പമ്പ: നേതാക്കൾക്കും അണികൾക്കും ഒപ്പമെത്തി നിരോധനാജ്ഞ ലംഘിച്ചെങ്കിലും യുഡിഎഫ് സംഘ പമ്പവരെയെത്തിയ ശേഷം മടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിൽ എത്തിയ സംഘത്തിന് സന്നിധാനത്ത് പോകാൻ
പൊലീസ്  നേതാക്കൾ അനുമതി നൽകിയെങ്കിലും മല കയറിയില്ല. പമ്പയിൽ തീർത്ഥാടകർക്കുള്ള സൗകര്യം പരിശോധിച്ച സംഘം ഗവർണറെ കണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു.

സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാൽ ഭക്തർക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നേരത്തെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോൺഗ്രസ് നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. എംഎൽഎമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലിൽ കുത്തിയിരുന്ന് നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കുകയായിരുന്നു. സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

നിലയ്ക്കലിൽ എത്തിയ സംഘത്തെ എസ്‌പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ഇതോടെ ചെന്നിത്തലയും യതീഷ് ചന്ദ്രയുമായി വാക്കുതർക്കം ഉണ്ടായി. എംഎൽഎമാരെ മാത്രം കടത്തിവിടാമെന്നും അണികളെ കടത്തിവിടാൻ സാധിക്കില്ലെന്നുമായിരുന്നു യതീഷ് നേതാക്കളെ അറിയിച്ചത്. എന്നാൽ എല്ലാവരെയും കടത്തിവിടണമെന്ന് ചെന്നിത്തല ശാഠ്യം പിടിച്ചു. തുടർന്ന് നിരോധനാജ്ഞ ലംഘിച്ച തങ്ങളെ അറസ്റ്റു ചെയ്തോളൂ എന്നുമായി നേതാക്കളുടെ നിലപാട്. ഇതോടെ പൊലീസും ശരിക്കും കുഴഞ്ഞു. ഇതോടെ നിലയ്ക്കലിൽ കുത്തിരിയുന്ന നേതാക്കൾ ശരണം വിളികൾ തുടർന്നു. അണികൾ വിളിച്ചു നൽകിയ സ്വാമിയെ ശരണം അയ്യപ്പ മുദ്രാവാക്യങ്ങൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഏറ്റുവിളിച്ചു.

ആർഎസ്എസ് നേതാക്കളെ മാത്രമേ  നിങ്ങൾ അറസ്റ്റ് ചെയ്യൂവെന്നാണോ എന്ന് ചെന്നിത്തല ചോദിച്ചു. 144 പിൻവലിക്കാൻ ഡിജിപിയോട് പറയൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിൽ അനാവശ്യ നിയന്ത്രണങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിന്റെ നടപടികളോട് വ്യക്തമായ വിയോജിപ്പാണുള്ളത്. എംഎൽഎമാരെ മാത്രം കയറ്റിവിടാമെന്ന് പൊലീസ് നിലപാടിനോട് യോജിപ്പില്ല. നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുന്നവരെയല്ല സമാധാനപരമായി തീർത്ഥാടനത്തിനെത്തുന്നവരെയാണ് പൊലീസ് തടയുന്നത്.

പമ്പയിലും സന്നിധാനത്തും തീർത്ഥാടകർക്ക് പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് വിലയിരുത്തിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സർക്കാർ സൗകര്യങ്ങളൊരുക്കി കൊടുത്തിട്ടില്ല. അയ്യപ്പഭക്തരെ എന്തിനാണ് പൊലീസ് തടയുന്നത്. സർക്കാർ ഭക്തന്മാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തീർത്ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മൻ ചാണ്ടി പൊലീസിനോട് പറഞ്ഞു.

സർക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ഉമ്മൻ ചാണ്ടിയും കുറ്റപ്പെടുത്തി. ഭക്തർക്കുവേണ്ടി ഒന്നും സർക്കാർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം ഗുരുതരമാകുമെന്ന ഘട്ടം വന്നതോടെ യതീഷ് ചന്ദ്ര ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഇതോടെ നേതാക്കളെയും അണികളെയും കടത്തിവിടാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ എസി ലോഫ്ളോർ ബസിൽ നേതാക്കൾ പമ്പയിലേക്ക് യാത്രയായി. പമ്പയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംഘം മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ആരാധനാ സ്വാതന്ത്രങ്ങൾക്ക് വിലങ്ങിടുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമല യാത്ര സംഘടിപ്പിച്ചത്.
എം.കെ.മുനീറും എൻ.കെ.പ്രേമചന്ദ്രനും പിജെ ജോസഫും ജോണി നെല്ലൂരും അടക്കം യുഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും സംഘത്തിലുണ്ടായിരുന്നു.