കണ്ണൂർ: കോൺഗ്രസ്് വിമതനായി മത്സരിച്ചു ജയിച്ച പി.കെ.രാഗേഷിനു മുന്നിൽ കെ.സുധാകരനും ഡി.സി.സി. നേതൃത്വവും മുട്ടുമടക്കുന്നു. രാഗേഷിനെ പാർട്ടിയോടൊപ്പം നിർത്തി കോർപ്പറേഷൻ ഭരണം പിടിക്കാൻ സീനിയർ നേതാവായ കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനെത്തന്നെ നിയോഗിക്കേണ്ടി വന്നതും കെ.സുധാകരൻ വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയായി. നിലവിലെ ഡി.സി.സി. നേതൃത്വം വന്നതു മുതൽ രാമകൃഷ്ണനെ പാടേ അവഗണിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. കെ.സുധാകരന്റെ നയങ്ങളോടുള്ള എതിർപ്പ് ഉന്നയിക്കുന്നതിൽ മുൻനിരക്കാരനായിരുന്നു രാമകൃഷ്ണൻ. അതേ രാമകൃഷ്ണനെ തന്നെ കോർപ്പറേഷൻ പ്രതിസന്ധി തീർക്കാനും രാഗേഷിനെ അനുനയിപ്പിക്കാനും സുധാകരനടക്കമുള്ളവർ തീരുമാനിച്ചത് രാഷ്ട്രീയവൃത്തങ്ങൾ ആശ്ചര്യത്തോടെയാണ് കാണുന്നത്.

പി.കെ.രാഗേഷുമായി പി.രാമകൃഷ്ണൻ ഔദ്യോഗികമായി ഇന്ന് ചർച്ച നടത്തും. രാഗേഷിന്റെ വീട്ടിലെത്തി ചർച്ച നടത്താനാണ് രാമകൃഷ്ണൻ തീരുമാനിച്ചിട്ടുള്ളത്. രാഗേഷിന്റെ പിതാവിന്റെ ചരമവാർഷികമാണിന്ന്. രാവിലെ 9.45 ന് ഇരുവരും പയ്യാമ്പലത്തുവച്ച് കണ്ടുമുട്ടിയെന്ന് പി.രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഉച്ച തിരിഞ്ഞായിരിക്കും ചർച്ച. പ്രാഥമിക ചർച്ചക്ക് ശേഷം രാഗേഷിന്റെ ഉപാധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം. ചർച്ചയുടെ റിപ്പോർട്ട് രാമകൃഷ്ണൻ തയ്യാറാക്കി ജില്ലാ നേതൃത്വത്തിന് നൽകും. പിന്നീട് ഇന്നു രാത്രിതന്നെ കെപിസിസി. യോഗത്തിനായി തിരുവനന്തപുരത്തേക്ക് തിരിക്കും. വിവരങ്ങൾ അനൗപചാരികമായി കെപിസിസി. പ്രസിഡണ്ടിനേയും അറിയിക്കും. ഏതെല്ലാം കാര്യങ്ങളിൽ രാഗേഷ് കടുംപിടിത്തം കാട്ടുമെന്ന കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല. ചില കാര്യങ്ങളിൽ അയവു വരുത്താൻ രാമകൃഷ്ണൻ ആവശ്യപ്പെടും.

കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ടിനുമെതിരെയുള്ള യുദ്ധത്തിലെ വിജയമാണ് രാഗേഷിന്റെ പ്രധാന ലക്ഷ്യം. പി.രാമകൃഷ്ണനെ രാഗേഷ് വിഷയത്തിൽ ഇടപെടുവിക്കേണ്ടി വന്നതു തന്നെ സുധാകര വിഭാഗത്തിന്റെ പരാജയസൂചനയാണ്. ഇതു രാഗേഷിന് അഭിമാനിക്കാവുന്നതുമാണ്. സുധാകരനും ഡി.സി.സി.യും ചേർന്ന് തന്നേയും ഒപ്പമുള്ളവരേയും വെട്ടിനിരത്തിയ നടപടി തിരുത്തണമെന്നാണ് രാഗേഷിന്റെ പ്രധാന ആവശ്യം. ഈ ആവശ്യത്തിനു മുമ്പിൽ ഒരു പരിധിവരെയെങ്കിലും ജില്ലാ നേതൃത്വം വഴങ്ങേണ്ടി വരും. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇതും ഒരു പരിധിവരെ സ്വീകരിക്കപ്പെട്ടേക്കാം. എന്നാൽ മേയർ പദവി താൻകൂടി അംഗീകരിക്കുന്ന വ്യക്തിക്ക് നൽകണമെന്നതാണ് രാഗേഷിന്റെ മറ്റൊരു ആവശ്യം. ഇത് അംഗീകരിക്കാൻ ഡി.സി.സി. നേതൃത്വത്തിനാവില്ല.

സുധാകരൻ ഗ്രൂപ്പിലെ പ്രമുഖ വനിതാ നേതാവും കെപിസിസി. ജനറൽ സെക്രട്ടറിയുമായിരുന്ന സുമാ ബാലകൃഷ്ണനെയാണ് നേതൃത്വം കണ്ടിട്ടുള്ളത്. അതിൽ നിന്നും പിറകോട്ട് പോയാൽ സുധാകരൻ ഗ്രൂപ്പിലും പാളയത്തിൽ പട രൂപം കൊള്ളും. രാഗേഷിന് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ള ഡപൃൂട്ടി മേയർ പദവി അദ്ദേഹം പരിഗണിക്കുന്നതേയില്ല.

അതേസമയം കണ്ണൂർ ജില്ലയിലുള്ള പ്രശ്‌നം അവിടെത്തന്നെ തീർക്കുക എന്ന സമീപനമാണ് കെപിസിസി. എടുത്തിട്ടുള്ളത്. അതിനാൽ പ്രശ്‌നം തീർക്കേണ്ട ബാധ്യതയിൽ നിന്ന് ഒഴിവാകാൻ കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ടിനുമാകില്ല. രാഗേഷ് പ്രശ്‌നം വഷളാക്കിയത് കെ.സുധാകരനും ഡി.സി.സി.യുമാണെന്ന തിരിച്ചറിവ് കെപിസിസി. പ്രസിഡണ്ടിനും ബോധ്യമായിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നം ജില്ലയിൽ തീർത്ത് തന്നെ സമീപിച്ചാൽ മതിയെന്ന നിലപാടിലാണ് വി എം. സുധീരൻ. അതാണ് പ്രശ്‌നം പരിഹരിക്കാൻ ഒടുവിൽ അവർ കണ്ട മാർഗ്ഗമായി പി.രാമകൃഷ്ണനെത്തേടിയെത്തിയത്.

തള്ളിപ്പറഞ്ഞ രാഗേഷിനെ അനുനയിപ്പിക്കാൻ അനുമതി നൽകിയതിലൂടെ സുധാകര വിഭാഗത്തിന്റെ അപ്രമാദിത്വം തകരുകയാണ്. മറ്റു വിമതരെപ്പോലെ പാർട്ടിയെ വെല്ലുവിളിച്ചല്ല രാഗേഷ് പഞ്ഞിക്കയിൽ മത്സരിച്ചത്. ഡി.സി.സി യുടെ ഗ്രൂപ്പുകളിയിലെ രക്തസാക്ഷി പരിവേഷമാണ് രാഗേഷിന്റെ വിജയത്തിനും കാരണമായത്. യു.ഡി.എഫിനും എൽ.ഡി.എഫിനും 27 വീതം സീറ്റ് ലഭിച്ച് തുല്യത പാലിച്ചതാണ് രാഗേഷിനെ കണ്ണൂരിൽ പ്രസക്തനാക്കിയത്.