ന്യൂഡൽഹി: തദ്ദേശീയ പശുശാസ്ത്ര പരീക്ഷ ഈമാസം 25ന് നടത്തണമെന്ന് നടത്തണമെന്ന് വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ട് യു ജി സി. ഇതിനായുള്ള സ്റ്റഡി മെറ്റീരിയലും യു ജി സി പുറത്തുവിട്ടിട്ടുണ്ട്. രാഷ്ട്രീയ കാമധേനു ആയോഗിന്റെ മേൽനോട്ടത്തിലാണ് പരീക്ഷ. തദ്ദേശീയ പശു ഇനങ്ങളുടെ സാമ്പത്തിക, ശാസ്ത്രീയ, കാർഷിക, ആത്മീയ പ്രസക്തികൾ പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ചതാണ് രാഷ്ട്രീയ കാമധേനു ആയോഗ്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കൊപ്പം മറ്റ് പൗരന്മാർക്കും പരീക്ഷയിൽ പങ്കെടുക്കാം എന്നാണ് റിപ്പോർട്ട്. പരമാവധി വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പ്രേരിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. പശുശാസ്ത്ര പരീക്ഷയുടെ സിലബസ് നേരത്തേ വിവാദമായിരുന്നു., നാടൻ പശുക്കളുടെ പാലിൽ സ്വർണ്ണാംശമുണ്ടെന്ന ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത വിവരമാണ് സിലബസിൽ പറയുന്നത്.നാടൻ പശുക്കൾ മിടുക്കരാണ്. അവ വൃത്തിഹീനമായ സ്ഥലങ്ങളിൽ ഇരിക്കില്ല. എന്നാൽ വിദേശിയായ ജഴ്‌സി പശുക്കൾ മടിയന്മാരാണെന്നും സിലബസിൽ പറയുന്നു. ഭൂകമ്പങ്ങൾക്കു കാരണം ഭൂമിക്കടിയിലെ പ്ലേറ്റ്‌ലറ്റുകൾ തെന്നിമാറുന്നത് ആണെന്നാണ് ഇതുവരെയുള്ള അറിവ്. എന്നാൽ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് ഭൂകമ്പങ്ങൾക്ക് കാരണമെന്ന പുതിയ വിവരവും രാഷ്ട്രീയ കാമധേനു ആയോഗിലെ വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കുവെക്കുന്നു. ഭോപ്പാലിൽ യൂനിയൻ കാർബൈഡ് കമ്പനിയുടെ വാതക ദുരന്തമുണ്ടായപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവർ ചാണകത്തിന്റെ ആവരണമുള്ള ചുമരുള്ള വീടുകളിൽ താമസിച്ചിരുന്നവരാണെന്ന കണ്ടെത്തലും പരിക്ഷക്കു പഠിക്കാനായി നൽകിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ സ്റ്റഡി മെറ്റീരിയലിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കംചെയ്തിട്ടുണ്ട്. എന്നാൽ മറ്റുഭാഷകളിലെ സ്റ്റഡി മെറ്റീരിയലിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്തിട്ടില്ല. ഫെബ്രുവരി 25നാണ് പരീക്ഷ. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്നും മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കാത്തിരിയ പറഞ്ഞിരുന്നു.