തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ പതിവു പോലെ കീറാമുട്ടിയായി തുടരുന്നു. അധിക സീറ്റു ചോദിക്കാതെ മാന്യമായ നിലരപാട് സ്വീകരിച്ച് മുസ്ലിംലീഗിന്റെ നിലപാട് കോൺഗ്രസിന് ആശ്വാസമായെങ്കിലും അധിക സീറ്റുകൾ ചോദിച്ചു രംഗത്തു വന്ന കേരളാ കോൺഗ്രസ് മാണി വിഭാഗമാണ് സീറ്റ് വിഭജന ചർച്ചകളെ തകിടം മറിക്കുന്നത്. പാർട്ടിയിൽ നിന്നും നേതാക്കൾ കൊഴിഞ്ഞു പോയെങ്കിലും കൂടുതലായി രണ്ട് സീറ്റ് വേണമെന്ന നിലപാടിലാണ് മാണി. എന്നാൽ, അധിക സീറ്റ് നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാക്കളും തുറന്നു പറഞ്ഞു. ഇതോടെ ചർച്ചകൾ മുന്നോട്ടു പോകണമെങ്കിൽ ആരെങ്കിലും വിട്ടുവീഴ്‌ച്ച ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കയാണ്.

മൂന്നു ജില്ലകളിൽ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. അധികം വരുന്ന സീറ്റുകളെല്ലാം തനിയെ എടുക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നാണ് മാണിയുടെ നിലപാട്. ഇതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലുമായി. അധികമായി മൂന്ന് സീറ്റ് വേണമെന്ന നിലപാടാണ് മാണി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ നിലപാട് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നാണ് കോൺഗ്രസ് കരുതിയിരുന്നത്. എന്നാൽ, നിലവിൽ മത്സരിക്കുന്ന പൂഞ്ഞാർ, കുട്ടനാട് സീറ്റുകൾ കൂടാതെയാണ് മാണി സീറ്റാവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 17 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ പി സി ജോർജ്ജ് പോയതോട് പൂഞ്ഞാർ ഒഴിഞ്ഞു. ഈ സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

പൂഞ്ഞാർ സീറ്റ് ടോമി കല്ലാനിക്ക് വേണ്ടി വിട്ടുതരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഈ ആവശ്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സുധീരന്റെ നിലപാട്. എന്നാൽ, രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ്. അടുത്തകാലത്ത് സുധീരനോടാണ് അടുപ്പം കൂടുതൽ എന്നതിൽ ഇവർക്ക് കല്ലാനിയോട് അത്രയ്ക്ക് പഥ്യമില്ല. ആന്റോ ആന്റണി എംപി അടക്കമുള്ളവർക്കും കല്ലാനി മത്സരിക്കുന്നതിനോട് താൽപ്പര്യമില്ല.

ഇതോടെ പൂഞ്ഞാറും റാന്നിയും വച്ചുമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. എന്നാൽ റാന്നിയിലെ കോൺഗ്രസുകാർ ഈ നീക്കത്തോട് യോജിക്കുന്നില്ല. ആ ശ്രമം നടക്കാതെ വന്നതോടെയാണ് പൂഞ്ഞാർ വിട്ടുകൊടുക്കണമെങ്കിൽ പകരം രണ്ട് സീറ്റ് വേണമെന്ന് മാണി ആവശ്യപ്പെട്ടത്. കോൺഗ്രസ് പതിവായി മത്സരിച്ചു തോൽക്കുന്ന സീറ്റുകൾ നൽകിയാൽ മതിയെന്നാണ് നിലപാട്. റാന്നി, പുനലൂർ, ഇരിക്കൂർ, തിരുവമ്പാടി സീറ്റുകളിൽ ഏതെങ്കിലുമാണ് മാണി ചോദിക്കുന്നത്.

കഴിഞ്ഞ തവണ താൻ വിട്ടുവീഴ്‌ച്ച ചെയ്തുവെന്നാണ് മാണി പറയുന്നത്. എന്നാൽ, ഇത്തവണ വാശിയിലാണ് താനും. ബാർകേസുമായി ബന്ധപ്പെട്ട് തന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം മാണിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കുകയാണ് മാണി. അവസാന ഘട്ട സീറ്റു ചർച്ചകൾ ഇങ്ങനെയാണ് നടക്കുന്നത്. കുട്ടനാട് കോൺഗ്രസിന് വിട്ടുകൊടുത്ത് മത്സരിക്കുക എന്നതാണ് ഈ സവമായം. കുട്ടനാടിൽ കഴഞ്ഞ തവണ മത്സരിച്ചത് ജോസഫിന്റെ സ്ഥാനാർത്ഥിയാണ്. എന്നാൽ പകരം പൂഞ്ഞാറിൽ ജോസഫിന്റെ സ്ഥാനാർത്ഥിയെ പരിഗണിക്കാമെന്നാണ് മാണിയുടെ മനസിലിരുപ്പ്. ഇവിടെ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യനെയാണ് പരിഗണിക്കുന്നത്. എന്നാൽ, ഇത്തരം ചിന്തകളെല്ലാം തുടർ ചർച്ചകളെ ആശ്രയിച്ചിരിക്കും.

അതേസമയം, തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ ഇനി ചർച്ചയില്ലെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്. ജെഡിയുവുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പി കെ കുഞ്ഞാലിക്കുട്ടിയുമായിട്ടായിരുന്നു കോൺഗ്രസ് നേതാക്കൾ ആദ്യം ചർച്ച നടത്തിയത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ ഇനി ചർച്ചയില്ലെന്നും പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിയെയും ലീഗ് മാറ്റില്ലെന്നും ചർച്ചയ്ക്കുശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് സീറ്റുകളിലേക്കാണ് ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്.

അതേസമയം മുസ്ലിം ലീഗ് മത്സരിക്കുന്നതിനെതിരെ താമരശേരി രൂപതയുടെ ആശീർവാദത്തോടെ മലയോര വികസന സമിതി രംഗത്തെത്തിയതോടെയാണ് തിരുവമ്പാടി കുഴഞ്ഞു മറിഞ്ഞത്. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ക്രിസ്ത്യൻ വോട്ട് പെട്ടിയിലാക്കാൻ കളത്തിലിറങ്ങിയ ഇടതും ആകെ പെട്ട അവസ്ഥയിലാണ്. ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടി മലയോരത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് ചിത്രം സാമുദായിക ഫോർമുലകളിൽ കുരുങ്ങിക്കിടക്കുകയാണ്. നേരത്തേ തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രചാരണ രംഗത്ത് ഒന്നാമതെത്താം എന്ന് കരുതിയ ലീഗിനാണ് അദ്യത്തെ അടിയേറ്റത്. തിരുവമ്പാടിയിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വി എം ഉമ്മറിനെതിരെ രംഗത്തെത്തിയ താമരശേരി രൂപത പിന്നീട് ലീഗേ വേണ്ട എന്ന നിലപാടിലെത്തി. കസ്തൂരിരംഗൻ റിപ്പോർട്ടിനനുകൂലമായി ഉമ്മർ നിലകൊണ്ടെന്നായിരുന്നു തുടക്കത്തിൽ മലയോര വികസന സമിതി ഉന്നയിച്ച ആരോപണം. ഇതിനിടെ സീറ്റ് അടുത്ത തിരഞ്ഞെടുപ്പിന് കോൺഗ്രസിന് വിട്ടു കൊടുക്കാൻ സമ്മതിച്ച് കുഞ്ഞാലിക്കുട്ടി 2011ലെഴുതിയ കത്ത് പുറത്ത് വന്നു. രംഗം അതോടെ കലങ്ങി.

ഇതിനിടയിലാണ് മൂന്നിനൊന്നെന്ന കണക്കുമായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രംഗപ്രവേശം. തിരുവമ്പാടി നൽകിയാൽ പകരം മലബാറിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളും വിട്ടു നൽകാമെന്ന വാഗ്ദാനമാണ് കേരളാ കോൺഗ്രസിന്റെത്. ഇത് ചർച്ചചെയ്യാൻ കൊള്ളാവുന്ന നിർദ്ദേശമാണെങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പിന്മാറുന്നത് അഭിമാന പ്രശ്‌നമായി ലീഗു കാണുമ്പോൾ യു.ഡി.എഫ് എന്തു ചെയ്യും?

പ്രശ്‌നത്തിന് സാമുദായിക നിറം വന്ന സ്ഥിതിക്ക് ഇനി സീറ്റ് വിട്ട് കൊടുക്കേണ്ടെന്ന നിലപാടിലാണ് ലീഗ്. വോട്ടർമാരുടെ എണ്ണത്തിൽ മൂന്നാമതുള്ള ക്രിസ്ത്യൻ വിഭാഗത്തിനൊപ്പം സിപിഐ(എം) നിലയുറപ്പിച്ചാൽ രണ്ടാമതുള്ള മുസ്ലിം വോട്ടിന്റെ ഏകീകരണമുണ്ടാകുമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടൽ. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ കുറേയൊക്കെ എൻ.ഡി.എ പിടിച്ചാൽ ചെറിയ മാർജിനിലെങ്കിലും ജയിച്ച് കയറാമെന്ന് അവർ കരുതുന്നു.

സാഹചര്യങ്ങളെല്ലാം സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു സിപിഐ(എം). മലയോര വികസന സമിതിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സിപിഐ(എം) വ്യക്തമാക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ മലയോര ജനതയ്‌ക്കൊപ്പം നിന്നത് തങ്ങളാണെന്നുള്ള അവകാശവാദവും സിപിഐ(എം) ഉയർത്തുന്നു. പക്ഷേ മലയോര വികസന സമിതിയെ അത്രകണ്ട് വിശ്വസിക്കണ്ടെന്നാണ് തിരുവമ്പാടിയിലെ ഇടത് അണികളുടെ വികാരം.

അതിനിടെ ഇന്നലെ നടന്ന യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിലും ജെഡിയു നേമം, എലത്തൂർ, മട്ടന്നൂർ സീറ്റുകൾ മാറിവേണം എന്നാവശ്യപ്പെട്ടു. പകരമായി കായംകുളം സീറ്റ് നൽകാനാവില്ലായെന്ന് കോൺഗ്രസ് കടുത്ത നിലപാട് എടുത്തതോടെ കരുനാഗപ്പള്ളി വേണമെന്ന ആവശ്യം ജെഡിയു മുന്നോട്ടുവച്ചു. ജെഡിയു മാറി ചോദിച്ച സീറ്റുകളുടെ കാര്യത്തിൽ ബുധനാഴ്ച നിലപാട് അറിയിക്കാമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

നാലു ദിവസമായുള്ള മാരത്തൺ ചർച്ചകളിൽ സി.എംപിയുടെ കാര്യത്തിലല്ലാതെ മറ്റൊന്നിലും തീരുമാനമുണ്ടാക്കാനായിട്ടില്ല. അതിനിടെ, കോൺഗ്രസിനെ ഒന്നുകൂടി വെട്ടിലാക്കി തിരുവമ്പാടി സീറ്റിൽ പുനരാലോചനയില്ലെന്ന് ലീഗ് വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ രാവിലെതന്നെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ക്ലിഫ്ഹൗസിലെത്തി തിരുവമ്പാടിയുൾപ്പെടെ തങ്ങൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ച സീറ്റുകളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കി. ബാക്കി നാലു സീറ്റുകളിൽ മറ്റ് കക്ഷികളുടെ കാര്യത്തിൽ തീരുമാനമായശേഷം ചർച്ചയാകാമെന്നും അറിയിച്ചു. തിരുവമ്പാടി ഇനി എന്തിന്റെ പേരിൽ വച്ചുമാറിയാലും അത് വലിയ വർഗീയധ്രുവീകരണത്തിനു വഴിവയ്ക്കുമെന്ന വാദമാണ് ലീഗ് മുന്നോട്ടുവച്ചത്. ചർച്ചയ്ക്ക് മുമ്പായി ഉമ്മൻ ചാണ്ടി എ.കെ. ആന്റണിയെ വീട്ടിൽ സന്ദർശിക്കുകയും ചെയ്തു.

അങ്കമാലി സീറ്റിന് വേണ്ടി ജേക്കബ് ഗ്രൂപ്പ് പിടി മുറുക്കിയിട്ടുണ്ട്. എന്നാൽ ജോണി നെല്ലൂരിന് പകരംസീറ്റ് നൽകി സമവായം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതും. കേരള കോൺഗ്രസും (എം) ജെഡിയുവും ചില സീറ്റുകൾ മാറ്റി ചോദിക്കുന്ന സാഹചര്യത്തിൽ ഇതര ഘടക കക്ഷികളുമായുള്ള ചർച്ച പൂർത്തിയായശേഷം മാത്രമേ ഇനി ലീഗുമായി ചർച്ചയുണ്ടാകൂ. 21ന് കേരള കോൺഗ്രസ് എമ്മുമായുള്ള ചർച്ച തുടരും.