തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. കഴിഞ്ഞ തവണ കിട്ടിയ സീറ്റ് മാത്രം മതിയെന്ന മുസ്ലിം ലീഗിന്റെ നിലപാടിൽ കോൺഗ്രസ് ആദ്യം സന്തോഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ഇപ്പോൾ അങ്ങനെയല്ല. വച്ചു മാറൽ എന്ന പേരിൽ ജയസാധ്യതയുള്ള സീറ്റുകൾ കോൺഗ്രസിൽ നിന്ന് തട്ടിയെടുക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. കേരളാ കോൺഗ്രസ് മാണിയിൽ നിന്ന് സീറ്റ് പിടിച്ചുവാങ്ങാനുള്ള നീക്കവും നടന്നില്ല. അതിനിടെ ഘടകകക്ഷികൾ ശക്തമായ എതിർപ്പ് ഉയർത്തുമ്പോഴും നിലപാട് കടുപ്പിച്ച് യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

മുന്നണിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷികളായ മുസ്ലിംലീഗും കേരള കോൺഗ്രസ് എമ്മും വഴങ്ങില്ലെന്ന സൂചനയാണുള്ളത്. ജെ.ഡി.യു, കേരള കോൺഗ്രസ് ജേക്കബ് എന്നീ പാർട്ടികളും കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, ലീഗ് ഒഴികെ മറ്റൊരു പാർട്ടിയുമായും വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറായേക്കില്ല. ആർ.എസ്‌പിയുമായി ഇന്നലെ ഏകദേശ ധാരണയായി. ഒരു സീറ്റെങ്കിലും അധികം കിട്ടാതെ അംഗീകരിക്കില്ലെന്ന് കേരള കോൺഗ്രസ് എം അറിയിച്ചെങ്കിലും അധിക സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് തറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ മത്സരിച്ച സീറ്റുകളെല്ലാം മാണിക്ക് നൽകേണ്ടി വരും. ചെറു കക്ഷികളും സംതൃപ്തരല്ല. എന്നാൽ കോൺഗ്രസ് നൽകുന്നത് അവരെ കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീക്കം.

ആർ.എസ്‌പിക്ക് നൽകിയ ഇരവിപുരത്തിന് പകരം കോൺഗ്രസ് നിർദ്ദേശിച്ച ചടയമംഗലം വേണ്ടെന്ന് ഇന്നലെയും മുസ്ലിംലീഗ് ആവർത്തിച്ചു. കരുനാഗപ്പള്ളി പറ്റില്ലെന്നും കൊല്ലം ജില്ലയിൽ ചടയമംഗലമല്ലാതെ മറ്റൊരു മണ്ഡലം നൽകാനാവില്ലെന്നും കോൺഗ്രസ് അറിയിച്ചു. എങ്കിൽ, ആലപ്പുഴ ജില്ലയിലെ കായംകുളം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ഇരവിപുരത്തിന് പകരം മലബാറിൽ സീറ്റ് നൽകാമെന്ന നിർദ്ദേശം കോൺഗ്രസ് വീണ്ടും വച്ചെങ്കിലും ലീഗ് അംഗീകരിച്ചിട്ടില്ല. ഇത് യുഡിഎഫിലെ സീറ്റ് ചർച്ച പൂർത്തിയാക്കുന്നതിൽ വലിയ പ്രശ്‌നമായി മാറുകയാണ്.

അങ്കമാലി കിട്ടില്ലെന്ന് വ്യക്തമായതോടെ കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ മുന്നണി മാറ്റ സൂചന നൽകിയെങ്കിലും പാർട്ടി യോഗത്തിന് ശേഷം നിലപാട് മയപ്പെടുത്തി. ജോണി നെല്ലൂർ കോതമംഗലത്ത് ഇടത് സ്വതന്ത്രനാകുമെന്ന് സൂചനയുണ്ട്. മൂന്ന് സിറ്റിങ് സീറ്റുകളായ ഇരവിപുരം, ചവറ, കുന്നത്തൂർ എന്നിവയ്ക്ക് പുറമേ ആറ്റിങ്ങലും അരൂരും നൽകാമെന്ന കോൺഗ്രസ് നിർദ്ദേശം ആർ.എസ്‌പി നേതൃത്വം ഇന്നലെ അംഗീകരിച്ചു. ചർച്ചയുടെ തുടക്കത്തിൽ തന്നെ സി.എംപിക്ക് കുന്ദംകുളം നൽകാൻ ധാരണയായിരുന്നു.

കുട്ടനാടും പൂഞ്ഞാറും വച്ചു മാറണമെന്ന് കേരള കോൺഗ്രസ് എമ്മിനോട് നേരത്തേ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടനാട് മണ്ഡലത്തിലെ അവകാശവാദം കോൺഗ്രസ് ഉപേക്ഷിച്ചു. പകരം പുനലൂർ നൽകാമെന്നായിരുന്നു വാഗ്ദാനം. മാണി ഗ്രൂപ്പിന് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും ലഭിക്കുമെന്നാണ് സൂചന. അതിനിടെ പുനലൂർ നൽകാമെന്ന നിർദ്ദേശം ജെ.ഡി.യു തള്ളി. നേരത്തേ ആവശ്യപ്പെട്ട കായംകുളത്തിന് പകരം അമ്പലപ്പുഴ നൽകാൻ ആലോചിച്ചെങ്കിലും പറ്റില്ലെന്ന് കോൺഗ്രസ് അറിയിച്ചു. കോവളം ലഭിക്കാതെ നേമം വിട്ടു നൽകാനാവില്ലെന്ന് ജെ.ഡി.യു അറിയിച്ചു.

കോൺഗ്രസിലെ സീറ്റ് ചർച്ചകൾക്ക് അന്തിമ രൂപം ഉണ്ടായതിനാൽ ഘടകക്ഷികളുമായുള്ള ചർച്ചയ്ക്ക് കോൺഗ്രസ് കൂടുതൽ സമയം നീക്കി വയ്ക്കും. ഇന്ന് തന്നെ എല്ലാം പരിഹരിക്കാനാണ് ശ്രമം.