ലണ്ടൻ: അധികാരം ഒരിക്കലും ജനങ്ങൾക്ക് മുൻപിൽ പൊങ്ങച്ചം കാട്ടാനുള്ള അവസരം ആണെന്ന് കരുതാത്ത നേതാക്കളാണ് പടിഞ്ഞാറൻ നാടുകളുടെ ഏറ്റവും വലിയ ഭാഗ്യം. ഇക്കൂട്ടത്തിൽ തന്നെ സൈക്കിളിൽ സഞ്ചരിക്കുന്നവരും അംഗ രക്ഷകരുടെ പരിചരണം ഉപേക്ഷിക്കുന്നവരും ഏറെയാണ്. നേരെമറിച്ചു കേരളത്തിൽ നിന്നും വിദേശത്തു എത്തിയാൽ പോലും ലക്ഷക്കണക്കിന് രൂപ പൊതുഖജനാവിനു ഭാരം വരുത്തി അംഗ രക്ഷകരെ നിയോഗിക്കുന്ന രീതിയും നിർഭാഗ്യവശാൽ അടുത്ത കാലത്തും കാണാൻ ഇടയായതും ജനം മറന്നിരിക്കില്ല. നേതാവിനെ ഒരാൾ പോലും തിരിച്ചറിഞ്ഞില്ലെങ്കിലും അംഗ രക്ഷകരെ കണ്ടെങ്കിലും ഒരു വിഐപി പത്രാസ് ഇരിക്കട്ടെ എന്ന ഇടുങ്ങിയ ചിന്താഗതിയാകണം ഇന്ത്യൻ രാഷ്ട്രീയക്കാരെ വിദേശ രാഷ്ട്ര നേതാക്കളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വേർതിരിക്കുന്നത്.

ഇപ്പോൾ യുകെയിൽ പ്രധാനമന്ത്രി ആയ ബോറിസ് ജോൺസണും മുൻഗാമി ഡേവിഡ് കാമറോണും കനേഡിയൻ നേതാവ് ജസ്റ്റിൻ ട്രൂടും ഒക്കെ ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി സൈക്കിൾ സഞ്ചരിക്കുന്നതൊക്കെ പുതുമയില്ലാത്ത കാഴ്ചകളാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി റെഡ് ക്രോസിന് വേണ്ടി ട്രക്ക് ഓടിച്ചു ഉക്രൈൻ സഹായത്തിനു എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. സമാനതകൾ ഇല്ലാത്ത കാര്യമാണ് കാമറോൺ ചെയ്തതെന്നാണ് സോഷ്യൽ മീഡിയ കയ്യടിക്കുന്നത്. അതിനിടയിൽ യാത്രയ്ക്കിടെ തന്റെ ട്രക്കിന്റെ ടയർ പൊട്ടിയ കാര്യവും കാമറോൺ ഇന്നലെ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.

എന്നാൽ ഏതു കാര്യത്തിലും കുറ്റം പറയാൻ ആരെങ്കിലും ഉണ്ടാകും എന്നത് സൂചിപ്പിച്ചു ഈ ചിത്രത്തിന് താഴെ വിമർശക ശബ്ദവും എത്തിയിരിക്കുകയാണ് .പൊട്ടിയ ട്രക്കിനെക്കാൾ ഒട്ടും മികവുറ്റതല്ല താങ്കൾ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ബ്രിട്ടനോട് ചെയ്തത് എന്നാണ് പ്രധാന വിമർശനം. കാമറോൺ അധികാരത്തിൽ വന്നപ്പോൾ എത്തിയ സാമ്പത്തിക മാന്ദ്യം അടക്കമുള്ള കാര്യങ്ങളാണ് വിമർശകരുടെ എതിർപ്പ് ഉയർത്താൻ കാരണമായത്. അതേസമയം ഉക്രൈൻ യാത്രക്കിടെ ജർമനിയിൽ വച്ച് ടയർ പൊട്ടിയപ്പോൾ സഹായത്തിനു എത്തിയ മെക്കാനിക് ജീവനക്കാരോട് നന്ദി പറയാൻ വേണ്ടിയാണു കാമറോൺ ആ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.

ടയർ പൊട്ടിയത് വഴി മോട്ടോർ വേയിൽ ഒരു ദിവസത്തിന്റെ പാതി നഷ്ടമായെന്നാണ് കാമറോൺ പറയുന്നത്. എന്നാൽ ഇതും ഒരു അനുഭവ പാഠം ആയെന്നും അദ്ദേഹം പറയുന്നു. കാര്യമായ കുഴപ്പം ഇല്ലാത്ത ടയറിനെ അമിതമായി വിശ്വസിച്ചതാണ് കുഴപ്പമായതത്രെ. അതിനാൽ അടുത്ത തവണ ഇങ്ങനെ ഒരു ഉദ്യമത്തിൽ നിശ്ചയമായും സ്റ്റെപ്പിനി ടയർ കരുതാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തങ്ങൾ പോയ വഴികളിൽ എല്ലാം ജർമനിയിലും പോളണ്ടിലും ഒക്കെ ഉക്രൈൻ ഐയ്ക്യ ദാർഢ്യം പകരാൻ ജനങ്ങൾ വഴിയരികിൽ ഉണ്ടായിരുന്ന കാര്യവും കാമറോൺ സൂചിപ്പിക്കുന്നു. പോളണ്ടിലെ റെഡ് ക്രോസ് ആസ്ഥാനത്താണ് ഒരു ട്രെക്ക് നിറയെ സാധനങ്ങളുമായി കാമറോണും സംഘവും എത്തിയത്.

പോളണ്ടിൽ എത്തിയ ഉക്രൈൻ അഭയാർത്ഥികൾക്ക് വേണ്ടിയാണു അത്യാവശ്യ സാധനങ്ങളുമായി കാമറോൺ എത്തിയത്. ഒട്ടേറെ പേർ ഇതിനിടയിൽ സഹായ ഹസ്തവുമായി വന്നതും ഓർമ്മയിൽ നന്ദി പൂർവം സൂക്ഷിക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പോളണ്ടിൽ കണ്ട കാഴ്ചകൾ വാക്കുകൾക്ക് അതീതമാണെന്നാണ് അദ്ദേഹം പറയുന്നത്.സന്നദ്ധ പ്രവർത്തകർ രാപ്പകൽ വത്യാസം ഇല്ലാതെ സഹായ രംഗത്ത് കര്മനിരതരാണ്. പോളണ്ടിലെ ഔദ്യോഗിക നേതൃത്വവും ഉക്രൈൻ ജനതയ്ക്കു വേണ്ടി ചെയുന്ന സേവനം മറക്കാവുന്നതല്ലെന്നും കാമറോൺ കുറിക്കുന്നു.

20 മണിക്കൂർ ഡ്രൈവ് ചെയ്താണ് താനും സംഘവും ആയിരം മൈൽ യാത്ര പൂർത്തിയാക്കിയതെന്നും അദ്ദേഹം വിശധീകരിക്കുന്നു. തന്റെ ഉദ്യമത്തിന് പിന്തുണ നൽകിയ ചിപ്പിങ് നോർട്ടനിലെ സന്നദ്ധ സേവകരോടും കാമറോൺ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.