- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഴക്കടലിൽ പിണറായി സർക്കാറിനെ മുക്കാൻ യുഡിഎഫ് നീക്കം! ഇഎംസിസി കരാറിൽ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് തുറന്നുകാട്ടാൻ പ്രചരണ ജാഥകൾ; തീരമേഖല കേന്ദ്രീകരിച്ചുള്ള രണ്ടു പ്രചാരണ ജാഥകൾ നയിക്കുക ഷിബു ബേബി ജോണും ടി എൻ പ്രതാപനും; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലെ വജ്രായുധം യുഡിഎഫിന് ഐശ്വര്യമാകുമ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താൻ നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചു കരുതിവെച്ച വജ്രായുധമാണ് ഇഎംസിസിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയെ അനുവദിക്കുന്ന കരാറിലെ ഓരോ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടപ്പോൾ സർക്കാർ ശരിക്കും പ്രതിരോധത്തിലായി. യുഡിഎഫിന് പുത്തൻ ഊർജ്ജവും ചെന്നിത്തലയുടെ തന്ത്രപരമായി നീക്കത്തിലൂടെ ഉണ്ടായി. ഇതോടെ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാറിനെ മുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
മത്സ്യത്തൊഴിലാളി മേഖലയിൽ സർക്കാറിനെതിരെ ഉണ്ടായ വികാരം മുതലെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. ഇതിനായി ഇഎംസിസിയുമായി ഉണ്ടാക്കിയ കരാർ ചൂണ്ടിക്കാട്ടി വ്യാപക പ്രചരണം നടത്തും. ആഴക്കടൽ മത്സ്യബന്ധന കരാർ വഴി കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഇടതു സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് തീരമേഖല കേന്ദ്രീകരിച്ചു രണ്ടു പ്രചാരണ ജാഥകൾ നടത്താൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ടി.എൻ.പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ കാസർകോട്ടു നിന്നും ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്തു നിന്നും മാർച്ച് 1 നു ജാഥകൾ ആരംഭിക്കും.
യുഡിഎഫ് ഘടകകക്ഷികളിലെ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ ജാഥകളിൽ പങ്കെടുക്കും. കാസർകോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഴിഞ്ഞത്തു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും. രണ്ടു ജാഥകളും മാർച്ച് 5 നു കൊച്ചിയിൽ സമാപിക്കും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 27നു മത്സ്യത്തൊഴിലാളി സംഘടനകളും ബോട്ട് ഉടമ സംഘവും നടത്തുന്ന തീരദേശ ഹർത്താലിനെ പിന്തുണയ്ക്കാനും യുഡിഎഫ് തീരുമാനിച്ചു.
യുഡിഎഫ് പ്രകടന പത്രികയിലേക്കു ജനങ്ങളിൽനിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കാൻ 140 നിയോജക മണ്ഡലങ്ങളിലും ജനസദസ്സുകൾ സംഘടിപ്പിക്കാൻ യുഡിഎഫ് യോഗം തിരുമാനിച്ചു. പ്രകടന പത്രികയ്ക്കു വേണ്ടി ശശി തരൂർ എംപി 7 സ്ഥലങ്ങളിൽ നടത്തിയ സംവാദത്തിന്റെ തുടർച്ചയായിട്ടാണ് ഈ പരിപാടി.
ഇഎംസിസി വിവാദത്തിൽ സർക്കാറിനെ വെട്ടിലാക്കി കേന്ദ്രസർക്കാരും രംഗത്തുവന്നിരുന്നു. അമേരിക്കൻ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരൻ പറയുകയാണ്ടായ.ി
കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് 2019 ഒക്ടോബർ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽനിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.
ഈ വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്ട്രേഷൻ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്, മുരളീധരൻ പറഞ്ഞു. വിശ്വാസ്യതയുള്ള സ്ഥാപനമാണോ ഇഎംസിസി എന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുള്ളതെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.
കേന്ദ്രസർക്കാറും എതിർത്തിരുന്ന കമ്പനിയുമായാണ് സർക്കാർ കരാർ ഉണ്ടാക്കിയത് എന്നതിനാൽ വിഷയം കൂടുതൽ ഗൗരവമായി മാറുകയാണ്. സർക്കാരിന്റെ അനുമതിയോടെയാണ് അമേരിക്കൻ കുത്തകയായ ഇഎംസിസിയുമായി സർക്കാർ എംഒയു ഒപ്പിട്ടതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്ന വാദമാണ് ഇതോടെ സംശയ നിഴലിലാകുന്നത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നാടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. വിവാദമായപ്പോൾ ഇഎംസിസിയുമായുള്ള കരാർ സർക്കാർ റദ്ദാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ