- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ്‌ക്ക് തിരിച്ചടിയായത് 20 പോയിന്റ് മുന്നിൽ നിൽക്കവെ ഒരു കാരണവുമില്ലാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്; ബ്രെക്സിറ്റിനെ എതിർത്തവർ കൂട്ടത്തോടെ കൈവിട്ടതും ട്യൂഷൻ ഫീസ് ഇല്ലാതാക്കുമെന്ന കോർബിന്റെ പ്രഖ്യാപനവും ലേബറിനെ തുണച്ചു; തുടർച്ചയായുള്ള ഭീകരാക്രമണം എങ്കിലും രക്ഷിക്കുമെന്ന മേയുടെ കണക്കുകൂട്ടലുകളും പാളി
ലണ്ടൻ: ഒന്നര മാസം മുൻപ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തെരേസ മെയ് ലക്ഷ്യം ഇട്ടത് ഒറ്റയ്ക്കുള്ള മൃഗീയ ഭൂരിപക്ഷം ആയിരുന്നു. ടോണി ബ്ലെയറും മാർഗററ്റ് തച്ചറും ആദ്യം അധികാരത്തിൽ എത്തിയ സമയത്തെ പോലെ മൃഗീയമായ പിന്തുണ ആയിരുന്നു തെരേസ മെയ്‌ക്ക്. അന്തച്ഛിദ്രങ്ങളിൽ പെട്ടിരുന്ന ലേബർ പാർട്ടിയേക്കാൾ ഒരു ഘട്ടത്തിൽ 20 പോയിന്റ് ആയിരുന്നു ടോറികൾക്ക് ഉണ്ടായിരുന്നത്. കൂട്ടത്തിൽ എല്ലാ മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും. അവിടെ നിന്നു കേവല ഭൂരിപക്ഷം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എങ്ങനെയാണ് ടോറികളും തെരേസ മേയും കൂപ്പു കുത്തിയത്? അമിതമായ ആത്മവിശ്വാസം തന്നെ ആയിരുന്നു മെയ്‌ക്ക് തിരിച്ചടിയായ പ്രധാന കാരണം. രണ്ടു കൊല്ലം കൂടി സുഖമായി ഭരിക്കാമെന്നിരിക്കെ ഇടക്കാല തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിന്റെ ദേഷ്യം ഒരു വശത്തുണ്ടായി. തെരഞ്ഞെടുപ്പ് ഡിബേറ്റിൽ പോലും പങ്കെടുക്കാതെ അഹങ്കാരത്തോടെ നടന്നതിനുള്ള തിരിച്ചടിയായിരുന്നു അത്. ബ്രെക്‌സിറ്റ് റെഫറാണ്ടത്തിന് ശേഷം ഉണ്ടായ രാഷ്ട്രീയ അനിശ്ചിത്വവും പൗണ്ട് വിലയിലെ ഇടിവും ഒരു പക്ഷെ ജന
ലണ്ടൻ: ഒന്നര മാസം മുൻപ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തെരേസ മെയ് ലക്ഷ്യം ഇട്ടത് ഒറ്റയ്ക്കുള്ള മൃഗീയ ഭൂരിപക്ഷം ആയിരുന്നു. ടോണി ബ്ലെയറും മാർഗററ്റ് തച്ചറും ആദ്യം അധികാരത്തിൽ എത്തിയ സമയത്തെ പോലെ മൃഗീയമായ പിന്തുണ ആയിരുന്നു തെരേസ മെയ്‌ക്ക്. അന്തച്ഛിദ്രങ്ങളിൽ പെട്ടിരുന്ന ലേബർ പാർട്ടിയേക്കാൾ ഒരു ഘട്ടത്തിൽ 20 പോയിന്റ് ആയിരുന്നു ടോറികൾക്ക് ഉണ്ടായിരുന്നത്. കൂട്ടത്തിൽ എല്ലാ മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും. അവിടെ നിന്നു കേവല ഭൂരിപക്ഷം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എങ്ങനെയാണ് ടോറികളും തെരേസ മേയും കൂപ്പു കുത്തിയത്?
അമിതമായ ആത്മവിശ്വാസം തന്നെ ആയിരുന്നു മെയ്‌ക്ക് തിരിച്ചടിയായ പ്രധാന കാരണം. രണ്ടു കൊല്ലം കൂടി സുഖമായി ഭരിക്കാമെന്നിരിക്കെ ഇടക്കാല തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിന്റെ ദേഷ്യം ഒരു വശത്തുണ്ടായി. തെരഞ്ഞെടുപ്പ് ഡിബേറ്റിൽ പോലും പങ്കെടുക്കാതെ അഹങ്കാരത്തോടെ നടന്നതിനുള്ള തിരിച്ചടിയായിരുന്നു അത്. ബ്രെക്‌സിറ്റ് റെഫറാണ്ടത്തിന് ശേഷം ഉണ്ടായ രാഷ്ട്രീയ അനിശ്ചിത്വവും പൗണ്ട് വിലയിലെ ഇടിവും ഒരു പക്ഷെ ജനങ്ങളെ മാറി ചിന്തിപ്പിച്ചേക്കും എന്നു കരുതുന്നവരും ഏറെയാണ്. തുടർച്ചയായ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാക്കിയ അനിശ്ചിതത്വം മറ്റൊരു കാരണമായി. കുടിയേറ്റക്കാർക്ക് അനുകൂലമാണ് ലേബർ പാർട്ടി എന്നതിനാൽ അതു ലേബറിന് തിരിച്ചടിയാവും എന്നായിരുന്നു മേയുടെ കണക്കു കൂട്ടൽ. എന്നാൽ സർക്കാരിന്റെ കഴിവ് കേടായി ജനങ്ങൾ വ്യാഖ്യാനിച്ചതോടെ അതും മെയ്‌ക്ക് പാരയായി മാറി.
ഇതിനേക്കാൾ ഒക്കെ പ്രധാനമായത് ട്യൂഷൻ ഫീസ് കാര്യത്തിലും എൻഎച്ച്എസ് വിഷയത്തിലും എടുത്ത കോർബിൻ നിലപാട് തന്നെയാണ്. ട്യൂഷൻ ഫീസ് ഇല്ലാതാക്കുമന്ന പ്രഖ്യാപനത്തോടെ സ്ത്രീകളും ചെറുപ്പക്കാരും കൂട്ടത്തോടെ ലേബറിന് അനുകൂലമായി മാറി. അതു പ്രായോഗികം അല്ല എന്നായിരുന്നു ടോറികളുടെ നിലപാട്. എന്നാൽ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന രണ്ടു വിഷയങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ച കോർബിനെ ജനം പിന്തുണക്കുകയായിരുന്നു.
യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് റദ്ദാക്കുമെന്ന പ്രഖ്യാപനമാണ് ലേബറിന് ഒരു തിരിച്ച് വരവിനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കാൻ പ്രധാന കാരണമായി വർത്തിച്ചിരിക്കുന്നത്. ലേബർ അധികാരത്തിലെത്തി ഈ വാഗ്ദാനം നടപ്പിലാവുകയാണെങ്കിൽ കുട്ടികളെ ഡിഗ്രിക്ക് വിടുന്ന വകയിൽ ഒരു കുടുംബത്തിന് 18000 പൗണ്ട് ലാഭിക്കാൻ സാധിക്കുമെന്നത് വോട്ടർമാരെ ഏറെ പ്രലോഭിപ്പിച്ചിട്ടുണ്ടെന്നുറപ്പാണ്. യുകെയിൽ വിദ്യാർത്ഥികൾക്കുള്ള ഫീസ് മറ്റുള്ള ഇടങ്ങളിലേതിനേക്കാൾ കൂടുതലായതിനാൽ ലോകത്തെ ഏറ്റവും വലിയ കടബാധ്യത വരുത്തിവയ്ക്കുന്നത് ഇവിടുത്തെ ബിരുദധാരികളാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അത് പരമാവധി മുതലാക്കാനുള്ള മാനിഫെസ്റ്റോ പുറത്തിറക്കിയ കോർബിന്റെ തന്ത്രം ടോറികൾക്ക് തിരിച്ചടിയേകിയിരിക്കുകയാണ്.
രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്യൂഷൻ ഫീസ് താരതമ്യേന വളരെ കൂടുതലാണ്. ബിരുദധാരികൾ പഠിച്ചിറങ്ങി കോളേജ് വിടുമ്പോൾ അവർ ശരാശരി 44000 പൗണ്ട് കടബാധ്യതയുള്ളവരായിത്തീരുമെന്ന് തെളിഞ്ഞിട്ടുണ്ട്. സാമ്പത്തിക ശേഷി കുറഞ്ഞ ബിരുദധാരികൾ ഇംഗ്ലീഷ് സർവകലാശാലകളിൽ നിന്നും പുറത്തിറങ്ങുമ്പോൾ പഠനവകയിലുള്ള കടബാധ്യത 50000 പൗണ്ട് വരെയെത്തുമെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ കടബാധ്യതയാൽ വലയുന്ന നിരവധി പേർ ലേബറിന് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ലേബറിന്റെ പുതിയ മുൻതൂക്കങ്ങളിലൂടെ വ്യക്തമാകുന്നത്.
രാജ്യത്തെ വൻകിട ബിസിനസുകളിൽ നിന്നും വൻ തുക നികുതിയായി ഈടാക്കുമെന്നും പൊതു ചെലവിടലിനായി പണക്കാരിൽ നിന്നും കൂടുതൽ നികുതി പിരിക്കുമെന്നും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് റദ്ദാക്കുമെന്നും വിവിധ തുറകളിൽ ദേശീയ വൽക്കരണം നടത്തുമെന്നുമുള്ള തന്റെ ജനകീയമായ വാഗ്ദാനങ്ങൾ ആവർത്തിച്ച് കോർബിൻ ഈ ചർച്ചയിലൂടെ വോട്ടർമാരുടെ മനസിൽ കയറിപ്പറ്റുകയും ചെയ്തിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുന്ന എൻഎച്ച്എസിനെ കരകയറ്റുന്നതിനായി ലേബർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളും പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്. കൗൺസിൽ ടാക്‌സിന് പകരം ലാൻഡ് വാല്യൂ ടാക്‌സ് നടപ്പിലാക്കിയും 123,000 പൗണ്ടിൽ കൂടുതൽ നേടുന്നവർക്ക് മുകളിൽ ഏർപ്പെടുത്തിയിരുന്ന വിവാദമായ 50 ശതമാനം ടോപ് ടാക്‌സ് നിരക്ക് തിരിച്ച് കൊണ്ടു വന്നും നല്ലൊരു തുക നികുതി വകയിൽ സമാഹരിക്കുമെന്നും ഇത്തരത്തിൽ അധികമായി സമാഹരിക്കുന്ന നികുതി വേണ്ടത്ര പണമില്ലാതെ കടുത്ത പ്രതിസന്ധിയിലായ എൻഎച്ച്എസ് പോലുള്ള പൊതുമേഖല സർവീസുകളെ കരകയറ്റുന്നതിന് വേണ്ടി ഉപയോഗിക്കുമെന്നും കോർബിൻ വാഗ്ദാനം ചെയ്തിരുന്നു. ടോറികൾ സോഷ്യൽ കെയറിനും എൻഎച്ച്എസിനും ഏർപ്പെടുത്തിയ ഫണ്ട് വെട്ടിക്കുറയ്ക്കൽ മൂലം നട്ടം തിരിയുന്ന ഹെൽത്ത് സർവീസിന് ഇത് കടുത്ത ആശ്വാസമാണേകിയിരുന്നത്. ഇത് ഇന്നലത്തെ വോട്ടിംഗിലും പ്രതിഫലിച്ചുവെന്നാണ് ഏറ്റവും പുതിയ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഇതിന് പുറമെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ചൂടൻ വിഷയമായ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇരുതലമൂർച്ചയുള്ള തീരുമാനം ധീരമായി തങ്ങളുടെ പ്രകടനപത്രികയിലൂടെ വെളിപ്പെടുത്തിയതും കോർബിനും ലേബറിനും ഗുണം ചെയ്തിട്ടുണ്ട്. യുകെയിലേക്കുള്ള കുടിയേറ്റം കടുത്ത മാർഗങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും കുറയ്ക്കുമെന്ന ടോറികളുടെ നയങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഇത്. അതായത് ടോറികളെ പോലെ കുടിയേറ്റം ഒരു നിശ്ചിത എണ്ണമാക്കി കുറയ്ക്കുമെന്ന വാചകമടി നടത്തി കൈയടി വാങ്ങാനൊന്നും തങ്ങളില്ലെന്നും മറിച്ച് നീതിയുക്തമായ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുമെന്നാണ് ലേബർ വാഗ്ദാനം ചെയ്തിരുന്നത്. നീതിപൂർവമുള്ളതും യുക്തിസഹമായതും മാന്യമായതും ബ്രിട്ടന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ളതുമായ രീതിയിൽ കുടിയേറ്റത്തെ മാറ്റാൻ പര്യാപ്തമായ കുടിയേറ്റ നിയമങ്ങളായിരിക്കും ആവിഷ്‌കരിച്ച് നടപ്പിലാക്കുകയെന്നായിരുന്നു കോർബിൻ ഉറപ്പ് നൽകിയിരുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിബിസി സംഘടിപ്പിച്ച ഒരാഴ്ച നീണ്ട് നിന്ന ലൈവ് ടിവി ഡിബേറ്റിൽ നിന്നും പ്രധാനമന്ത്രി തെരേസ മെയ് മുങ്ങിയതും അവർക്ക് വിനയായിത്തീർന്നു. തെരേസയുടെ അസാന്നിധ്യത്തിൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രസ്തുത ഡിബേറ്റിൽ താരമായതും അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുകയും അത് വോട്ടാക്കി മാറ്റാനാവുകയും ചെയ്തിട്ടുണ്ട്. ഓഡിയൻസിന്റെയും ഹോസ്റ്റിന്റെയും ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയാണ് അദ്ദേഹം തിളങ്ങിയത്. പ്രേക്ഷകർ പോലും ഈ ഡിബേറ്റിൽ ലേബർ നേതാവിന് അനുകൂലമായി തിരിഞ്ഞിരുന്നു. എന്നാൽ ഡിബേറ്റിനിടെ പകുതിക്ക് വച്ച് മുങ്ങിയ തെരേസയ്ക്ക് പകരമെത്തിയ റുഡിനെതിരെ പരിഹാസശരങ്ങളേറെ എത്തിയിരുന്നു.
ഇക്കഴിഞ്ഞ മാസങ്ങളിലായി വെസ്റ്റ്മിൻസ്റ്റർ, മാഞ്ചസ്റ്റർ, ഇക്കഴിഞ്ഞ ശനിയാഴ്ച ലണ്ടൻ ബ്രിഡ്ജ് എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾ ടോറികൾക്ക് കനത്ത തിരിച്ചടിയേകിയിരുന്നുവെങ്കിലും അത് വോട്ടാക്കി മാറ്റാൻ തെരേസ പ്രചാരണത്തിന്റെ അവസാന വേളയിൽ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള നിയമങ്ങൾ ഇനിയും ശക്തമാക്കുമെന്ന വാഗ്ദാനമായിരുന്നു തെരേസ നൽകിയത്. ഇത് പ്രകാരം വിദേശികളായ കുറ്റവാളികളെ നാടുകടത്തുമെന്നും ഭീകരരെ ജയിലിന് പുറത്തിറക്കുകയില്ലെന്നും ആവശ്യമാണെങ്കിൽ അവരുടെ മനുഷ്യാവകാശങ്ങൾ വരെ നിഷേധിക്കുമെന്നും വരെ തെരേസ പറഞ്ഞ് നോക്കിയെങ്കിലും അത് ഫലം ചെയ്തില്ല. എന്നാൽ തുടർച്ചയായുള്ള ഭീകരാക്രമണം ടോറികളുടെ ഫണ്ട് വെട്ടിക്കുറക്കലിന്റെ പ്രത്യാഘാതമാണെന്ന് ഉയർത്തിക്കാട്ടാനും സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനും ലേബറിന് ഒരു പരിധി വരെ സാധിച്ചതും ടോറികൾക്ക് തിരിച്ചടിയായി.