തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സീറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ കലഹങ്ങളിൽ കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിൽ പൊട്ടിത്തെറി. പാർട്ടിയുടെ വർക്കിങ് ചെയർമാൻ സ്ഥാനം രാജിവെക്കുകയാണെന്നും മത്സരരംഗത്തുണ്ടാകുമെന്നും വി.സുരേന്ദ്രൻ പിള്ള മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്നാണ് സൂചന. ഇതിനായി സുരേന്ദ്രൻ പിള്ള ജെഡിയുവിന്റെ ഭാഗമാകും.

ആറു ജില്ലാ പ്രസിഡന്റുമാർ, നാലു ജനറൽ സെക്രട്ടറിമാർ എന്നിവർ തനിക്കൊപ്പം രാജിവച്ചെന്നും, മറ്റ് പോഷകസംഘടനകളും, വിവിധ തലങ്ങളിലെ ഭാരവാഹികളും തനിക്കൊപ്പം ഉണ്ടെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. ഇന്നു ചേർന്ന കേരള കോൺഗ്രസ് പോഷക സംഘടനകളുടെ യോഗത്തിനു ശേഷമാണ് വി.സുരേന്ദ്രൻപിള്ള ഇക്കാര്യം അറിയിച്ചത്. ഭാവി രാഷ്ട്രീയം അഞ്ചാം തീയതി തീരുമാനിക്കുമെന്നും അറിയിച്ചു. നിലവിൽ യുഡിഎഫിൽ നേമം സീറ്റ് ജെഡിയുവിന് അർഹതപ്പെട്ടതാണ്. നേമത്ത് ജെഡിയുവിന് സ്ഥാനാർത്ഥിയും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് നേമത്ത് ജെഡിയു സ്ഥാനാർത്ഥിയാകാനുള്ള നീക്കം.

നേരത്തെ എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ഒരു സീറ്റ് മാത്രമാണ് നൽകിയിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന മറ്റ് മൂന്നു സീറ്റുകൾ പിടിച്ചെടുക്കുകയും, താരതമ്യേന വിജയസാധ്യത കുറഞ്ഞ കടത്തുരുത്തിയാണ് പകരം നൽകുകയും ചെയ്തത്. എൽഡിഎഫിന്റെ ഈ നടപടിയിൽ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നെന്നും, തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നതാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു. എന്നിട്ടും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ മുന്നണി വിടുന്നത്.

വിജയസാധ്യത കുറഞ്ഞ സീറ്റ് ഏറ്റെടുത്ത പാർട്ടി ചെയർമാന്റെ നടപടിയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ പറഞ്ഞിരുന്നെന്നും പക്ഷേ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മാത്രമാകും അദ്ദേഹം ഇക്കാര്യം മനസിലാക്കുന്നതെന്നും സുരേന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു. ഇടതുപക്ഷ മുന്നണിക്കായി ഇത്രനാളും പ്രവർത്തിച്ച തന്നെ ഒഴിവാക്കി തിരുവനന്തപുരം ഇന്നലെ രൂപീകരിച്ച ജനാധിപത്യ കേരള കോൺഗ്രസിന് കൊടുത്തതിൽ ശക്തമായ അമർഷമുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഞങ്ങളുടെ പാർട്ടി കാണില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് പാർട്ടി വിടുന്നതെന്നും അറിയിച്ചു.

വൈകാതെ വിപുലമായ തരത്തിൽ സംസ്ഥാന തല കൺവെൻഷൻ ഉണ്ടാകുമെന്നും അടുത്ത നടപടിയെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ ദേശീയ പ്രസ്ഥാനങ്ങൾ മുന്നിലുണ്ടെന്നും അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ തെറ്റുകളില്ലെന്നും സുരേന്ദ്രൻ പിള്ള വിശദമാക്കി.