- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓക്സ്ഫോർഡ് വാക്സിൻ എല്ലാം ശരിയാവുന്നു; അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങും; പൂർത്തിയാക്കാൻ ഈസ്റ്റർ വരെ സമയം എടുക്കും; കടുത്ത നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഏപ്രിൽ വരെ 3-ടയർ നിയന്ത്രണങ്ങൾ തുടരും; ബ്രിട്ടൻ കൊറോണയെ നേരിടുന്ന വിധം
ലണ്ടൻ: അങ്ങനെ കൊറോണയുടെ തേരോട്ടത്തിന് ഒരു അറുതി വരാൻ പോകുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ പരീക്ഷണം തീർത്തും വിജയകരമായിരുന്നു എന്ന് യൂണിവേഴ്സിറ്റി അധികൃതർ സ്ഥിരീകരിച്ചു. സൂക്ഷിച്ചു വയ്ക്കാൻ ഏറെ എളുപ്പമായതും, വളരെ ലളിതമായി നൽകാവുന്നതും എന്നാൽ താരതമ്യേന വിലക്കുറഞ്ഞതുമായ ഈ വാക്സിൻ രോഗം പ്രതിരോധിക്കുന്ന കാര്യത്തിൽ അതീവ ഫലവത്താണെന്ന് തെളിയിച്ചു കഴിഞ്ഞു.
രണ്ടാഴ്ച്ചക്കുള്ളിൽ ഇതിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുമെന്നും, അടുത്തമാസം മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു. 100 മില്ല്യൺ ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. അതിൽ 20 മില്ല്യൺ ഡോസ് ക്രിസ്ത്മസ്സിനും മുൻപായി എത്തിച്ചേരും എന്നും പ്രതീക്ഷിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേട്ടത്തിൽ അഭിമാനം രേഖപ്പെടുത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഈസ്റ്ററോടെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടെ വരുന്ന വസന്തകാലത്തോടെ ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും വർദ്ധിച്ചിട്ടുണ്ട്.
അതേസമയം, അമിതമായ ശുഭപ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പും പ്രധാനമന്ത്രൈ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നീക്കം ചെയ്താലും വരുന്ന മാസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരേണ്ടതായി വന്നേക്കും. ചുരുങ്ങിയത് 2021 മാർച്ച് 31 വരേയെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കും. ലണ്ടനിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ടയർ-3 നിയന്ത്രണമാകും പ്രാബല്യത്തിൽ വരിക. ഇപ്പോൾ തന്നെ രണ്ട് ദേശീയ ലോക്ക്ഡൗണുകളിലായി മൃതപ്രായമായ ബിസിനസ്സ് മേഖലയ്ക്ക് വീണ്ടും ഒരു തിരിച്ചടിയാകും ഈ തുടരുന്ന നിയന്ത്രണങ്ങൾ എന്ന് ആ മേഖലയിലെ വിദഗ്ദർ പറയുന്നു.
വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമായിരിക്കും ടയർ-1 നിയന്ത്രണം ഉണ്ടാവുക. അതിൽ അധികവും ഗ്രാമീണ മേഖലകളായിരിക്കും. മറ്റ് കുടുംബാംഗങ്ങളുമൊത്ത് വീടുകൾക്കുള്ളിൽ ഒത്തു ചേരുന്നത് അനുവദിക്കുന്നത് ടയർ1 നിയന്ത്രണങ്ങളിൽ മാത്രമാണ്. അതായത്, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ടയർ 2 അല്ലെങ്കിൽ ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ മനുഷ്യരുടെ സാമൂഹിക ജീവിതം ഒരു സ്വപ്നമായി തുടരുമെന്ന് സാരം.
ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരുന്നതിൽ ബിസിനസ്സ് മേഖലയിൽ നിന്ന്, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നും കടുത്ത പ്രതിഷേധമുയരുന്നുണ്ട്. നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, ഈ മഹാവ്യാധി ബ്രിട്ടന്റെ സമ്പദ്ഘടനയിൽ വരുത്തിയ ആഘാതത്തിന്റെ യഥാർത്ഥ വ്യാപ്തി വെളിപ്പെടുത്താൻ ചാൻസലർ ഋഷി സുനാകിന് മേൽ സമ്മർദ്ദമേറുകയാണ്.
ലോക്ക്ഡൗണിനു ശേഷം 3 ടയർ നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ, വീടുകളിൽ ഇരിക്കണമെന്ന നിർദ്ദേശം പിൻവലിക്കുമെങ്കിലും ജനങ്ങളൊട് യത്രകൾ പരമാവധി ഒഴിവാക്കുവാൻ ആവശ്യപ്പെട്ടേക്കും. അതുപോലെ സാധ്യമായവരൊക്കെ ഏപ്രിൽ വരെ വീടുകളിൽ ഇരുന്ന് ജോലിചെയ്യുവാനുള്ള നിർദ്ദേശവും ഉണ്ടായിരിക്കും. അതേസമയം, ക്രിസ്ത്മസ്സിനോട് അനുബന്ധിച്ച് എല്ലാ ഷോപ്പുകളും തുറക്കുവാനുള്ള നിർദ്ദേശത്തെ വ്യാപാരി-വ്യവസായി സമൂഹം സ്വാഗതം ചെയ്തു. എല്ലാ മേഖലകളിലും ജിമ്മുകൾ, ഹെയർഡസ്സിങ് സലൂണുകൾ, ബ്യുട്ടി സലൂണുകൾ എന്നിവയും തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്.
അതേസമയം, ലോക്ക്ഡൗണിൽ ഏറ്റവും വലിയ പ്രഹരമേറ്റ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കാര്യമായി സന്തോഷിക്കുവാനുള്ള വകയൊന്നുമില്ലെന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. റെസ്റ്റോറന്റുകളും പബ്ബുകളും ഉൾപ്പടെ എല്ലായിടങ്ങളിലും അടച്ചിട്ട മുറികൾക്കുള്ളിൽ വ്യത്യസ്ത കുടുംബത്തിൽ നിന്നുള്ളവർ കൂടിച്ചേരുന്നത് ടയർ-3, ടയർ-2 നിയന്ത്രണങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഇത് ഇവരുടെ വ്യാപാരത്തെ കാര്യമായി തന്നെ ബാധിക്കും. മാത്രമല്ല, ടയർ 2നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണത്തോടൊപ്പം മാത്രമേ മദ്യം വിളമ്പാവൂ എന്ന ഉത്തരവും നിലനിൽക്കുന്നു.
ടയർ 3 മേഖലകളിൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ സർവ്വീസ് മാത്രമേ അനുവദനീയമായുള്ളു. മാത്രമല്ല, സിനിമ, ബൗളിങ് അല്ലി എന്നിവ ഉൾപ്പടെയുള്ള ഇൻഡോർ വിനോദപരിപാടികളും നിരോധിച്ചിരിക്കുകയാണ്.
മറുനാടന് ഡെസ്ക്