- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ ഗ്ലോസ്റ്ററിനു സമീപം കാറപകടത്തിൽ പെട്ടത് സ്റ്റുഡന്റ് വിസയിൽ എത്തിയ കുടുംബങ്ങൾ; സുഹൃത്തിനെ കാണാൻ ലൂട്ടനിൽ നിന്നും ഓക്സ്ഫോർഡിലേക്കുള്ള യാത്രയിലെ അപകടത്തിൽ രണ്ടു മരണം; രണ്ടു പേർക്ക് സാരമായ പരിക്കും; ബ്രിട്ടീഷ് മലയാളികളെ വേദനയിലാഴ്ത്തി അപകടം
ലണ്ടൻ: യുകെ മലയാളി സമൂഹത്തിനു വേദനയായി ഇന്നലെ ഉച്ചക്ക് നടന്ന കാർ അപകടത്തിൽ പൊലിഞ്ഞതു രണ്ടു ജീവനുകൾ. മാസങ്ങൾക്കു മുൻപ് ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളി കുടുംബാംഗങ്ങളാണ് അപകടത്തിൽ പെട്ടതെന്നു പറയപ്പെടുന്നു. ലൂട്ടനിൽ നിന്നുള്ള മലയാളികളാണ് അപകടത്തിൽ പെട്ടത്. ഇവർ ഇന്നലെ ഉച്ചയോടെ ലൂട്ടനിൽ നിന്നും ഓക്സ്ഫോർഡിൽ ഉള്ള സുഹൃത്തിനെ കാണാൻ പുറപ്പെട്ടതാണെന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ ഉൾപ്പെട്ടത് എറണാകുളം കോലഞ്ചേരി സ്വദേശികളാണ്.
കാർ ഓടിച്ചിരുന്ന യുവാവിന്റെ മരണം അപകടം നടന്ന് അധികം വൈകാതെ സ്ഥിരീകരിച്ചിരുന്നു. കാർ ഓടിച്ചിരുന്ന ആളാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചത് എന്നാണ് സൂചന. രണ്ടാമത്തെ മരണം അപകടത്തിൽ ഉൾപ്പെട്ട യുവതിയുടേതാണെന്നാണ് സ്ഥിരീകരണം. ലോറിയുമായുള്ള കൂട്ടയിടിയാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത് എന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ഗ്ലോസ്റ്റർഷെയർ കോൺസ്റ്റാബുലറി പുറത്തു വിട്ടിട്ടില്ല. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു വിവിധ ആംബുലൻസ് യൂണിറ്റുകളും എയർ ആംബുലൻസും ഹസാർഡ് ഏരിയ റെസ്പോൺസ് ടീമും അടക്കമുള്ളവർ എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കോലഞ്ചേരി കുന്നക്കാൽ പാലാക്കാമറ്റത്ത് ബിൻസ്രാജാണ് അപകടത്തിൽ മരിച്ചതായി ആദ്യം സ്ഥിരീകരിക്കപ്പെടുന്നത്. എന്നാൽ രാത്രിയോടെ കാറിൽ സഞ്ചരിച്ചിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും മരണത്തിനു കീഴടങ്ങിയതായി വിവരം ലഭിച്ചു. ഇവരെ അത്യാസന്ന നിലയിൽ ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതേ ഹോസ്പിറ്റലിൽ തന്നെയാണ് കാറിൽ ഉണ്ടായിരുന്ന ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനേയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമല്ലാത്ത പരുക്കേറ്റ രണ്ടുപേരെ ബ്രിസ്റ്റോൾ സൗത്ത് മെഡ് ഹോസ്പിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് കൈകാലുകൾക്ക് ഒടിവ് അടക്കമുള്ള പരിക്കുണ്ട്.
ഗ്ലോസ്റ്ററിനു സമീപം എ 436 ൽ ആന്ഡേവേർസ്‌ഫോർഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ബിൻസ് രാജന്റെ സുഹൃത്തിന്റെ ഭാര്യ അർച്ചനയാണ് ഇന്നലെ രാത്രിയോടെ മരണത്തിനു കീഴടങ്ങിയത് എന്ന് സൂചനയുണ്ട്. ഇവർ കൊല്ലം സ്വദേശിയാണ് എന്ന് സുഹൃത്തുക്കളിൽ നിന്നും വിവരം ലഭിച്ചു. ഗുരുതര പരുക്കുകളോടെ ഇവരെ ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനാൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ശരീരം മരുന്നുകളോടും ഡോക്ടർമാരുടെ ജീവൻ രക്ഷാ ദൗത്യത്തോടും പ്രതികരിക്കാതെ വന്നതോടെ രാത്രിയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
ലൂട്ടൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും ഇവരുടെ ഡിപെൻഡ് വിസയിൽ എത്തിയ ഭർത്താക്കന്മാരുമാണ് അപകടത്തിൽ ഉൾപ്പെട്ടത്. യൂണിവേഴ്‌സിറ്റി പഠനത്തിന് ഒപ്പം ലൂട്ടനിലെ മലയാളി നേഴ്‌സിങ് കെയർ ഏജസിയിൽ ഇവർ ജോലിയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇൻടേക്കിലാണ് ഇവർ യുകെയിൽ എത്തുന്നത്. ഒക്ടോബറിലാണ് ഇവർ യൂണിവേഴ്‌സിറ്റി ക്ലാസുകളിൽ എത്തി തുടങ്ങിയതെന്ന് സഹപാഠികൾ വ്യക്തമാക്കുന്നു.
അപകടം ഇന്നലെ ഉച്ചക്ക് പതിനൊന്നേ കാലോടെ സംഭവിച്ചതെയാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തെ തുടർന്ന് അടച്ച റോഡ് എട്ടു മണിക്കൂർ കഴിഞ്ഞിട്ടും തുറന്നിട്ടില്ലെന്നു പ്രാദേശിക മാധ്യമം ഗ്ലോസ്റ്റർഷെയർ ലൈവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണം നാട്ടിൽ ബന്ധുക്കളെ അറിയിച്ചതായാണ് സഹപാഠികളും സുഹൃത്തുക്കളും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്. രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചതോടെ ലൂട്ടൻ മലയാളികൾ രണ്ടു സംഘമായി ഓക്സ്ഫോർഡ്, ബ്രിസ്റ്റോൾ ആശുപത്രികളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
ബ്ലാക് ഐസും നേഴ്‌സിങ് ഏജൻസികളും വില്ലൻ റോളിൽ, ഇരകളാകാൻ വിദ്യാർത്ഥികൾ
ബ്രിട്ടനിലെ റോഡുകളിൽ കാര്യമായ ഡ്രൈവിങ് പരിചയം ഇല്ലാത്തതു ബ്ലാക് ഐസ് ഉള്ള ജനുവരിയിലെ തണുത്ത കാലാവസ്ഥയിൽ അപകടത്തിന് കാരണമാക്കിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ യുകെയിൽ എത്തുന്നവർ പതിവായി അപകടത്തിൽ ഉൾപ്പെടുന്ന വിവരം ഏതാനും ദിവസം മുൻപാണ് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തത്. പഴക്കമുള്ള കാറുകളും പരിചിതം അല്ലാത്ത ഡ്രൈവിംഗും ചേരുമ്പോൾ അപകടം കൂടെയെത്തുന്നു എന്നതാണ് കഴിഞ്ഞ രണ്ടു വർഷമായി റിപ്പോർട്ട് ചെയുന്ന അപകട പരമ്പരകൾ തെളിയിക്കുന്നത്.
ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ മലയാളി നഴ്‌സിങ് ഏജൻസികൾ നടത്തുന്നവർ കാർ വാങ്ങാൻ പണം നൽകി സ്റ്റുഡന്റ് വിസക്കാരെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതും. അഞ്ഞൂറ് പൗണ്ട് വിലയുള്ള പഴഞ്ചൻ കാറുകളിൽ നഴ്‌സിങ് ഹോമുകളിലേക്കു സ്റ്റുഡന്റ് വിസക്കാരെ എത്തിക്കുന്ന ജോലിയും സ്റ്റുഡന്റ് വിസയിൽ തന്നെയുള്ളവരാണ് ഏറ്റെടുക്കുന്നത്.
തുടർച്ചയായ യാത്രകളും ഗ്രാമ പ്രദേശങ്ങൾ വഴിയുള്ള യാത്രയിലുമൊക്കെ അനേകം വിദ്യാർത്ഥികൾ അടുത്തിടെ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗിനെ പറ്റിയും ആക്ഷേപം ശക്തമാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.