നതിലൂടെ ചാനലിന്റെ പ്രചാരണത്തിനു താരത്തിന്റെ സഹായം ലഭിക്കുമെന്ന വിശ്വാസം ബിജെപി-ആർഎസ്എസ് കേന്ദ്രങ്ങൾക്കുണ്ടെന്നും സിനിമാവൃത്തങ്ങളിൽ സംസാരമുണ്ട്.

നേരത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവായി അറിയപ്പെടാത്ത മറ്റൊരു സൂപ്പർ താരം സുരേഷ് ഗോപി അടുത്തിടെ താൻ നരേന്ദ്ര മോദിയുടെ ആരാധകനാണെന്നു പരസ്യമായി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിൽ ചേരാൻ ക്ഷണം ലഭിച്ചാൽ സ്വീകരിക്കുമെന്നും ഇക്കാര്യം മോദി തന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.