- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതൃയോഗങ്ങൾ ഇന്ന് ഇവിടെ ചേരും.കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള 27ലെ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് എൽഡിഎഫ് ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിശദമായി പരിശോധിക്കാനാണു യുഡിഎഫ് യോഗം.
ബന്ദ് ദിനത്തിൽ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താലിനെ പിന്തുണയ്ക്കാനുള്ള എൽഡിഎഫ് തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. ഐഎൻടിയുസി ഈ സമര സമിതിയിൽ ഉള്ളതിനാൽ ഹർത്താലിനെ യുഡിഎഫും പിന്തുണച്ചേക്കും. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നൽകും.വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.
ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദി നായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് ബന്ദ്.
അതേസമയം പാലാ ബിഷപ്പിന്റെ പരാമർശത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞെങ്കിലും കേരള കോൺഗ്രസിന്(എം) വ്യത്യസ്ത അഭിപ്രായമുണ്ട്. മുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്താൽ അവരുടെ നിലപാട് ഉറ്റുനോക്കപ്പെടും. സർക്കാരിന്റെ കെറെയിൽ പദ്ധതി സംബന്ധിച്ച നിലപാടും ഇന്നത്തെ യുഡിഎഫ് യോഗം തീരുമാനിച്ചേക്കും. ഇതു സംബന്ധിച്ച യുഡിഎഫ് ഉപസമിതി റിപ്പോർട്ട് കഴിഞ്ഞ മുന്നണി യോഗം പരിഗണിച്ചിരുന്നു. കെറെയിലിനെ കണ്ണടച്ച് എതിർക്കാനില്ല, അതേസമയം ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളോടു യോജിക്കാനാവില്ലെന്ന സമീപനമാണ് ഉപസമിതി റിപ്പോർട്ടിൽ ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ