- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത് നാനൂറോളം പേർ; രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും മരണം പെരുകുന്നു: ദിവസം 4000 പേർ വീതം മരിക്കുമെന്ന റിപ്പോർട്ടിനു തെളിവില്ല
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് 12.5 ശതമാനം കുറവ്. രാജ്യത്തുകൊറോണാ വൈറസിന്റെ രണ്ടാം വ്യാപനം ശക്തി കുറയുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതു നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 20,018 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഇതു ആകെ രോഗ ബാധിതരുടെ എണ്ണം 1,07,882 ലേക്ക് ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയെ വച്ച് താരതമ്യം ചെയ്യുമ്പോൾ മരണ നിരക്കിൽ 8.17 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ 395 പേർ മരണത്തിനു കീഴടങ്ങിയതോടെ ആകെ മരിച്ചവരുടെ എണ്ണം 47,250 ആയി.
കഴിഞ്ഞ ചൊവ്വാഴ്ച ബ്രിട്ടനിൽ മരിച്ചത് 367 പേരും തിങ്കളാഴ്ച രേഖപ്പെടുത്തിയത് 136 പേരുമായിരുന്നു. അതിൽ നിന്നും വലിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെയർ ഹോമുകളിൽ നിന്നും ആശുപത്രികളിൽ നിന്നും അടക്കമുള്ള മരണങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്നലെ മരണ സംഖ്യ പുറത്തു വിട്ടത്. രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ രാജ്യത്തു പ്രഖ്യാപിക്കപ്പെട്ട ടയർ നിയന്ത്രണങ്ങൾ പകർച്ചവ്യാധിയെ പിടിച്ചുകെട്ടിയോയെന്ന ചോദ്യം പ്രസക്തമാകുന്നതിനൊപ്പം രണ്ടാം ലോക്ക്ഡൗണിന്റെ ആവശ്യകതയും ചോദ്യം ചെയ്യപ്പെടുകയാണ്.
നാളെ വ്യാഴാഴ്ച മുതൽ നടപ്പിലാക്കുന്ന രാജ്യവ്യാപകമായ രണ്ടാം ലോക്ക്ഡൗൺ സംബന്ധിച്ചുള്ള കോമൺസ് ക്രഞ്ച് വോട്ടെടുപ്പിൽ ബോറിസ് ജോൺസണിന് ഇതു പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്ന വാർത്തകളും ഇതോടൊപ്പം പുറത്തു വരുന്നു. ഇന്നലെ താൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ പിന്തുണയ്ക്കണമെന്ന് ബോറിസ് മന്ത്രിസഭയിൽ ടോറികളോട് അഭ്യർത്ഥിക്കുകയും ആയിരക്കണക്കിനു പേരുടെ മരണങ്ങൾ ഒഴിവാക്കാൻ ഇംഗ്ലണ്ടിൽ കടുത്ത നിയന്ത്രണം ആവശ്യമാണെന്ന് പറയുകയും ചെയ്തിരുന്നു.
രാജ്യത്ത് ആർ റേറ്റ് നിലവിൽ ഒന്നിനു മുകളിലാണുള്ളത്. ഇതു കുറയ്ക്കുന്നതിന് വലിയ തോതിൽ ടെസ്റ്റിംഗുകൾ നടത്തുകയും പുതിയ ചികിത്സകൾ നടത്തുകയും വാക്സിൻ എത്രയും പെട്ടെന്നു തന്നെ ലഭ്യമാക്കുകയും വേണമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. എന്നിരുന്നാലും, വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തെ തുടർന്ന് ഇതിന്റെ ശാസ്ത്രീയ അടിത്തറയെ ചോദ്യം ചെയ്തു കൊണ്ട് പല എംപിമാരും ബോറിസ് ജോൺസണിനെതിരെ രംഗത്തുണ്ട്. മന്ത്രിസഭയിൽ തന്നെ ബോറിസിനെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ ഡിസംബർ രണ്ടു വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ രോഗവ്യാപനത്തെ ചെറുക്കുമെന്ന ഉറപ്പാണ് ബോറിസ് മന്ത്രിസഭയിൽ നൽകിയത്.
എന്തു സംഭവിച്ചാലും നിയന്ത്രണങ്ങൾ ഡിസംബർ രണ്ടോടെ അവസാനിക്കുമെന്നും അദ്ദേഹം കോമൺസിൽ പറഞ്ഞു. ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയാണെങ്കിൽ കൂടുതൽ ശോഭനമായ കാലങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷയാണ് ബോറിസ് പങ്കുവച്ചത്. ഡിസംബറിൽ ലോക്ക്ഡൗൺ അവസാനിച്ച് വീണ്ടും തുറക്കുമ്പോൾ ക്രിസ്മസ് ഷോപ്പിംഗുകൾ നടത്തുവാനും സാമ്പത്തിക പ്രവർത്തനങ്ങൾ തടത്തുവാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രണ്ടാം ലോക്ക്ഡൗണിനെ ന്യായീകരിക്കുവാൻ തണുപ്പുകാലത്ത് ഒരു ദിവസം 4000 മരണങ്ങൾ ഉണ്ടാകുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ നടത്തിയതിൽ ഖേദം രേഖപ്പെടുത്തുന്നതായി സർ പാട്രിക് വാലൻസ് ഇന്നലെ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്