തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പന്ത്രണ്ടും എൽഡിഎഫ് എട്ടും സീറ്റുകൾ നേടുമെന്നാണ് തന്റെ ഊഹമെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി ബാബുപോൾ. രാജഗോപാലിനെ പോലുള്ള നല്ലനേതാക്കൾ ജയിക്കാത്തതിന് കാരണം കേരളത്തിൽ മുന്നണിസംവിധാനം വഴി രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടതാണെന്നും ഡൽഹിയിൽ നിന്ന് ഇറക്കുമതിചെയ്ത ചൂലുകൊണ്ട് കേരളം അടിച്ചുവൃത്തിയാക്കാമെന്ന് ആംആദ്മിക്ക് പ്രതീക്ഷവേണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം കേരളത്തിലെ ഈ രാഷ്ട്രീയ ധ്രുവീകരണം ദേശീയതലത്തിൽ 15 വർഷമായിട്ടും ഉണ്ടായിട്ടില്ലെന്നും എന്നാൽ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ ചിത്രം തെളിയുമെന്നും ബാബുപോൾ വിലയിരുത്തുന്നു.

ഡോ. ബാബുപോളുമായുളള സംഭാഷണത്തിൽ നിന്ന്:

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ജനാധിപത്യത്തിന്റെ സചേതന തെളിവാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ. 1951-52ലെ ആദ്യ തിരഞ്ഞെടുപ്പുമുതൽ, അടിയന്തരാവസ്ഥ എന്ന അബദ്ധം ഒഴിവാക്കിയാൽ അഞ്ചുവർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കാത്ത സന്ദർഭം ഉണ്ടായിട്ടില്ല. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണത്.

ആദ്യ തിരഞ്ഞെടുപ്പിന്റെ കാലംമുതൽ സാക്ഷരതയും മറ്റും കൂടാൻ തുടങ്ങിയെങ്കിലും ഇന്നും നമ്മുടെ രാജ്യം, പ്രത്യേകിച്ചും വിന്ധ്യനപ്പുറത്തെ ഭൂമി വിദ്യാഭ്യാസത്തിൽ പിറകിലാണ്. എന്നാൽ ഈശ്വരൻ കനിഞ്ഞുനൽകുന്നതുപോലുള്ള വിവേകം ഈ നാട്ടിലെ നിരക്ഷരരും അർദ്ധ സാക്ഷരരും ഉൾപ്പെടെയുള്ള സമ്മതിദായകർ പ്രദർശിപ്പിക്കുന്നു.

1977, 1980 തിരഞ്ഞെടുപ്പുകൾ മാത്രം ശ്രദ്ധിച്ചാൽ ഭാരതത്തിന്റെ സമൂഹ മനസ്സാക്ഷി നമ്മുടെ ജനാധിപത്യത്തെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് മനസ്സിലാക്കാം. നമ്മുടെ ജനാധിപത്യത്തിന് സുരക്ഷാ കവചമായി അതിനെ കാണാം. 77ൽ ഇന്ദിരാഗാന്ധിയെ പാഠംപഠിപ്പിച്ചവർ 80ൽ അവരെ തിരിച്ചുവിളിച്ച് അധികാരമേൽപിച്ചു. 84ൽ രാജീവിലേക്ക് അധികാരം പകർന്നവർ 89ൽ മറ്റൊരു തരത്തിൽ വിലയിരുത്തി. ഒരു ചടുലമായ ജനാധിപത്യം എന്ന് രാഷ്ട്രീയ മീമാംസകർ വിളിക്കുന്ന പ്രതിഭാസമാണ് ഇന്ത്യയിൽ എന്നർത്ഥം.

ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ 2014ലെ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം കൊടുക്കാനിടയില്ല എന്നാണ് നാം കരുതുന്നതെങ്കിൽ അതിനർത്ഥം നമ്മുടെ ജനങ്ങൾ എല്ലാ കക്ഷികളെക്കൊണ്ടും മടുത്തു എന്നതുതന്നെയാണ്. എങ്കിലും ജനാധിപത്യത്തിൽ കക്ഷികൾ കൂടാതെവയ്യ. അതുകൊണ്ട് കക്ഷികളല്ലെങ്കിൽ മുന്നണികൾ അധികാരത്തിൽ വരും. കേരളത്തിൽ ഇഎംഎസ് 1969 മുതൽ 82 വരെ പതിമ്മൂന്ന് വർഷംകൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഇന്ന് നാം കാണുന്ന രാഷ്ട്രീയ ധ്രുവീകരണം. ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ്സും യുഡിഎഫിൽ ആർഎസ്പിയും വരുന്നതുപോലുള്ള അപഭ്രംശങ്ങൾ ഇപ്പോഴും കാണുന്നുണ്ടെങ്കിലും പൊതുവേ ആ ധ്രുവീകരണം യാഥാർത്ഥ്യമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം. എന്നാൽ ദേശീയതലത്തിൽ 15 വർഷമായിട്ടും ആ ധ്രുവീകരണം വ്യക്തമായിട്ടില്ല. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ ധ്രുവീകരണം വ്യക്തമാകും എന്നാണ് എന്റെ പ്രതീക്ഷ.

ഇനി കേരളത്തിന്റെ കാര്യം. കേരളത്തിൽ പൊതുവേ പറഞ്ഞാൽ മുന്നണി സംവിധാനംവഴി രാഷ്ട്രീയം ഏതാണ്ട് പൂർണമായും ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിക്ക് ഇവിടെ ജയിക്കാനാവാത്തത്. എന്നതു മാത്രമല്ല, മുസ്‌ളീംലീഗിനും കേരളാകോൺഗ്രസ്സിനും സിപിഐക്കും ഇത്രയും സീറ്റുകൾ കിട്ടുന്നതും അവർ മുന്നണിയുടെ ഭാഗമായതുകൊണ്ടാണ്. രണ്ട് മുന്നണികൾ എന്ന അടിസ്ഥാന സങ്കൽപത്തിൽ നിന്നുകൊണ്ടാണ് ഞാൻ ചിന്തിക്കാൻ തുടങ്ങുന്നത്.

രണ്ടുമുന്നണികളുടെയും ബലാബലം കണക്കിലെടുത്താൽ പത്തു സീറ്റുകൾ വീതം കിട്ടുക എന്നതാണ് സത്യത്തിൽ പ്രതിഫലിക്കുന്നത് എന്ന് പറയേണ്ടിവരും. എന്നാൽ അങ്ങനെ സംഭവിക്കാറില്ല. ആ പത്ത് -പത്ത് എന്നുള്ളത് 12-8, 16-4 എന്നൊക്കെ മാറുന്നത് താൽക്കാലികമായ പ്രാദേശിക പ്രതിഭാസങ്ങളുടെ സ്വാധീനംകൊണ്ടാണ്. അങ്ങനെ മാറാത്ത ചില മണ്ഡലങ്ങളുടെ കാര്യമാണ് എല്ലാ തിരഞ്ഞെടുപ്പിലും ഉറപ്പിക്കാൻ കഴിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിന് ഉറപ്പിക്കാവുന്ന സീറ്റുകളായി പത്തനംതിട്ടയും ഇടുക്കിയും എറണാകുളവും ചാലക്കുടിയും എടുത്തുപറഞ്ഞാൽ അതിനർത്ഥം അവർക്ക് നാലുസീറ്റുകൾ മാത്രമേ കിട്ടൂ എന്നല്ല.

എന്റെ ഒരു ഊഹം യുഡിഎഫിന് 12 സീറ്റ്, എൽഡിഎഫിന് എട്ട് സീറ്റ് എന്നിങ്ങനെ വരാൻ സാധ്യതയുണ്ടെന്നാണ്. നേരെ തിരിച്ച് യുഡിഎഫിന് എട്ട്, എൽഡിഎഫിന് 12 എന്നൊക്കെയായി മാറിയാലും അത് ഈ തിരഞ്ഞെടുപ്പിനെ മാത്രം ബാധിക്കുന്ന കാര്യമായിരിക്കും. കേരളത്തിലെ 10-10 എന്ന എക്കാലത്തെയും പ്രതിഫലനത്തിന് മാറ്റമുണ്ടാവില്ല എന്നർത്ഥം.

ബിജെപിക്ക് 3-4 മണ്ഡലങ്ങളിൽ ഇവിടെ സ്വാധീനമുണ്ട്. പക്ഷേ, ഈ മുന്നണിസംസ്‌കാരം ഇവിടെ നിലനിൽക്കുന്നതിനാലാണ് അവർക്കിവിടെ സീറ്റ് ലഭിക്കാത്തത്. ഒ. രാജഗോപാലിനെപോലുള്ള നല്ല നേതാവുപോലും ജയിക്കാത്തത് കഷ്ടമാണ്. ഈ മുന്നണി സമ്പ്രദായമാണ് മുതിർന്ന, പരിചയസമ്പന്നനായ നേതാവിനുപോലും ഇവിടെ ജയിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നത്.

അതിനിടയിൽ ഡൽഹിയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ചൂലുകൊണ്ട് കേരളം അടിച്ചുവൃത്തിയാക്കാം എന്നത് വ്യാമോഹം മാത്രമാണ് എന്നുപറഞ്ഞാൽ അധിക്ഷേപമാവുമെങ്കിൽ സ്വപ്നം എന്ന് പറയാമെന്നു മാത്രം. ആംആദ്മി പാർട്ടി ഒരു രാഷ്ട്രീയ കക്ഷിയല്ല. ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന് കരുതാവുന്ന കുറേ ആളുകളുടെ സർക്കാരിതര സംഘടനാ അഥവാ എൻജിഒ മാത്രമാണ്. ആംആദ്മിക്കും ബിഎസ്പിക്കുമൊന്നും വലിയ നേട്ടമുണ്ടാകും എന്ന് കരുതുന്നില്ല - ഡോ. ബാബുപോൾ പറഞ്ഞുനിർത്തുന്നു.