- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; ഇന്ത്യ വിമാന നിയന്ത്രണം മാറ്റുമ്പോൾ യുകെ മലയാളികൾക്ക് ഇരുട്ടടി; കൊച്ചി വിമാന സർവീസ് തൽക്കാലമില്ല; വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നത് നാല് കേന്ദ്രങ്ങളിലേക്ക്; ശക്തമായ സമ്മർദം ഇല്ലെങ്കിൽ കൊച്ചി സർവീസ് പൂർണമായും നിലച്ചേക്കും
ലണ്ടൻ: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കോവിഡ് നിയന്ത്രണത്തെ തുടർന്ന് എയർ ബബിൾ പാക്കേജിൽ എത്തിയ ലണ്ടൻ - കൊച്ചി സർവീസിന് നിത്യ വിശ്രമം ആയെന്നു സൂചനകൾ. എവിടെയും ഇറങ്ങിക്കയറാതെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ നിറഞ്ഞു തിങ്ങി യാത്രക്കാർ എത്തിയപ്പോൾ ആഴ്ചയിൽ ഒരു സർവീസ് എന്നതിന് പകരം മൂന്നു എന്ന നിലയിലേക്ക് മാറിയ എയർ ഇന്ത്യ ഇപ്പോൾ കൊച്ചിയെ ലിസ്റ്റിൽ നിന്നും വെട്ടിയിരിക്കുന്നു.
ലണ്ടനിൽ രണ്ടാം കോവിഡ് വ്യാപനം ശക്തമായപ്പോൾ താല്ക്കാലികമായി നിർത്തിയ സർവീസുകൾ വീണും അടുത്ത വെള്ളിയാഴ്ച മുതൽ ആരംഭിക്കുമ്പോൾ യുകെ മലയാളികൾക്ക് നിരാശ നൽകുന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. വീണ്ടും ആഴ്ചയിൽ 15 തവണ വീതം പറക്കാൻ തയ്യാറെടുക്കുമ്പോൾ ആണ് അതിൽ ഒന്ന് പോലും കേരളത്തിന് നല്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തത്. അനേകായിരം യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ കമാ എന്നൊരക്ഷരം സംസാരിക്കാൻ കേരള സർക്കാരോ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളോ തയാറായിട്ടില്ല എന്നതും യുകെ മലയാളികളോടുള്ള അവഗണനക്കു മറ്റൊരു ദൃഷ്ടാന്തമാകുകയാണ് .
ഡൽഹിയും മുംബൈയും ബംഗളൂരുവും ഹൈദരാബാദും അടക്കമുള്ള റൂട്ടുകളിലാണ് ലണ്ടൻ വിമാനങ്ങൾ എത്തുന്നത്. ഇതിൽ യുകെ മലയാളികൾക്ക് ആശ്രയിക്കാവുന്നത് മുംബൈ, ഡൽഹി വിമാനങ്ങളെയുമാണ്. എയർ ഇന്ത്യക്കു കൂടുതൽ യാത്രക്കാരെ നൽകിയിരുന്ന അമൃത്സർ, കൊച്ചി വിമാനങ്ങൾ ഇല്ലാതായതിൽ അമർഷം ശക്തമാണ്. കൊച്ചിയെ പിന്തള്ളിയാണ് ഇപ്പോൾ ബാംഗ്ലൂർ, ഹൈദരാബാദ് റൂട്ടുകളിൽ എയർ ഇന്ത്യ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.നാലു മെട്രോ സിറ്റികളിലേക്കു പറക്കുന്നു എന്നതാണ് ഇതിനു എയർ ഇന്ത്യ പറയുന്ന ന്യായം.
എന്നാൽ കൂടുതൽ യാത്രക്കാർ ഉള്ളിടത്തേക്കു പറക്കണ്ടേ എന്ന ചോദ്യത്തിലും തല്ക്കാലം മറുപടിയില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ ആവശ്യത്തിന് സമ്മർദം ഉണ്ടായാൽ മാത്രമേ കൊച്ചി, അമൃതസർ വിമാനങ്ങൾ മടങ്ങി എത്തൂ എന്നാണ് എയർ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെ ഏഴു റൂട്ടുകളിൽ ആണ് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ പറന്നിരുന്നത്. കൊച്ചി വിമാനത്തെ തമിഴ്നാട്ടിലെ ഒരു വിഭാഗം ജനങ്ങളും ശ്രീലങ്കൻ യാത്രക്കാരും വരെ പ്രയോജനപ്പെടുത്തിയതോടെയാണ് ആഴ്ചയിൽ മൂന്നു സർവീസ് വന്നിട്ടും നിറയെ യാത്രക്കാരുമായി പറക്കാൻ എയർ ഇന്ത്യക്കു കഴിഞ്ഞത്.
കൊച്ചി - ലണ്ടൻ സർവീസിന് സിയാൽ അധികൃതർ ലാൻഡിങ് ഫീ അടക്കം ഇളവുകൾ നൽകിയാണ് പ്രോത്സാഹനം നൽകിയിരുന്നത്. മാത്രമല്ല ഗൾഫ് യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാനും ഈ പുതിയ വിമാനത്തിന്റെ വരവോടെ സാധിക്കുകയും ചെയ്തു. ഇതോടെ ഇരട്ട ഗുണമാണ് മലയാളികൾക്ക് ഈ ഒരൊറ്റ വിമാനം വഴി സാധിച്ചത്. കൊച്ചി- ലണ്ടൻ വിമാനം വന്നതോടെ ലണ്ടൻ - തിരുവനന്തപുരം വിമാനവും വേണമെന്ന മുറവിളി ഒരു വിഭാഗം ഉയർത്തിയെങ്കിലും ഇപ്പോൾ ഉള്ളത് പോലും ഇല്ലാതായി എന്ന സ്ഥിതി വിശേഷമാണ് രൂപം കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ യുകെ മലയാളി സമൂഹവും കേരള സർക്കാരും ഒരേ വിധം സമ്മർദ ശക്തിയായി നിന്നാൽ മാത്രമേ വിമാനം മടങ്ങിയെത്തൂ എന്നതാണ് സാഹചര്യം വ്യക്തമാക്കുന്നത്.
താത്കാലിക നിരോധനം ഡിസംബർ 23 നു വരുന്നതിനു മുൻപ് എല്ലാ വിമാനക്കമ്പനികളും ചേർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലേക്കായി ലണ്ടനിൽ നിന്നും ആഴ്ചയിൽ 67 സർവീസുകളാണ് നടത്തിയിരുന്നത്. ഇതിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ 29 വിമാനങ്ങൾ, എയർ ഇന്ത്യയുടെ 23 , വിർജിൻ അറ്റ്ലാന്റിക്കിന്റ എട്ടു. എയർ വിസ്താരയുടെ ഏഴു സർവീസുകളാണ് ഉൾപ്പെട്ടിരുന്നത്. ഈ വിമാനങ്ങളിലായി ശരാശരി ദിവസവും 2000 - 2500 യാത്രക്കാർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ എത്തിയിരുന്നു. ഇതിൽ 66 വിമാനവും പറന്നിരുന്നത് ലണ്ടൻ ഹീത്രോവിൽ നിന്നായിരുന്നു. ഒരു വിമാനം മാത്രം ബർമിൻഹാമിൽ നിന്നും സർവീസ് നടത്തി. ഇത്രയധികം ജനങ്ങൾ യാത്ര ചെയ്തിട്ടും ഏകദേശം 30 പേർക്ക് മാത്രം വ്യതിയാനം സംഭവിച്ച കോവിഡ് ബാധിച്ചതാണ് പുനഃ ചിന്തക്ക് സർക്കറിനെ പ്രേരിപ്പിച്ചത്.
ഭയപ്പെട്ടത് പോലെ വലിയ തോതിൽ വൈറസ് വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യൻ സർക്കാരിന്റെ വിലയിരുത്തൽ. ഇതോടെ ശക്തമായ നിയന്ത്രങ്ങൾ പാലിച്ചു വീണ്ടും സർവീസ് നടത്താം എന്ന തീരുമാനത്തിൽ എത്തുക ആയിരുന്നു. സർവീസുകൾ നിർത്തലാക്കപ്പെട്ടതോടെ ശക്തമായ സമ്മർദം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുണ്ടായതും ഒരു കാരണമായി. ഒരു പറ്റം മലയാളി വിദ്യാർത്ഥികളും ഇതിനായി ഓൺലൈൻ പരാതി അടക്കമുള്ള കാര്യങ്ങൾക്കു നീക്കം നടത്തിയിരുന്നു. കോവിഡിന്റെ ഒന്നാം വ്യാപന സമയത്തു വിമാന സർവീസിനായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ കേസ് നടത്താൻ തയ്യാറായതും സ്റ്റഡന്റ്റ് വിസയിൽ എത്തിയവർ തന്നെയാണ്. ഒടുവിൽ കേരള ഹൈക്കോടതി സർവീസ് ആരംഭിക്കാൻ എന്താണ് തടസം എന്ന് കെന്ദ്ര സർക്കാരിനോട് ചോദ്യം ഉന്നയിച്ച ശേഷമാണു ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ചതും.
അതേസമയം യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനഃ രാരംഭിക്കാൻ ഉള്ള തീരുമാനത്തിൽ ഇന്ത്യൻ സർക്കാർ ജനങ്ങളിൽ നിന്നും എതിർപ്പും നേരിടുന്നുണ്ട്. വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ കോവിഡ് വ്യാപനം കൂടും എന്ന ഭയമാണ് ഈ എതിർപ്പിന് കാരണം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.