- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കുമെന്ന് ഭയന്ന് ബ്രിട്ടൻ; 1973-ൽ എണ്ണ പ്രതിസന്ധിക്ക് ശേഷം സംഭവിക്കുന്ന മഹാദുരന്തം; പണപ്പെരുപ്പവും എനർജി നിരക്കുമെല്ലാവരുടെയും നടുവൊടിക്കും
ലണ്ടൻ: 1973-ലെ എണ്ണ പ്രതിസന്ധിയേക്കാൾ വലിയൊരു സാമ്പത്തിക പ്രതിസന്ധി ബ്രിട്ടനെ തുറിച്ചുനോക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നു. വരുന്ന വേനൽക്കാലത്ത് എണ്ണവില ബാരലിന് 240 ഡോളർ വരെ ആയേക്കും എന്ന വാർത്തയെ തുടർന്നാണ് ഈ ആശങ്കയുണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ എണ്ണവില കുതിച്ചുയരുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചതോടെ ഇത് ഇനിയും വർദ്ധിക്കും. ഇപ്പോൾ തന്നെ സാമ്പത്തിക ദുരിതം അനുഭവിക്കുന്ന സാധാരണ ബ്രിട്ടീഷുകാർക്ക് താങ്ങാനാവുന്നതിലും വലുതായിരിക്കും ഇനി വരാൻ പൊകുന്ന ദുരന്തങ്ങൾ.
അതോടൊപ്പം, വർദ്ധിച്ചു വരുന്ന നാണയപ്പെരുപ്പ നിരക്ക് -നിലവിൽ അത് 5.5 ശതമാനമാണ്- ഒരു ശരാശരി കുടുംബത്തിന് പ്രതിവർഷം 1750 പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഒരു സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിക്കുന്നു എന്ന് പറയുമ്പോഴും അതുപറഞ്ഞ് ഒരു ആശങ്കയുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഭരന കക്ഷി എം പിയായ സ്റ്റീവ് ബേക്കർ പറഞ്ഞത്. അത് ഉണ്ടാകുമോ ഇല്ലയൊ എന്നത് നയപരമായ പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുവാൻ തന്നെയാണ് സർക്കാർ തീരുമാനമെങ്കിൽ 1973- ൽ കണ്ടതിനേക്കാൾ വലിയ പ്രതിസന്ധി നേരിടേന്റി വരുമെന്ന് ലിബറൽ ഡെമോക്രാറ്റിക് നേതാവും മുൻ എനർജി സെക്രട്ടറിയുമായ സർ എഡ് ഡേവീ പറയുന്നു. ഉടനടി വർദ്ധിപ്പിക്കാൻ പോകുന്ന നാഷണലിൻഷുറൻസിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോൾ വർദ്ധനവിന് തടയിട്ട് ജനങ്ങൾക്ക് അല്പം ആശ്വാസം പകരേണ്ട സമയമാണെന്നാണ്.
ബ്രിട്ടീഷ് ജനതയും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയും ഇപ്പോൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യം വരുമാനത്തിൽ കുറവുണ്ടാകരുത് എന്നതാണെന്നും അദ്ദേഹം പറഞ്ഞു. 1973-ൽ യോം കിപ്പുർ യുദ്ധത്തിൽ ഇസ്രയേലിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് അറബി രാജ്യങ്ങൾ എണ്ണവില നാലിരട്ടിയാക്കുകയും അതിന്മേൽ തീരുവ ചുമത്തുകയും ചെയ്തതോടെ വൻ പ്രതിസന്ധിയായിരുന്നു ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് നേരിടേണ്ടി വന്നത്. തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ 1975-ൽ ബ്രിട്ടനിലെ നാണയപെരുപ്പ നിരക്ക് 23 ശതമാനം വരെ എത്തിയിരുന്നു.
റഷ്യയ്ക്കെതിരെയുള്ള ഉപരോധം പാശ്ചാത്യ ശക്തികൾ തുടർന്നുപോവുകയാണെങ്കിൽ എണ്ണവില ബാരലിന് 240 ഡോളർ വരെയായി ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി തടയുന്നതോടെ പ്രതിദിനം 4.3 മില്യൺ ബാരലിന്റെകുറവാണ് ആഗോളവിപണിയിൽ ഉണ്ടാവുക. ഇത് മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നും എണ്ണവാങ്ങി ലളിതമായി പരിഹരിക്കാവുന്ന പ്രതിസന്ധിയല്ലെന്ന് ഇൻഡസ്ട്രി കൺസട്ടൻസായ റിസ്റ്റാഡ് എനെർജി പറയുന്നു.
അതേസമയം, ഗ്യാസ്, വൈദ്യൂതി ബില്ലുകൾക്ക് കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം 12 ബില്യൺ പൗണ്ടിലധികമായി എന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസമാണ് കുടുംബങ്ങൾക്ക് ഊർജ്ജ ബില്ലിൽ കിഴിവ് നൽകുമെന്ന് ചാൻസലർ ഋഷി സുനാക് വാഗ്ദാനം നൽകിയത്. 9 ബില്യൺ പൗണ്ടിന്റെ ധനസഹായമായിരുന്നു സർക്കാർ ആലോചിച്ചിരുന്നെങ്കിലും ഇത് 12 ബില്യൺ പൗണ്ടിന്റെ അധിക ചെലവു കൂടിയുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. അതായത്, ഈ സഹായ പദ്ധതിയുടെ മൊത്തം ചെലവ് 21 ബില്യൺ പൗണ്ടോളം വരുമെന്ന് ചുരുക്കം.
മറുനാടന് ഡെസ്ക്