തിരുവനന്തപുരം: കെ.ബാബുവിനെതിരായ വിജിലൻസ് അന്വേഷണത്തിൽ കോൺഗ്രസിനുള്ളിലുള്ള അഭിപ്രായഭിന്നത യുഡിഎഫ് യോഗത്തിലും പ്രകടമായി. ബാബുവിന്റെ വീട്ടിലും മകളുടെ ലോക്കറിൽ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തതോടെ ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഘടകകക്ഷികൾ യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു.

24ന് ചേരുന്ന രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്ത ശേഷം അഭിപ്രായംപറയാമെന്ന് സുധീരൻ മുന്നണി യോഗത്തിൽ പറഞ്ഞു. അതെസമയം ബാബുവിനെ സംരക്ഷിക്കണമെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പ് നേതാവായ ഹസനും രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയ പകപോക്കലിന് ഇടതുസർക്കാർ വിജലൻസിനെ ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ ആരോപിച്ചു. അതേസമയം, കെ.ബാബുവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയാതെ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ വീണ്ടും ഒഴിഞ്ഞുമാറി. ബാബുവിന്റെ കാര്യത്തിൽ പിന്നീട് അഭിപ്രായം പറയാമെന്നാണു സുധീരന്റെ നിലപാട്. ഇക്കാര്യത്തിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് ഘടകക്ഷികൾ യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു.

ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രതികാരമാണെന്നു മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. നേരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടികൾ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

അതിനിടെ, യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എംഎൽഎ വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായി. അഴിമതിക്കെതിരെ ജനവികാരം ശക്തമാണെന്ന് സതീശൻ പറഞ്ഞു. ബാബുവുമായി ബന്ധപ്പെട്ട വിഷയം ആദ്യം പാർട്ടി ചർച്ച ചെയ്യണം. പിന്നീട്, ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.