ലണ്ടൻ: ബ്രിട്ടനുമേൽ മരണം കരിനിഴൽ വിരിച്ച ഇന്നലെ ബ്രിട്ടനിൽ മരിച്ചത് കോവിഡ് ചരിത്രത്തിലെ തന്നെ എറ്റവും അധികം പേർ. 1,610 പേർ ഇന്നലെ കൊറോണയെന്ന ഇത്തിരിക്കുഞ്ഞൻ വൈറസിന് കീഴടങ്ങി മരണം വരിച്ചതോടെ ഒന്നാം വരവിനേക്കാൾ ഭീകരമാവുകയാണ് കോവിഡിന്റെ രണ്ടാം വരവ്. അതേസമയം, ഒരല്പം ആശ്വാസം പകർന്നുകൊണ്ട് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്.

അതിവ്യാപന ശേഷിയുള്ള കെന്റ് വകഭേദത്തെ നിയന്ത്രിക്കാൻ പാടുപെടുകയും, ശൈത്യകാലത്ത് ആശുപത്രികൾ നിറഞ്ഞുകവിയുകയും ചെയ്യുന്നതിനിടെ ഇത് ഈ വർഷം മൂന്നാം തവണയാണ് ഇത്രയധികം മരണങ്ങളുമായി കൊറോണ ബ്രിട്ടനെ വലയ്ക്കുന്നത്. ഇതിനു മുൻപ് ഏറ്റവും അധികം മരണം രേഖപ്പെടുത്തിയത് ജനുവരി 13 ന് ആയിരുന്നു. അന്ന് 1,564 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം, കെയർ ഹോമുകളിൽ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ ഇരട്ടി വർദ്ധനവ് ഉണ്ടായി എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

സാധാരണയായി കോവിഡ് ബാധിച്ചു കഴിഞ്ഞാൽ, അത് ഗുരുതരാവസ്ഥയിലേക്ക് വളർന്ന് രോഗിക്ക് മരണം സംഭവിക്കാൻ ഏതാനും ആഴ്‌ച്ചകൾ എടുക്കും. അതിനാൽ തന്നെ, ജനുവരി 4 ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പ്രഭാവം മരണനിരക്കിൽ പ്രതിഫലിക്കാൻ ഇനിയും ഒന്നു രണ്ടാഴ്‌ച്ചകൾ കൂടി കഴിയേണ്ടതായി വരും. അതേസമയം, രോഗവ്യാപന തോതിൽ ലോക്ക്ഡൗണിന്റെ പ്രഭാഗം പ്രതിഫലിക്കുന്നുണ്ട്. രോഗവ്യാപനം ക്രമമായി കുറഞ്ഞു തന്നെ വരികയാണ്. ഇന്നലെ 33,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയുമായി തട്ടിച്ചുനോക്കുമ്പോൾ 27 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

അതിനിടയിൽ വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് നീങ്ങുന്നില്ല എന്നത് സർക്കാരിനെ വിഷമിപ്പിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ എല്ലാം കെയർഹോമുകളിലേയും മുഴുവൻ അന്തേവാസികൾക്കും വാക്സിൻ നൽകുമെന്നായിരുന്നു ബോറിസ് ജോൺസൺ പ്രഖാപിച്ചിരുന്നത്. എന്നാൽ ഇതുവരെ പകുതിപേർക്ക് പോലും വാക്സിൻ നൽകാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

രോഗവ്യാപനം കാര്യമായി കുറയുന്നുണ്ടെങ്കിലും ഫെബ്രുവരി പകുതിവരെ സ്‌കോട്ട്ലാൻഡിൽ ലോക്ക്ഡൗൺ നിലനിൽക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു. ജനുവരി അവസാനം മുതൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങും. കാര്യങ്ങൾ സ്‌കോട്ട്ലാൻഡിനേക്കാൾ വഷളായ ഇംഗ്ലണ്ടിൽ ഇതോടെ മാർച്ച് കഴിഞ്ഞും ലോക്ക്ഡൗൺ നിലനിന്നെക്കും എന്ന ആശങ്കയുയർത്തിയിട്ടുണ്ട്. ഏപ്രിൽ മാസം പകുതിയോടെ മാത്രമേ ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങു എന്നാണ് ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

അടുത്തമാസം പകുതിയോടെയാണ് ലോക്ക്ഡൗണിനെ കുറിച്ചുള്ള ആദ്യ വിശകലന യോഗം നടക്കുന്നത്. എന്നാൽ അതിൽ കാര്യമായ ഇളവുകൾ ഒന്നും തന്നെ പ്രഖ്യാപിക്കും എന്നു കരുതുന്നില്ല. എന്തങ്കിലും കാര്യമായ ഇളവുകൾ പ്രഖ്യാപിക്കുന്നത് ഏപ്രിൽ 2 ദുഃഖവെള്ളിയാഴ്‌ച്ച ദിനത്തിൽ ആയിരിക്കും എന്നാണ് കരുതുന്നത്. എന്നാൽ, വാക്സിനെഷൻ പദ്ധതിയിൽ എന്തെങ്കിലും തടസ്സങ്ങളോ കാലതാമസമോ ഉണ്ടായാൽ, ഈ തീയതിയിലും കാര്യമായ ഇളവുകൾ പ്രഖ്യാപിക്കാൻ ഇടയില്ല.

എന്നാൽ, ഇതുവരെയുള്ള കാര്യങ്ങളുടെ പോക്കിനനുസരിച്ച് വിലയിരുത്തിയാൽ, വാക്സിൻ പദ്ധതി നല്ല വേഗത്തിൽ തന്നെ പോകുന്നുണ്ട്. എങ്കിലും, സർക്കാരിന്റെ അവകാശവാദങ്ങൾക്കനുസരിച്ചോ, അല്ലെങ്കിൽ നേരത്തേ നൽകിയിരുന്ന വാഗ്ദാനങ്ങൾക്ക് അനുസരിച്ചോ ഉള്ള വേഗത ഇതിന് ഇനിയും കൈവരിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകുവാൻ വർഷാന്ത്യം വരെയെങ്കിലും സമയം എടുക്കുമെന്നൊരു ചിന്തയും ഉയര്ന്നു വരുന്നുണ്ട്.