തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ സീറ്റുകളിൽ ഇനി ചർച്ചയില്ലെന്നു മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. വിവാദം നിലനിൽക്കുന്ന തിരുവമ്പാടി സീറ്റിലടക്കം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളിലും ഇനി ഒരു ചർച്ചയും ഉണ്ടാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിലും, താമരശേരി രൂപതയിലും തർക്കം നിലനിൽക്കെയാണ് നിലപാട് വ്യക്തമാക്കി ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ തിരുവമ്പാടി സീറ്റിൽ കേരള കാൺഗ്രസ് സ്ഥാനർത്ഥിയെ മത്സരിപ്പിക്കാനുള്ള യൂഡിഎഫ് നീക്കവും അവസാനിച്ചു.

തിരുവമ്പാടിയിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന രൂപതയുടെ അവശ്യം ശക്തമായതോടെയാണ് യുഡിഎഫിൽ സീറ്റ് തർക്കം തുടങ്ങിയിരുന്നത്. നേരത്തെ തിരുവമ്പാടി സീറ്റിൽ തങ്ങൾക്ക് കൂടി താത്പര്യമുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്നും, നിലവിൽ മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരിക്കുന്ന ഉമ്മറിനെ ഒഴിവാക്കണമെന്നും താമരശേരി രൂപത ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേരളാ കോൺഗ്രസ് തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാൻ സന്നദ്ധരാവുകയും ചെയ്തു. സിറ്റിങ് എംഎൽഎ ആയിരുന്ന സി.മോയിൻകുട്ടിയെ മാറ്റി വി എം ഉമ്മറിനെയാണ് മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി തിരുവമ്പാടി സീറ്റിലേക്ക് തെരഞ്ഞെടുത്തത്.

കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് ഉമ്മർ. അതെസമയം നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ കോൺഗ്രസിനെ അറിയിച്ചിരുന്നു. തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് താമരശേരി രൂപതയ്ക്ക് തർക്കമുള്ള സ്ഥിതിക്ക് ആ സീറ്റ് വിട്ടുതരികയോ, അല്ലെങ്കിൽ രൂപതയ്ക്ക് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ നിർത്തുകയോ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യവും നേരത്തെ മുസ്ലിം ലീഗ് നേതാക്കൾ നിരാകരിച്ചിരുന്നു. തുടർന്ന് നിരവധി ചർച്ചകൾ നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ കേരളാ കോൺഗ്രസുമായുള്ള യുഡിഎഫിന്റെ സീറ്റ് ചർച്ചയും മുന്നോട്ട് പോയിട്ടില്ല. ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കെ എം മാണി. കുട്ടനാട്ടും പൂഞ്ഞാറും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും നടക്കില്ല. തിരുവമ്പാടി മുസ്ലിം ലീഗ് കൊടുക്കില്ലെന്ന് പറഞ്ഞതോടെ ആ പ്രതീക്ഷയും പോയി. നിലവിലെ ഫോർമുലയിൽ തന്നെ കേരളാ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കാനും കഴിയാത്ത് സാഹചര്യവും ഉണ്ട്. പൂഞ്ഞാറും റാന്നിയും വച്ചു മാറാനുള്ള ഫോർമുല കോൺഗ്രസിന് അംഗീകരിക്കേണ്ടി വരുമെന്നും സൂചനയുണ്ട്. കേരളാ കോൺഗ്രസിന് തിരുവമ്പാടി നൽകുന്നതുമായി ബന്ധപ്പെട്ടാണ് മുസ്ലിം ലീഗുമായി കോൺഗ്രസ് രാവിലെ ചർച്ച നടത്തിയത്.

ജനതാദൾ യുവുമായുള്ള ചർച്ചകളും എങ്ങുമെത്തുന്നില്ല. ഏഴ് സീറ്റുകൾ ജെഡിയുവിന് നൽകും. എന്നാൽ നേമം ഉൾപ്പെടെയുള്ള സീറ്റുകൾ വച്ചു മാറുന്നതിൽ തർക്കം തുടരുകയാണ്. വിജയസാധ്യത തീരെയില്ലാത്ത മൂന്ന് സീറ്റുകൾ തങ്ങൾക്ക് വേണ്ടെന്നാണ് ജെഡിയുവിന്റെ പക്ഷം. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമായി ജെഡിഎസ് നേതാവ് വീരേന്ദ്രകുമാർ രാവിലെ ചർച്ച നടത്തിയിരുന്നു.