ലണ്ടൻ: ബ്രിട്ടൻ കോവിഡിനെ പിടിച്ചുകെട്ടി എന്നതിന്റെ സൂചനയുമായി കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 25 ശതമാനം കുറഞ്ഞ രോഗവ്യാപന നിരക്കും 42 ശതമാനം കുറഞ്ഞ മരണനിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ 4,802 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 101 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടും അതുപോലെ കോവിഡ് സിംപ്ടം സ്റ്റഡി റിപ്പോർട്ടും സൂചിപ്പിക്കുന്നതും രോഗവ്യാപനം കാര്യമായി കുറഞ്ഞുതന്നെ വരുന്നു എന്നാണ്. എന്നാൽ, നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച കോവിഡിന്റെ മൂന്നാം വരവ് ഒരു പക്ഷെ ബ്രിട്ടനേയും ബാധിച്ചേക്കാമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ച്ചകൾക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ ഏറെ അപകട സാധ്യത ഇപ്പോളുണ്ടെന്നും അവർ പറയുന്നു.

ഫ്രാൻസ്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലൊക്കെ വ്യാപനം ശക്തമാവുകയാണ്. രണ്ടോ മൂന്നോ ആഴ്‌ച്ചകൾക്ക് ശേഷം അത് ബ്രിട്ടനിലും ദൃശ്യമായേക്കാം എന്ന് അവർ പറയുന്നു. അതുകൊണ്ടുതന്നെ അടുത്ത രണ്ടു മൂന്നാഴ്‌ച്ചകൾ സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു. നിലവിൽ ബ്രിട്ടനിലെ ആർ നിരക്ക് (എത്രവേഗത്തിൽ വൈറസ് പടരുന്നു എന്ന് സൂചിപ്പിക്കുന്ന നിരക്ക്) 0.9 നടുത്ത് എത്തിയതായാണ് ശാസ്ത്രോപദേശകസമിതി വിലയിരുത്തുന്നത്. മാത്രമല്ല, ജനുവരിയുടെ രണ്ടാം പകുതിയിലും ഫെബ്രുവരിയിലും കുറഞ്ഞത്ര വേഗത്തിൽ ഇപ്പോഴത് കുറയുന്നുമില്ല.

സ്‌കൂളുകൾ തുറന്നതിനു ശേഷം രോഗപരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം പ്രതിദിനം 8,43,000 പരിശോധനകളാണ് നടന്നിരുന്നതെങ്കിൽ ഇന്ന് ശരാശരി 1.5 ദശലക്ഷം പരിശോധനകളാണ് നടക്കുന്നത്. എന്നിട്ടും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവു വരുന്നു എന്നത് തികച്ചും ആശ്വാസപ്രദമായ കാര്യം തന്നെയാണ്. അതേസമയം, രോഗവ്യാപനം കുറയുന്നതിന്റെ വേഗതയും കുറഞ്ഞുവരികയാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ പേരിൽ പൊലീസ് പല നിരപരാധികൾക്കും പിഴയിടിയിക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. വീട്ടിലെ മുറിയിൽ ഉറങ്ങിക്കിടന്ന യുവാവിനെയും പെൺസുഹൃത്തിനേയും പാർട്ടി നടത്തുന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്തതും, കമ്മ്യുണൽ ഗാർഡനിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു സുഹൃത്തുമൊത്ത് ചായകുടിച്ചതിന്റെ പേരിൽ 82 കാരിയായ വൃദ്ധയ്ക്ക് മുന്നറിയിപ്പ് നൽകിയതുമൊക്കെ ഇപ്പോൾ വിവാദമാവുകയാണ്.

നിയമം നടപ്പാക്കുന്നു എന്ന പേരിൽ പൊലീസ് കാണിക്കുന്ന ഈ അമിതാവേശത്തിനെതിരെ പാർലമെന്റിലും വിമർശനമുയർന്നു. പല പൊതുപ്രവർത്തകരും പൊലീസ് നടപടികൾക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രോഗം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയ സമയത്ത് ജനങ്ങൾ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ചു. ഇപ്പോൾ വാക്സിൻ പദ്ധതി പുരോഗമിക്കുകയും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്ത അവസരത്തിൽ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിനെ പലരും അപലപിക്കുന്നുണ്ട്.

ഗ്ലാസ്ഗോയിൽ നിന്നും വീടിനകത്ത് പാർട്ടി നടത്തി എന്നു പറഞ്ഞ യുവാവിനും യുവതിക്കുമെതിരെ പക്ഷെ കോവിഡ് നിയന്ത്രണ ലംഘനത്തിന് കേസെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. പകരം പൊലീസിനെ കൈയേറ്റം ചെയ്തു എന്ന കുറ്റമാണ് യുവാവിനു മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം പൊതുസമാധാനം തകർക്കുന്ന വിധത്തിൽ പെരുമാറി എന്നതാണ് യുവതിക്കെതിരെ എടുത്ത കുറ്റം. ഇതുതന്നെ പൊലീസ് അധികാര ദുർവിനിയോഗം ചെയ്യുകയാണെന്ന് അടിവരയിട്ടു പറയുകയാണ്. ഏറ്റവും രസകരമായ കാര്യം, നിയമം നടപ്പിലാക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ പകുതിയിലേറെ പേരും മാസ്‌ക് ധരിച്ചിരുന്നില്ല എന്നതാണ്.

സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ നടത്തിയ ചില പരിപാടികളുടെ സംഘാടകർക്കും കനത്ത പിഴ ഒടുക്കേണ്ടതായി വന്നു. സുഹൃത്തിനും പുത്രനുമൊപ്പം ഒരു കപ്പ് കാപ്പിവാങ്ങാൻ കാത്തുനിന്ന യുവതിക്ക് ലഭിച്ചത് കൈവിലങ്ങായിരുന്നു. പൊലീസിന്റെ അമിതാവേശത്തിൽ ബ്രിട്ടനിൽ ഇതുവരെ 68,000 പേർക്കാണ് കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് പിഴയൊടുക്കേണ്ടി വന്നത്. ഇവരിൽ പലരും നിരപരാധികളാണു താനും ഇത് വലിയ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാർലമെന്റിൽ ഭരണകക്ഷി എം പിമാർ പോലും ഇതിനെതിരായി രംഗത്തെത്തി.