കോഴിക്കോട്: യുകെയിലേക്ക് മടങ്ങാൻ ഇരിക്കവെ കോഴിക്കോട് ബന്ധു വീട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത 18 കാരിയായ മലയാളി പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് കോടതിയിൽ നിന്നും ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നയാളെന്ന് റിപ്പോർട്ട്. കുടുംബത്തിലെ പ്രശ്‌നങ്ങളുടെ ഭാഗമായി അനിയത്തിയെ കുത്തിയതിന്റെ പേരിലാണ് പൊലീസ് നടപടി ഉണ്ടായത്.

ശിക്ഷാ നടപടിയുടെ ഭാഗമായി ഈ പെൺകുട്ടിയെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുകയായിരുന്നു. സ്വന്തം വീട്ടിൽ ഒരു നിശ്ചിത കാലത്തേക്ക് വരാൻ പെൺകുട്ടിക്ക് അനുമതി ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിൽ മുതൽ ഡോണിയ കോഴിക്കോട്ടെ പിതൃസഹോദരന്റെ വീട്ടിൽ താമസം ഉറപ്പിച്ചത്. ഡോണിയായുടെ അമ്മയാണ് കുട്ടിയെ നാട്ടിൽ കൊണ്ടു വിട്ടു മടങ്ങിയത്. ഈ സംഭവ വികാസങ്ങളെ തുടർന്ന് ഡോണിയയുടെ പഠനവും മുടങ്ങിയിരുന്നു. പുതിയ വർഷം മുതൽ പഠനം പുനരാരംഭിക്കാനും മറ്റുമായാണ് യുകെയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. തലേ ദിവസം ഉറങ്ങാൻ കിടക്കുമ്പോഴും സംഘർഷം വ്യക്തമായിരുന്നു എന്നു സൂചനയുണ്ട്. സംഘർഷങ്ങളുടെ നാട്ടിലേക്ക് വീണ്ടും മടങ്ങി ചെല്ലാൻ മടിച്ചതാണ് ഡോണിയ മരണം തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡോണിയയുടെ പിതാവും മാതാവും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് പ്രശ്‌നങ്ങളുടെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇവരാരും വിവാഹ മോചനം നേടിയിട്ടില്ലെന്നാലും രണ്ടായാണ് ഇപ്പോൾ താമസിക്കുന്നതെന്നാണ് ഡോണിയ താമസിച്ചിരുന്ന ബ്ലാക്ക്‌ബേണിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിതാവ് കുറച്ച് മാസങ്ങളായി ബർമിങ്ഹാമിൽ ആണ് താമസിക്കുന്നത്. ദുരന്ത വാർത്ത അറിഞ്ഞു അമ്മയും അച്ഛനും നാട്ടിലേക്ക് തിരിച്ചു. കോടതി നിർദ്ദേശ പ്രകാരം ആയിരുന്നു പിതാവു മാറി താമസിച്ചത്. കുടുംബ പ്രശ്‌നത്തിന്റെ പേരിൽ ഉണ്ടായ വഴക്കുകളെ തുടർന്ന് വീട്ടിൽ നിന്നും മാറി താമസിക്കാൻ കോടതി ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിരുന്നു.

നിസ്സാരമായ കുടുംബ പ്രശ്‌നങ്ങൾ എങ്ങനെയാണ് ഒരു കുടുംബത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നത് എന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിനു സമീപം പിതൃസഹോദരൻ കോതമ്പനാനി ഹൗസിൽ പൂന്തുരുത്തിപറമ്പിൽ ജോസ് സെബാസ്റ്റ്യന്റെ വീട്ടിലെ ഫാനിലാണ് വ്യാഴാഴ്ച പുലർച്ചെ ഡോണിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് യാതൊരു അതൃപ്തിയും സൂചിപ്പിച്ചിരുന്നില്ലെന്നു ബന്ധുക്കൾ വ്യക്തമാക്കുന്നു. മരണ കാരണം എന്താണെന്ന് മൊബൈൽ ഫോണിൽ എഴുതി വച്ചിട്ടുണ്ട് എന്നുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഡോണി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 4.30ന് കരിപ്പൂരിൽനിന്നുള്ള വിമാനത്തിൽ ലണ്ടനിലേക്കു പോകാനായി പിതൃസഹോദരൻ ടാക്സിയും ഏർപ്പാടാക്കിയിരുന്നു. മുകൾ നിലയിലെ റൂമിൽ താമസിച്ചിരുന്ന ഡോണിയ മടക്കയാത്രക്കുള്ള സാധനങ്ങൾ പായ്ക്ക് ചെയ്ത് താഴെ എത്തിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനായി ടാക്സിയെത്തുകയും ചെയ്തു. വീട്ടുകാർ ആവർത്തിച്ചു വിളിച്ചപ്പോഴും വരുന്നെന്നു മറുപടി നൽകിയ ഡോണിയുടെ മുറിയിൽ നിന്നു പിന്നീട് ശബ്ദമൊന്നും കേൾക്കാതായതോടെ പരിശോധിച്ചപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. താൻ മരിച്ചാൽ മൊബൈൽ ഫോൺ തുറന്നുനോക്കണമെന്നും അതിൽ എല്ലാം എഴുതിയിട്ടുണ്ടെന്നുമുള്ള കുറിപ്പും കണ്ടെത്തിയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ യുകെയിൽ എത്തിയ ഡോണി ബ്ലാക്ക്‌ബോണിൽ തന്നെയാണ് പഠിച്ചുവളർന്നത്.

യുകെയിൽ നിന്നും അമ്മ വരുന്നതനുസരിച്ചായിരിക്കും തുടർ നടപടികൾ എന്ന് പൊലീസ് പറയുന്നു. പിതാവ് വരുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കോഴിക്കോട്ടെ ഇടവക പള്ളിയിൽ തന്നെ പ്രാഥമിക അന്വേഷണത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.