കോട്ടയം: രണ്ടില ചിഹ്നം കേരളാ കോൺഗ്രസിലെ ജോസ് വിഭാഗത്തിന് അനുവദിച്ചതോടെ യുഡിഎഫലും മനം മാറ്റം. ജോസ് വിഭാഗം കൂടുതൽ കരുത്തലായി എന്നു മുനസ്സിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് നിലപാട് മാറ്റം അറിയിച്ചത്. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതോടെ ജോസ് വിഭാഗത്തെ തള്ളാനുള്ള നടപടി കൈക്കൊള്ളാൻ വേണ്ടി നാളെ ചേരാനിരുന്ന യുഡിഎഫ് യോഗവും മാറ്റിവെച്ചു. ഇത് ജോസഫിനെ തള്ളി ജോസ് കെ മാണിയെ ഒപ്പം നിർത്താനുള്ള യുഡിഎഫിന്റെ നീക്കങ്ങളുടെ ഭാഗമായും വിലയിരുത്തപ്പെടുന്നു.

അതേസമയം അവിശ്വാസ പ്രമേയത്തെ പിന്തുണക്കാതിരുന്ന ജോസ് വിഭാഗം എംഎൽഎമാർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് പി ജെ ജോസഫും വ്യക്തമാക്കി. എന്നാൽ, ജോസഫിന്റെ അഭിപ്രായത്തെ ജോസ് വിഭാഗം തള്ളിപ്പറഞ്ഞു. യഥാർഥ കേരളാ കോൺഗ്രസ് ഏതാണെന്ന് തെളിഞ്ഞെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു. കേരളാ കോൺഗ്രസ് പ്രവർത്തകർക്കുള്ള ഓണ സമ്മാനമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു. തങ്ങളെ പുറത്താക്കിയെന്ന് പറഞ്ഞത് യുഡിഎഫാണെന്നും റോഷി വ്യക്തമാക്കി.

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം വന്നതോടെ പുതിയ നീക്കവുമായി നീങ്ങുകയാണ് ജോസ് കെ മാണിയും പി.ജെ ജോസഫും. രാജ്യസഭ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കറെ കണ്ടേക്കുമെന്നാണ് പുറത്തുവവിവരം. അതേസമയം കമ്മിഷൻ തീരുമാനത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ജോസഫ് വിഭാഗം ഒരുങ്ങുന്നത്.പി.ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുകൂലമായി തീരുമാനമെടുത്തത്.

രണ്ട് എംഎ‍ൽഎമാർക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായത് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. പാർട്ടിയും ചിഹ്നവും സ്വന്തമായതോടെയാണ് നിയമസഭ വിപ്പ് തർക്കത്തിൽ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗം നിയമ നടപടിക്ക് ഒരുങ്ങുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി വന്നതോടെ യു.ഡി.എഫിലെ ഒരു വിഭാഗത്തിന് മനം മാറ്റമുണ്ടായതായാണ് വിവരം. ജോസിനെ പൂർണമായും മാറ്റി നിർത്തേണ്ട എന്നാണ് ലീഗ് അടക്കമുള്ള കക്ഷികളുടെ അഭിപ്രായം.

നിയമസഭ തിരഞ്ഞെടുപ്പിൽ എത്ര സീറ്റ് നൽകും എന്നീ ചർച്ചകൾ അടക്കം നടത്തി ജോസ് വിഭാഗത്തെ തിരികെ കൊണ്ടുവരണമെന്നാണ് ഇവർ വാദിക്കുന്നത്. എന്നാൽ വിപ്പ് ലംഘനം നടത്തുകയും കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ പാലിക്കാതെയും ഇരിക്കുന്ന ജോസ് വിഭാഗത്തെ ഒരു കാരണവശാലും മുന്നണിയിലേക്ക് അടുപ്പിക്കരുത് എന്നാണ് മറുവിഭാഗം ഉന്നയിക്കുന്ന വാദം. എന്നാൽ ജോസ് കെ മാണി വിഭാഗത്തെ തള്ളിപ്പറയുന്നത് ഗുണകരമാകില്ലെന്നാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ തീരുമാനം.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തിൽ ജോസ് കെ മാണി വിഭാഗം ഉടൻ തീരുമാനം കൈക്കൊള്ളും. ജോസഫ് പക്ഷത്തെ എം.എൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായി. ഇത്തരത്തിലൊരു കത്ത് കിട്ടിയാൽ ജോസ് കെ മാണിക്ക് അനുകൂലമായ തീരുമാനമേ സ്പീക്കറുടെ പക്ഷത്തു നിന്നുണ്ടാകൂവെന്നാണ് വിലയിരുത്തൽ. അതിൽ തെറ്റു പറയാനും കഴിയില്ല. പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്കാണ്. അതുകൊണ്ട് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാൻ ജോസ് കെ മാണിക്ക് കഴിയുകയും ചെയ്യും. അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രസ് ചിഹ്നത്തിൽ ജയിച്ച് എംഎൽഎമാരായത്. ഇതിൽ റോഷി അഗസ്റ്റിനും ജയരാജും ജോസ് കെ മാണിക്കൊപ്പം. ജോസഫും മോൻസും മറുഭാഗത്തും. സി എഫ് തോമസും ജോസഫിനൊപ്പമാണ്. എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ് സിഎഫ് തോമസ്.

അതുകൊണ്ട് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിഎഫ് തോമസ് വോട്ട് ചെയ്തില്ല. ഫലത്തിൽ ജോസ് കെ മാണി പക്ഷത്തെ വിപ്പ് സി എഫ് തോമസ് ലംഘിച്ചുമില്ല. ജോസഫും മോൻസുമാണ് വിപ്പിനെ മുഖവിലയ്ക്കെടുക്കാത്തത്. പകരം മോൻസും യുഡിഎഫിന് അനുകൂലമായി വിപ്പ് നൽകുകയും ചെയ്തു. ഈ വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് പരസ്യമായി അറിയിക്കുകയും ചെയ്തു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എത്തിയത്. ഇതോടെ ജോസ് കെ മാണിയായി ഔദ്യോഗിക പാർട്ടി. കൂറുമാറ്റത്തിന്റെ പരിധിയിൽ ജോസഫിനേയും മോൻസിനേയും കൊണ്ടു വരാൻ ജോസ് കെ മാണിക്ക് കഴിയുകയും ചെയ്യും. ഇത് ഇരുവർക്കും മത്സര വിലക്കിന്റെ സാഹചര്യവുമുണ്ടാക്കും. അതിനിടെ പാർട്ടി പിളർന്നുവെന്നും അതിനാൽ വിപ്പ് പോയെന്നും ജോസഫും വാദവുമായെത്തുന്നു.

ഇതെല്ലാം വെട്ടിലാക്കുന്നത് യുഡിഎഫിനെയാണ്. യഥാർത്ഥ കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് അകന്നു. പിജെയെ പിന്തുണച്ചതാണ് ഇതിന് കാരണം. പിജെയും മോൻസും മാണിയുടെ കേരളാ കോൺഗ്രസിന്റെ ഭാഗമല്ലെന്ന വിധി കോൺഗ്രസിനേയും അലട്ടും. ഇനി ഇക്കാര്യത്തിൽ ന്യായമൊന്നും പറയാൻ കോൺഗ്രസിന് കഴിയില്ല. ചിഹ്നവും പാർട്ടിയും കിട്ടിയതോടെ ജോസ്പക്ഷം കൂടുതൽ കരുത്തരായി. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർട്ടി വിപ് ലംഘിച്ചതിന്റെ പേരിൽ പി.ജെ ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കാൻ ജോസ് പക്ഷം സ്പീക്കറോട് ആവശ്യപ്പെടുമോയെന്നതാണ് ആദ്യചോദ്യം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഇപ്പോഴത്തെ വികാരം.

യഥാർഥ കേരള കോൺഗ്രസ് എം ആരെന്ന കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി വന്നതോടെ ഇക്കാര്യത്തിൽ സ്പീക്കർക്കും തീരുമാനമെടുക്കേണ്ടിവരും. എന്നാൽ ഈ വിധി ഉപയോഗിച്ച് എം.എൽഎമാരെ അയോഗ്യരാക്കാൻ ആകില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ വിശദീകരണം. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തെ മുന്നണിയിൽ പുറത്താക്കാൻ വ്യാഴാഴ്ച യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ജോസ് പക്ഷത്തോടുള്ള സമീപനം മുന്നണി പുനഃപരിശോധിക്കുമോ. തെറ്റുതിരുത്താൻ ഒരു അവസരം കൂടി കൊടുക്കണമെന്ന ആവശ്യം ഉയരും. ഉടൻ പുറത്താക്കാനുള്ള തീരുമാനം ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

അതേസമയം ജോസ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള നീക്കം ഇടതുമുന്നണിയും ശക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയായിരിക്കും ജോസ്പക്ഷത്തിന്റെ നീക്കം. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ജോസഫിന്റെ തീരുമാനം. ഇത് എത്രകണ്ട് ഫലം കാണുമെന്നതാണ് ഉയരുന്ന പ്രശ്നം. വിപ്പിന്റെ പേരിൽ നടപടി വന്നാലും ജോസഫും മോൻസും കോടതിയിലേക്ക് പോകും. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരളാ കോൺഗ്രസിന് ഒപ്പമാകും താനെന്ന് സി എഫ് തോമസ് വിശദീകരിച്ചിരുന്നു. അസുഖ കിടക്കയിൽ ആയതിനാൽ സി എഫ് തോമസ് തൽകാലും ഈ രാഷ്ട്രീയ നീക്കങ്ങളുടെ സജീവ ഭാഗമാകില്ല. ഇതും ജോസഫിനും മോൻസിനും പ്രതിസന്ധിയാകും.

പി ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎൽഎമാക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായത് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. പാർട്ടിയും ചിഹ്നവും സ്വന്തമായതോടെ നിയമസഭ വിപ്പ് തർക്കത്തിൽ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗത്തിന് മേൽകോയ്മ കിട്ടുകയും ചെയ്തു.

കമ്മീഷനിൽ പരാതി പരിഗണിച്ച മൂന്നംഗ സമിതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, സുശീൽ ചന്ദ്ര എന്നിവർ രണ്ടില ജോസ് കെ മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു. എന്നാൽ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേർക്കും ചിഹ്നം നൽകാൻ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നും ന്യൂനവിധിയിൽ അശോക് ലവാസ ചൂണ്ടിക്കാട്ടി. കെഎം മാണിയെ ഹൈജാക്ക് ചെയ്തവർക്കുള്ള മറുപടിയാണ് വിധിയെന്ന് ജോസ് കെ മാണി പറഞ്ഞു.