- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീരീട വരൾച്ചയ്ക്ക് വിരാമമിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്; ആദ്യ മേജർ കിരീടം സ്വപ്നം കണ്ട് വിയ്യാറയൽ; യൂറോപ്പ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടം രാത്രി 12.30ന്
വാഴ്സോ: യൂറോപ്പിലെ രണ്ടാംനിര ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ലീഗ് ക്ലബ്ബായ വിയ്യാ റയലും ഏറ്റുമുട്ടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. സോണി ചാനലുകളിൽ ഫൈനൽ തൽസമയം കാണാം.
അഞ്ചു വർഷത്തെ കിരീടദാരിദ്ര്യത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടാണ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. ക്ലബ്ബിന്റെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ കിരീടം സ്വപ്നം കണ്ട് സ്പാനിഷ് ക്ലബ് വിയ്യാറയൽ.
യുണൈറ്റഡിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ കോച്ച് ഒലേ സോൾഷെയറിന് സീസണിലെ അവസാന അവസരമാണിത്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി, അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. സെമിയിൽ ഇരുപാദങ്ങളിലുമായി അഞ്ചിനെതിരെ എട്ട് ഗോളിന് റോമയെ തകർത്താണ് യുണൈറ്റഡ് കലാശപ്പോരിനിറങ്ങുന്നത്.
സെമിയിലെ ഗോൾവേട്ടയുടെ ആവേശത്തിലാകും ഒലെ ഗുണ്ണർ സോൾഷ്യറുടെ ശിഷ്യർ കളത്തിലിറങ്ങുക. പ്രിമിയർ ലീഗിലെ അവസാന മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം കൊടുത്ത് ഒന്നാംനിരയ്ക്കു വിശ്രമം അനുവദിച്ച സോൾഷ്യർക്ക്, ക്ലബ് ഉടമകൾക്കു മുന്നിൽ തല ഉയർത്തി നിൽക്കാൻ ഇവിടെ വിജയം അനിവാര്യം.
ആർസനലിൽനിന്നു ലാ ലിഗയിലേക്കു വിമാനം കയറിയ പരിശീലകൻ ഉനായ് എമെറി അതേ പീരങ്കിപ്പടയെ സെമിയിൽ മുട്ടികുത്തിച്ചാണു വിയ്യാറയലിനായി ഫൈനൽ ടിക്കറ്റെടുത്തത്. സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ റയൽ മഡ്രിഡിനോടു തോറ്റതു താരങ്ങളുടെ മനക്കരുത്ത് കുറയ്ക്കുമോയെന്ന് ഇന്നു കളത്തിലറിയാം. 2019ൽ ആർസനലിനൊപ്പം യൂറോപ്പ ഫൈനൽ തോറ്റ എമെറിക്ക് ഇന്നത്തെ ഫൈനൽ തിരിച്ചുവരവിനുള്ള അവസരം കൂടിയാണ്.
ക്യാപ്റ്റൻ ഹാരി മഗ്വയറിന്റെ പരുക്ക് യുണൈറ്റഡിനു വേദനയാണ്. ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫഡ് എന്നിവർക്കൊപ്പം പരിചയസമ്പന്നനായ എഡിൻസൻ കവാനിയും ചേരുമ്പോൾ യുണൈറ്റഡ് ആരാധകർ കിരീടം സ്വപ്നം കാണുന്നു. ഈ സീസൺ യൂറോപ്പയിൽ ഒരൊറ്റ മത്സരവും പോലും തോൽക്കാതെ ഫൈനലിലേക്കെത്തുന്ന വിയ്യാറയൽ പോരാട്ടവീര്യത്തിൽ ഒട്ടും പിന്നിലല്ല.
സ്പോർട്സ് ഡെസ്ക്