തിരുവനന്തപുരം: പിജെ ജോസഫിന് കോവിഡാണ്. ക്വാറന്റീനിലും. ഇത് മുതലാക്കി യുഡിഎഫിലെ സീറ്റ് ചർച്ചകൾ അവസാനിപ്പിക്കാനുള്ള കോൺഗ്രസ് മോഹം നടക്കുന്നില്ല. യുഡിഎഫിൽ കേരള കോൺഗ്രസുമായുള്ള (ജോസഫ്) സീറ്റ് വിഭജന ചർച്ചയിൽ ധാരണയാകാത്തത് വിട്ടു വീഴ്ചയ്ക്ക് ജോസഫ് തയ്യറാകാത്തതു കൊണ്ടാണ്. 12 സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ഉറച്ചു നിൽക്കുന്നു. പത്തിൽ താഴെ എന്നു കോൺഗ്രസും. ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് അനുകൂലിച്ചിട്ടില്ല. അങ്ങനെ കേരളാ കോൺഗ്രസിന് മുന്നിൽ ദുർബലരാകുകയാണ് കേരളത്തിലെ കോൺഗ്രസ്.

ജോസഫിനെ പിണക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ജോസ് കെ മാണിയെ പിണക്കിയ സാഹചര്യത്തിലാണ് ഇത്. ഇത് പരമാവധി മുതലെടുക്കുകയാണ് ജോസഫും.കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും വിട്ടു കൊടുക്കില്ല. ഇനി ഏതെങ്കിലും സീറ്റ് വിട്ടു നൽകേണ്ടി വന്നാൽ കോൺഗ്രസ് മത്സരിക്കുന്ന മൂവാറ്റുപുഴ കിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ ഒരുമിച്ചുനിന്ന സമയത്തു നൽകിയ 15 സീറ്റുകൾ ഇപ്പോൾ ആവശ്യപ്പെടുന്നതിനോടു യോജിപ്പില്ലെന്നു കോൺഗ്രസ് വ്യക്തമാക്കി.

അതുകൊണ്ടാണ് 3 സീറ്റ് വിട്ടുതന്നതെന്നാണ് കേരള കോൺഗ്രസിന്റെ മറുപടി. ഇടുക്കി, തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, തിരുവല്ല, ഇരിങ്ങാലക്കുട, കുട്ടനാട്, കാഞ്ഞിരപ്പള്ളി അല്ലെങ്കിൽ പൂഞ്ഞാർ എന്നീ 8 സീറ്റുകൾ കേരള കോൺഗ്രസിനു നൽകാൻ ഏകദേശ ധാരണയായി. മലബാറിൽ ഒരു സീറ്റു കൂടി നൽകിയേക്കും. അങ്ങനെ ഒൻപത്. ഈ സീറ്റുകളിൽ എല്ലാം മത്സരിക്കാൻ മോഹിച്ച കോൺഗ്രസുകാരുണ്ട്. ജോസ് കെ മാണിയെ പുറത്താക്കിയത് പോലും തൊടുപുഴയിലും കോതമംഗലത്തും കടുത്തുരുത്തിയിലുമായി ജോസഫിനെ ഒതുക്കാനാണ്. എന്നാൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയമായി. ഇതോടെ ചർച്ചകളിൽ ജോസഫിന് മേൽകൈ കിട്ടി. മുസ്ലിം ലീഗും വിഷയത്തിൽ ഇടപെട്ടില്ല.

കോൺഗ്രസിനും മുസ്?ലിം ലീഗിനും സീറ്റ് കൂടുതൽ ലഭിക്കുമ്പോൾ കേരള കോൺഗ്രസിനു കുറയ്ക്കരുതെന്നാണ് ജോസഫിന്റെ വാദം .2 റൗണ്ട് ചർച്ചകളാണ് ഇന്നലെ നടന്നത്. ചികിത്സയിൽ കഴിയുന്ന പി.ജെ.ജോസഫിനെ ഇതിനിടെ വിവരങ്ങൾ ധരിപ്പിച്ചു. ഇന്നു ചർച്ച തുടരും. ഫ്രാൻസിസ് ജോർജിനു വേണ്ടിയാണ് മൂവാറ്റുപുഴ കേരള കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ, ജോസഫ് വാഴയ്ക്കനേയോ മാത്യു കുഴൽനാടനേയോ അവിടെ മത്സരിപ്പിക്കാനാണു കോൺഗ്രസ് ഒരുങ്ങുന്നത്.

ചങ്ങനാശേരി കിട്ടിയാൽ കോൺഗ്രസ് കെ.സി. ജോസഫിനെ മത്സരിപ്പിക്കുമെന്നും അതല്ല വാഴയ്ക്കൻ മൂവാറ്റുപുഴ വിട്ട് ചങ്ങനാശേരി തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. എന്നാൽ, മൂവാറ്റുപുഴ കൂടി വിട്ടുകൊടുത്താൽ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി ബെൽറ്റിൽ കോൺഗ്രസ് അപ്രത്യക്ഷമാകും. ഇതെല്ലാം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്. പക്ഷേ സംസ്ഥാന നേതാക്കൾക്ക് ജോസഫിനെ തള്ളാൻ പറ്റാത്ത അവസ്ഥയും.

യുഡിഎഫിൽ മുസ്‌ലിം ലീഗുമായുള്ള അന്തിമ സീറ്റ് ധാരണ നാളെ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞതവണ 24 സീറ്റിൽ മത്സരിച്ച ലീഗ് അധികമായി 3 സീറ്റ് കിട്ടിയേ തീരൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു നൽകാമെന്നാണ് കോൺഗ്രസിന്റെ സമീപനം. കൂത്തുപറമ്പ്, ബേപ്പൂർ, ചേലക്കര എന്നിവയാണു ലീഗിനു നൽകാൻ സാധ്യതയുള്ളത്. എന്നാൽ ചേലക്കരയോട് അവർക്കു താൽപര്യമില്ലെന്ന സൂചനയുണ്ട്.

സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനു വേണ്ടി മുസ്‌ലിം ലീഗിന്റെ അക്കൗണ്ടിൽ പെടുത്തി തിരുവമ്പാടി സീറ്റ് നൽകണമെന്ന നിർദേശത്തിന്റെ സാധ്യത കോൺഗ്രസും ലീഗും വീണ്ടും പരിശോധിക്കും.