തിരുവനന്തപുരം: മദ്യനയത്തിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി. മദ്യനയത്തിൽ ഊന്നിയുള്ള പ്രകടന പത്രികയാണ് യുഡിഎഫ് പുറത്തിറക്കിയത്. കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ അനുവദിക്കില്ലെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അഞ്ച് പഞ്ചനക്ഷത്ര ബാറുകൾക്ക് അനുമതി നൽകി കൊണ്ടുള്ള നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കേന്ദ്രം ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ നൽകിയാലും പുതിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ അനുവദിക്കുന്നതിന് സംസ്ഥാനം കർശന വ്യവസ്ഥകൾ മുന്നോട്ട് വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അടുത്ത പത്തു വർഷം കൊണ്ട് കേരളത്തെ മദ്യത്തിൽ നിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ത്രീ സ്റ്റാർ ഹോട്ടലുകൾ ഫൈവ് സ്റ്റാർ ആക്കിയാലും ബാർ ലൈസൻസ് നൽകില്ല. മദ്യരഹിത കേരളത്തിലേക്കുള്ള യാത്രയിലാണ് സംസ്ഥാനമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, ആരോഗ്യം എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. മദ്യനിരോധനമാണ് നയമെങ്കിലും മദ്യം ഉൾപ്പടെ ലഹരിവസ്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണത്തിനും പ്രകടനപത്രിക പ്രാമുഖ്യം നൽകുന്നു. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിക്കും. നിശ്ചിത വരുമാനത്തിൽ താഴെയുള്ളവർക്ക് കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ, അഞ്ചുവർന്മഷം കൊണ്ട് ഭക്ഷ്യസ്വയം പര്യാപ്ത, തമിഴ്‌നാട്ടിലെ അമ്മ മീൽസിന്റ ചുവടുപിടിച്ച് പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം, എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്, വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തൽ. ഇങ്ങനെ പോകുന്നു മറ്റ് വാഗ്ദാനങ്ങൾ.

എട്ടാം ക്‌ളാസിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബി.പി.എൽ കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി 'ഭാഗ്യലക്ഷ്മി' പദ്ധതിയുമുണ്ട്. പെൺകുട്ടി ജനിച്ചു കഴിഞ്ഞാലുടൻ കുട്ടിയുടെ പേരിൽ നിശ്ചിത തുക സർക്കാർ നിക്ഷേപിക്കും. വീട്ടുകാർക്കും ഇതിൽ തുക നിക്ഷേപിക്കാം. 18 വയസ് പൂർത്തിയാകുമ്പോൾ ഈ തുക പലിശയടക്കം നൽകുന്നതാണ് 'ഭാഗ്യലക്ഷ്മി' പദ്ധതി.

കൃഷിനാശം സംഭവിക്കുന്ന ദരിദ്ര കർഷകർക്ക് സാമ്പത്തിക സഹായം നൽകാൻ 'കൃഷി നിധി' രൂപീകരിക്കും. ഇതിനായി കൃഷി ബമ്പർ ലോട്ടറി നടത്തും. മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കാൻ മിശ്ര വിവാഹിതർക്ക് കാൽ ലക്ഷം രൂപ നൽകും. നിർദ്ധന വിധവകളുടെ പുനർവിവാഹത്തിനും .വിധവകളുടെ പെൺമക്കളുടെയും അനാഥ പെൺകുട്ടികളുടെ വിവാഹത്തിനും കാൽ ലക്ഷം രൂപ നൽകും. വൃക്ക രോഗികൾക്ക് ഡയാലിസിസ് പൂർണമായും സൗജന്യമാക്കും. കാൻസർ രോഗികൾക്ക് മരുന്നും സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.