- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ 20 ദിവസത്തിനിടയിൽ എത്തിയത് 4000 അനധികൃത കുടിയേറ്റക്കാർ; എല്ലാവരേയും കൈനീട്ടി സ്വീകരിച്ച് ബ്രിട്ടൻ; ബ്രെക്സിറ്റിനു പ്രയോജനമില്ലാത്ത വിധം ബ്രിട്ടനിലേക്ക് തള്ളിക്കയറ്റം
ലണ്ടൻ: ഈ മാസം ഇതുവരെ ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 4000 ആണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു.മുൻ ചീഫ് ഇമിഗ്രേഷൻ ഓഫീസർ കെവിൻ സൗണ്ടേഴ്സ് ആണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർക്ക് ബംബർ ലോട്ടറി അടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പരാമർശിച്ചിരിക്കുന്നത്. ഒരിക്കൽ ബ്രിട്ടനിലെത്തിയാൽ പിന്നെ ഇവിടെനിന്നും പറഞ്ഞു വിടില്ലെന്ന വസ്തുതയാണ് കൂടുതൽ പേർക്ക് ബ്രിട്ടൻ ആകർഷണീയമാകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതിർത്തി സേനയുടെ അകമ്പടിയോടെ നിരവധി കുടിയേറ്റക്കാർ എത്തുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു കെവിന്റെ പരാമർശം പുറത്തുവന്നത്. ഫോക്ക്സ്റ്റോൺ തുറമുഖത്തായിരുന്നു ഇന്നലെ രാവിലെ അനധികൃത കുടിയേറ്റക്കാർ എത്തിയത്. ഒരു ചെറു ബോട്ടിൽ നിറയെ കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവർ വന്നിറങ്ങുന്ന ചിത്രമാണ് പുറത്തുവന്നത്. അവർക്കൊപ്പം അതിർത്തി സുരക്ഷാ സേനയിൽ അംഗങ്ങളും ഉണ്ടായിരുന്നു.
അനധികൃത കുടിയേറ്റം തടയുവാൻ സർക്കാർ പരാജയപ്പെട്ടതിനെ കുറിച്ച് പുനപരിശോധന നടത്തുവാൻ ബോറിസ് ജോൺസൺ തന്റെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറു ബോട്ടുകളിലെത്തുന്ന ഇവരുടെ എണ്ണം നാൾതോറും പെരുകിവരുന്നതാണ് ജോൺസനെ ആശങ്കപ്പെടുത്തുന്നത്. ഇങ്ങയെത്തുന്നവർ പലരും തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ എത്തുന്നതിനാൽ അവർ യഥാർത്ഥത്തിൽ ആരെന്ന് അറിയാൻ കഴിയില്ല. പിടിക്കപ്പെടുമ്പോൾ അവർ നൽകുന്ന പേരുകളും വ്യാജമായിരിക്കും. ഇതാണ് ഏറെ ആശങ്കയുണർത്തുന്ന കാര്യമെന്നും മുൻ ചീഫ് ഇമിഗ്രേഷൻ ഓഫീസർ പറയുന്നു.
ബ്രിട്ടനിലെത്തിയാൽ, വിദ്യാഭ്യാസവും, ചികിത്സയും താമസ സൗകര്യവും ധനസഹായവും ലഭിക്കുമെന്ന് അവർക്ക് അറിയാം. അതുകൊണ്ടു തന്നെയാണ് കൂടുതൽ പേർ ബ്രിട്ടനിലേക്കെത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നുഴഞ്ഞു കയറുന്നവർക്കായി ബ്രിട്ടനിൽ നിന്നും മാറി ഒരു കേന്ദ്രം സ്ഥാപിക്കണമെന്നും അവരെ അങ്ങോട്ട് മാറ്റണമെന്നുമാണ് കെവിൻ സൗണ്ടേഴ്സ് പറയുന്നത്. അതുമാത്രമാണ് കൂടുതൽ ആളുകൾ ബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്നതു തടയുവാനുള്ള ഏക മാർഗ്ഗമെന്നും അദ്ദേഹം വിശദീകരിച്ചു.
അനധികൃത കുടിയേറ്റ വിഷയം വിശദമായി പഠിക്കുവാൻ മുൻ ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേയിനെ ബോറിസ് ജോൺസൺ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുമെന്ന് നിരവധി തവണ വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനാകാത്തത് ബോറിസ് ജോൺസനെ വിഷമിപ്പിക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഗ്രീസ് പിന്തുടരുന്ന രീതിയിലുള്ള ചില കർശന നിയമങ്ങൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപ്പാക്കാൻ ഒരുങ്ങുകയാണ് പ്രീതി പട്ടേൽ
ആഭ്യന്തര വകുപ്പ് ദുർബലമെന്ന് ആഭ്യന്തര സെക്രട്ടറി
അതേസമയം ആഭ്യന്തര സെക്രട്ടറിയും വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് ആഴം വർദ്ധിപ്പിച്ചുകൊണ്ട്, ഒരു സ്വകാര്യ സംഭാഷണത്തിൽ ആഭ്യന്തര വകുപ്പിന് അനധികൃത കുടിയേറ്റം തടയാനുള്ള കഴിവില്ലെന്ന് പ്രീതി പട്ടേൽ പറഞ്ഞതയ റിപ്പോർട്ടുകൾ പുറത്തുവന്നു. ഉദ്യോഗസ്ഥർ അതിനു കെൽപുള്ളവരല്ല എന്നാണ് പ്രീതി പട്ടേൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ പരാജയ്ഖം ചൂണ്ടിക്കാട്ടി പ്രീതി പട്ടേൽ കാബിനെറ്റ് സെക്രട്ടറിക്ക് കത്തുനൽകുമെന്ന സൂചനകളും ചില മാധ്യമങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ആ കത്ത് അയച്ചില്ല. അതിനുമുൻപേ അതിനെ കുറിച്ച് അറിഞ്ഞ ഉദ്യോഗസ്ഥർ മന്ത്രിയുടെ പെരുമാറ്റരീതിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുകയായിരുന്നു.
അവർ ഞങ്ങളെ വെറുക്കുന്നു, ഞങ്ങളെ എല്ലാവരും അവരെയും വെറുക്കുന്നു എന്നാണ് ഒരു ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. വെറും പ്രശസ്തി വർദ്ധിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമാണ് ആഭ്യന്തര സെക്രട്ടറിക്കുള്ളത് എന്നാണ് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞത്. എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയാവുന്നതെയുള്ളു എന്ന് പറഞ്ഞ മറ്റൊരു ഉദ്യോഗസ്ഥൻ എന്നാൽ, തികച്ചും അപ്രായോഗികമായ ചിലപ്രസ്താവനകൾ മാത്രമാണ് അവരിൽ നിന്നും ഉണ്ടാകുന്നതെന്നും ആരൊപിച്ചു.
അഴിമതി നിറഞ്ഞ ഇമിഗ്രേഷൻ വകുപ്പിനെ ഒരു പണിക്കും കൊള്ളാത്തവർ എന്ന് ആദ്യം വിശേഷിപ്പിച്ചത് 2006-ൽ അന്നത്തെ ലേബർ സർക്കാരിൽ അഭ്യന്തര സെക്രട്ടറിയായിരുന്ന ജോൺ റീഡ് ആയിരുന്നു. ഇന്നലെയും അനധികൃത കുടിയേറ്റക്കാർ കൂട്ടംകൂട്ടമായി എത്തിയെന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് ആഭ്യന്തര വകുപ്പിലെ ശീതയുദ്ധത്തെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നത്. പല കൺസർവേറ്റീവ് പാർട്ടി എം പി മാരും ഈ അനധികൃത കുടിയേറ്റം തടയാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വലിയ രാഷ്ട്രീയ പ്രശ്നമായി മാറുമെന്നും അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്