തിരുവനന്തപുരം: 20 നിയമസഭാ മണ്ഡലങ്ങളിലേക്ക് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന് ശേഷവും യുഡിഎഫിൽ സീറ്റ് ചർച്ച തുടരുകയാണ്. ചർച്ച പൂർത്തിയായതിന് മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് തിരുവമ്പാടിയിൽ പ്രശ്‌നമുണ്ടാക്കാനാണെന്ന് കോൺഗ്രസ് കരുതുന്നു. ഈ വിഷയത്തിലെ ചർച്ചകൾ മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കുന്നു. കേരളാ കോൺഗ്രസ് മാണിയും സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. കേരളാ കോൺഗ്രസ് ജേക്കബിന്റെ ചെയർമാൻ ജോണി നെല്ലൂർ അങ്കമാലിയിൽ വിട്ടുവീഴ്ചയ്ക്കുമില്ല. യുഡിഎഫിൽ ആർഎസ്‌പിയും പ്രതിഷേധത്തിലാണ്. അങ്ങനെ സിപിഐ(എം) ഒഴിച്ച് ബാക്കിയെല്ലാവരും തമ്മിൽ പിണക്കത്തിലാണ്. തെരഞ്ഞെടുപ്പ് തീയതി നീണ്ടു കിട്ടിയതിൽ മാത്രമാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എല്ലാം ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് കോൺഗ്രസിന്റെ ശുഭ പ്രതീക്ഷ.

യുഡിഎഫ് സീറ്റു വിഭജനം 15നകം തീർക്കാൻ ധാരണയുണ്ടായിട്ടുണ്ട്. ഇന്നലെ നടന്ന രണ്ടാംവട്ട ചർച്ചയിൽ പ്രത്യേകിച്ച് ഒരു തീരുമാനമായില്ല. സിഎംപിക്കു കഴിഞ്ഞതവണ മൽസരിച്ച കുന്നംകുളം നൽകാമെന്നു കോൺഗ്രസ് വ്യക്തമാക്കി. കേരള കോൺഗ്രസ്(എം), ജനതാദൾ(യു), കേരള കോൺഗ്രസ്(ജേക്കബ്) എന്നീ വിഭാഗങ്ങളുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. കഴിഞ്ഞതവണ മൽസരിച്ച അങ്കമാലി സീറ്റ് ഇത്തവണ നൽകാനിടയില്ലെന്ന സൂചന കോൺഗ്രസ് നൽകിയതു ജേക്കബ് വിഭാഗത്തെ പ്രകോപിപ്പിച്ചു. ചർച്ചയിൽ തൃപ്തിയില്ലെന്നും നീതി കിട്ടില്ലെന്നാണു കരുതേണ്ടതെന്നും ചെയർമാൻ ജോണി നെല്ലൂർ പ്രതികരിച്ചു. അങ്കമാലി കിട്ടിയേ തീരൂവെന്നു മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 14നു വീണ്ടും ചർച്ച ചെയ്യാമെന്നു പറഞ്ഞാണു കോൺഗ്രസ് എല്ലാവരെയും മടക്കിയത്. ആർഎസ്‌പിയുമായി ഇന്നു ചർച്ച നടത്തും. ചുരുക്കി പറഞ്ഞാൽ സിഎംപി മാത്രമാണ് തൃപ്തരായിട്ടുള്ളത്.

സീറ്റ് വിഭജനത്തിലെ അതൃപ്തി തുറന്നു പറഞ്ഞ് ജോണി നെല്ലൂർ വാർത്താ സമ്മേളനവും നടത്തി. ഔഷധി ചെർമാൻ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇനി യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല. ഇന്നലത്തെ യോഗത്തിൽ തന്നേയും തന്റെ പാർട്ടിയേയും കോൺഗ്രസ് അപമാനിച്ചു. സിറ്റിങ് സീറ്റിൽ പോലും ഉറപ്പില്ല. ഉഭയകക്ഷി ചർച്ചയെന്നാൽ സ്വകാര്യ കാര്യങ്ങൾ പറയുകയല്ല. അങ്കമാലിയിൽ തനിക്ക് സീറ്റ് കിട്ടിയേ തീരൂവെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. കടുത്ത വിമർശനവുമായാണ് ജോണി നെല്ലൂർ യുഡിഎഫ് വിടാൻ ഒരുങ്ങുന്നത്.

സീറ്റ് വിഭജനത്തെ ചൊല്ലി മുസ്ലിംലീഗും കേരള കോൺഗ്രസ് എമ്മും കോൺഗ്രസുമായി ഇടയുകയാണ്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ ലീഗും കൂടുതൽ സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസ് എമ്മും ഇടഞ്ഞതോടെ സീറ്റ് വിഭജന ചർച്ച വഴിമുട്ടി. സഭയുമായുള്ള തർക്കത്തെത്തുടർന്ന് തിരുവമ്പാടി സീറ്റ് വിട്ടു നൽകാമെന്ന് വ്യക്തമാക്കി 2011 ൽ മുസ്ലിംലീഗ് നൽകിയ കത്ത് പുറത്തു വന്നതാണ് ലീഗിനെ ചൊടിപ്പിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞ തിരുവമ്പാടി ഇനി വിട്ടു നിൽകില്ലെന്നും ലീഗ് അറിയിച്ചു. എന്നാൽ കത്ത് പുറത്തു വന്നതിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് കത്ത് ചോർന്നതിൽ ലീഗ് നേതൃത്വത്തിൽ ചിലർക്ക് പങ്കുണ്ടെന്ന സംശയം തള്ളിക്കളഞ്ഞുമില്ല.

മാണി ഗ്രൂപ്പിന് നിലവിലെ 15 സീറ്റിനു പകരം 18 സീറ്റ് വേണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പി.സി. ജോർജിന് നൽകിയ പൂഞ്ഞാർ സീറ്റ് തിരിച്ചെടുക്കുമെന്നും കോൺഗ്രസ് നിലപാടെടുത്തു. ഇതോടെയാണ് മാണി ഗ്രൂപ്പ് ഇടഞ്ഞത്. ഫ്രാൻസിസ് ജോർജും കൂട്ടരും പാർട്ടി വിട്ടതിന്റെ പേരിൽ പാർട്ടിയുടെ ശക്തി കുറച്ചു കാട്ടാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി. കുട്ടനാടും പൂഞ്ഞാറും വിട്ടുനൽകില്ലെന്നും മാണി വ്യക്തമാക്കി. മുസ്ലിംലീഗുമായും ആർ.എസ്‌പിയുമായും ഇന്ന് ഉഭയകക്ഷി ചർച്ച നടക്കും. തിരുവമ്പാടി സീറ്റിനെ ചൊല്ലി തർക്കം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ തവണ ലീഗ് പരാജയപ്പെട്ട നാല് സീറ്റുകൾ വച്ചു മാറുന്ന വിഷയത്തിൽ ലീഗ് കടുംപിടിത്തത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

കഴിഞ്ഞ തവണ മത്സരിച്ച ഏഴിന് ഒപ്പം ഒരു സീറ്റും പരാജയപ്പെട്ട നാല് മണ്ഡലങ്ങൾക്ക് പകരം മണ്ഡലങ്ങളും ആവശ്യപ്പെട്ട ജെ.ഡി.യുവിനോട് അധിക സീറ്റ് നൽകാനാവില്ലെന്നും രണ്ട് സീറ്റിനപ്പുറം മാറ്റി നൽകാനാവില്ലെന്നും കോൺഗ്രസ് അറിയിച്ചു. ആർഎസ്‌പിയുമായി എങ്ങനെ ധാരണയുണ്ടാക്കണമെന്ന വ്യക്തമായ ചിത്രം കോൺഗ്രസിൽ ഇല്ല. ജേക്കബ് വിഭാഗത്തിന് ഒരു സീറ്റ് മാത്രം നൽകാനാണ് ആലോചന. ഇതെല്ലാം പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നു.