കോട്ടയം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തട്ടകമാണ് കോട്ടയം. യുഡിഎഫിന്റെ ഉറച്ച കോട്ട. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മികച്ച സംഘടനാ സംവിധാനമുള്ള കോട്ടയത്ത് വിജയമുറപ്പിച്ചാണ് യുഡിഎഫ് മത്സരിക്കുക. എന്നാൽ പാളയത്തിലെ പടകാരണം കാര്യങ്ങൾ ഇത്തവണ പ്രതികൂലമാണ്. കോൺഗ്രസും കേരളാ കോൺഗ്രസ് മാണിയുമായുള്ള സൗഹൃദ മത്സരങ്ങൾ വ്യാപകമാകുമ്പോൾ ഇടത് പക്ഷത്തിന്റെ പ്രതചീക്ഷകളാണ് കൂടുന്നത്. മുസ്ലിം കേന്ദ്രങ്ങളിൽ മുസ്ലിം ലീഗും കോൺഗ്രസിന് വെല്ലുവിളിയാകുന്നു. വീരേന്ദ്രകുമാറിന്റെ ജനതാദള്ളും അതൃപ്തിയുമായി വിമത പരിവേഷം കെട്ടുന്നു. ഇതോടെ മത്സരം യുഡിഎഫുകാർ തമ്മിലായി. ഇതിനിടെയിൽ അനായാസ വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് സിപിഐ(എം) പ്രതീക്ഷിക്കുന്നത്.

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥി കെ.പി പോളിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സ് മത്സരിക്കുന്നു.അതിരമ്പുഴ പഞ്ചായത്തിൽ മൂന്നു വാർഡുകളിൽ കോൺഗ്രസ് മാണിഗ്രൂപ്പ് സ്ഥാനാർത്ഥികൾ പരസ്പരം പോരടിക്കുന്നു.മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ മരങ്ങാട്ടുപള്ളിയിൽ 14 വാർഡിൽ എട്ടിലും കോൺഗ്രസ് മാണിഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്നു.ഉഴവൂരിൽ 13ൽ പന്ത്രണ്ടിലും ഇതേ സ്ഥിതിയാണ്. രാമപുരം.മാഞ്ഞൂർ,കടുത്തുരുത്തി, എന്നിവിടങ്ങളിൽ കോൺഗ്രസ് മാണിഗ്രൂപ്പ് പോരാട്ടമാണെങ്കിൽ ചങ്ങനാശ്ശേരിയിലും വൈക്കത്തും കോൺഗ്രസ് ജനതാദൾ ഏറ്റുമുട്ടലാണ്. ചങ്ങനാശ്ശേരിയിലും, ഈരാറ്റുപേട്ടയിലും,ഏറ്റുമാനൂരിലും യു.ഡിഎഫ് വിരുദ്ധ പാളയത്തിലാണ് മുസ്ലിം ലീഗ്.

ആറ് നഗരസഭകളിലും കോൺഗ്രസും മാണിഗ്രൂപ്പും വിമതശല്യം നേരിടുന്നു.കോട്ടയം നഗരസഭാ ചെയർമാൻ കെ.ആർ.ജി വാര്യർ മത്സരിക്കുന്ന വാർഡിൽ കോൺഗ്രസ് വിമതനുണ്ട്.ചങ്ങനാശ്ശേരി നഗരസഭയിൽ മാണിഗ്രൂപ്പ് ഡെപ്യൂട്ടി ലീഡർ സി.എഫ്.തോമസിന്റെ സഹോദരൻ സാജൻഫ്രാൻസിസിനെതിരെ കോൺഗ്രസ് നേതാവാണ് മത്സരിക്കുന്നത്. ഇവിടെ എട്ടുവാർഡിൽ റിബൽ ശല്യമുണ്ട്. ജനതാദൾ യു നേതാവും കെ.എസ്.ആർ.ടി.സി ഡയറക്ടറുമായ സണ്ണിതോമസ് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നു.വൈക്കം നഗരസഭയിൽനാലിടത്താണ് റിബൽ ശല്യം.

പാലാ നഗരസഭയിൽ മാണിഗ്രൂപ്പ് സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷാജുതുരുത്തൻ വിമതനായി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമ്പോൾ തുരുത്തന്റെ ഭാര്യ ബെറ്റി മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയായി മറ്റൊരു വാർഡിൽ നിൽക്കുന്നു. കുറവിലങ്ങാട് യു.ഡി.എഫ് സീറ്റുലഭിക്കാത്ത എട്ടുപേർ ഇടതു സ്ഥാനാർത്ഥികളായി. ഇങ്ങനെ എല്ലായിത്തും വിമതർ. യു.ഡിഎഫിനൊപ്പമില്ലെങ്കിലും ഇടതുമുന്നണിയിലും റിബൽ ശല്യമുണ്ട്. സിപിഐ(എം),സിപിഐ കക്ഷികൾ പോരടിക്കുന്ന വാർഡുകളുമുണ്ട്. പക്ഷേ ഇതെല്ലാം ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്. വിമതന്മാരെ അനുകൂലമാക്കാൻ യു.ഡി.എഫിലെ പലരെയും ഇടതു സ്ഥാനാർത്ഥിയാക്കി. എന്നാൽ ഇടതുപക്ഷത്തുള്ളവരെ ബിജെപി സ്ഥാനാർത്ഥിയുമാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.