ലണ്ടൻ: ബ്രിട്ടനിലെ പൊതുസർവീസുകൾക്ക് പണമില്ലാതെ വലയുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ബ്രിട്ടൻ സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുന്നതിനെതിരെ ബ്രിട്ടനിൽ വിമർശനം ശക്തിപ്പെടുകയാണല്ലോ.എന്നാൽ രാവിലെയും വൈകുന്നേരവും ഇന്ത്യയ്ക്ക് കാശ് കൊടുക്കുന്നു എന്ന് കാറിക്കൊണ്ടിരുന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ വായടപ്പിച്ച് കൊണ്ട് പുതിയ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. ബ്രിട്ടൻ സാമ്പത്തിക സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളായ അമേരിക്കയും ജപ്പാനും പോലുമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ബ്രിട്ടന്റെ കൈക്കൂലി മാധ്യമങ്ങൾ തുറന്ന് കാട്ടിയിരിക്കുകയാണിപ്പോൾ.

ഇത് പ്രകാരം ബ്രിട്ടൻ യുഎസിന് സൈബർ സുരക്ഷ, ഫിനാൻഷ്യൽ സർവീസുകൾ, ബോസ്റ്റൺ പോലുള്ള സ്മാർട്ട് സിറ്റികളിലെ പ്രൊജക്ടുകൾ എന്നിവയ്ക്ക് പിന്തുണയേകുന്നതിനായി നാല് മില്യൺ പൗണ്ട് നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ജപ്പാനടക്കമുള്ള നിരവധി ധനികരാജ്യങ്ങൾക്കാണ് യുകെ വിദേശസഹായം നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരം രാജ്യങ്ങളുെട ജിഡിപി യുകെയെക്കാൾ ഇരട്ടിയാണെന്നതാണ് ഇതിന്റെ വിരോധാഭാസം. ജപ്പാൻ യുകെയിൽ നിന്നും അഞ്ച് ലക്ഷം പൗണ്ടാണ് ധനസഹായമായി സ്വീകരിച്ചിരിക്കുന്നത്. ടോക്കിയോയെ ഒരു ഗ്ലോബൽ ഫിനാൻസ് സെന്ററായി വികസിപ്പിക്കുന്നതിന് പിന്തുണയേകുന്നതിനാണ് ഈ തുക വിനിയോഗിച്ചിരിക്കുന്നത്.

ഫ്രീഡം ഓഫ് ഇൻഫർമേഷൻ ലോ പ്രകാരം ഡെയിലി മെയിലാണ് ഈ കണക്കുകൾ വെളിച്ചത്തുകൊണ്ട് വന്നിരിക്കുന്നത്. സൗത്തുകൊറിയ , പോർട്ടുഗൽ, ന്യൂസിലാൻഡ്, തുടങഅങിയ രാജ്യങ്ങൾക്കും മില്യൺ കണക്കിന് പൗണ്ട് വരുന്ന പ്രോസ്പെറിറ്റി ഫണ്ട് ബ്രിട്ടനിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് കടുത്ത സംശയം ജനിപ്പിക്കുന്ന നീക്കമാണെന്നാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് കമ്മിറ്റിയിലിരിക്കുന്ന ടോറി എംപി നിഗെൽ ഇവാൻസ് പ്രതികരിച്ചിരിക്കുന്നത്. എൻഎച്ച്എസ് പോലുള്ള യുകെയിലെ പൊതു സർവീസുകൾ വേണ്ടത്ര ഫണ്ടില്ലാതെ പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരത്തിൽ വിദേശത്തേക്ക് ധനസഹായം നൽകുന്നതെന്ന വിമർശനവും ശക്തമാണ്.

എന്നാൽ ബ്രിട്ടൻ വിശാലമായ കാഴ്ചപ്പാടുള്ള രാജ്യമാണെന്ന് വ്യക്തമാക്കാൻ ഇത്തരം ധനസഹായം അനിവാര്യമാണെന്നാണ് ഫോറിൻ ഓഫീസ് വക്താവ് വിശദീകരണം നൽകിയിരിക്കുന്നത്. ഡസൻ കണക്കിന് പ്രോസിക്യൂഷനുകൾക്ക് സഹായമേകുന്നതിനായി ബ്രിട്ടനിൽ നിന്നും പാക്കിസ്ഥാനിലേക്ക് ബ്രിട്ടനിലെ നികുതിദായകന്റെ മില്യൺ കണക്കിന് പൗണ്ടൊഴുക്കുന്നുവെന്ന വിമർശനം ഈ മാസം ആദ്യം ഉയർന്ന് വന്നിരുന്നു. 2030ൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് സാമ്പത്തിക സഹായമേകുന്നതിനെയും ബ്രിട്ടീഷ് മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

തങ്ങൾക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാൽ വേണ്ടെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാൻ ബഡ്ജറ്റിൽ 98 മില്യൺ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെ വിമർശനം ശക്തമായിരുന്നു. 2015ൽ യുകെ വിദേശസഹായമെന്ന വകയിൽ 12 ബില്യൺ പൗണ്ടായിരുന്നു ചെലവഴിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്. ഈ വകയിൽ ഫ്രാൻസ് ചെലവഴിച്ച തുകയേക്കാൾ ഇരട്ടിയാണിത്.