- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാനത്തെ ബ്രിട്ടീഷ് പട്ടാളക്കാരനും അഫ്ഗാൻ വിട്ടു; 150 ബ്രിട്ടീഷുകാരും യോഗ്യതയുള്ള 1500 അഫ്ഗാനികളും കാബൂളിൽ കുടുങ്ങി; അവസാന അമേരിക്കൻ പട്ടാളക്കാർ ഇന്നും നാളെയുമായി മടങ്ങും; ഇനി അഫ്ഗാനിൽ നിന്നും ആരും പുറത്തേക്കില്ല; വിമാനത്താവളത്തിനുള്ളിലും താലിബാന്റെ കടുത്ത നിയന്ത്രണം; വഴിനീളെ ചെക്ക്‌പോസ്റ്റുകൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒഴിപ്പിക്കൽ ദൗത്യം തുടരുന്നതിനിടെ അവശേഷിച്ച ബ്രിട്ടീഷ് പട്ടാളക്കാരുമായി യുകെ വിമാനം കാബൂളിൽ നിന്നും മടങ്ങി. 150 ബ്രിട്ടീഷുകാരെയും രാജ്യം വിടാൻ തയ്യാറായെത്തിയ യോഗ്യതയുള്ള 1500 അഫ്ഗാനികളെയും ഒപ്പം കൂട്ടാതെയാണ് രണ്ട് പതിറ്റാണ്ടുകൾ നീണ്ട സൈനിക ഇടപെടലിന് വിരാമമിട്ട് ബ്രിട്ടൻ പിൻവാങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൗഡനുമായി ഒഴിപ്പിക്കൽ ദൗത്യത്തിലെ ഭിന്നത രൂക്ഷമായതോടെയാണ് ബ്രിട്ടൻ അതിവേഗം പിൻവാങ്ങൽ നടത്തിയത്.
ബ്രിട്ടീഷ് സൈനികരുടെ പിന്മാറ്റം വ്യക്തമാക്കി പാരച്യൂട്ട് റെജിമെന്റും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞ ദിവസം രാത്രി ഓൺലൈനിൽ സൈനിക വിമാനത്തിനുള്ളിലെ വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരുന്നു. 150 ബ്രിട്ടീഷുകാരുടെ മടക്കം ആശങ്കയായി നിലനിൽക്കെയാണ് ബ്രിട്ടീഷ് സൈന്യം പിൻവാങ്ങിയത്. യുദ്ധത്തിൽ തകർന്ന രാജ്യത്ത് ബ്രിട്ടന്റെ അഭാവം താൽക്കാലികം മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സാവകാശം തേടാതെ ഓഗസ്റ്റ് 31 നുള്ളിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കാനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് കൈക്കൊണ്ടതോടെ ബ്രിട്ടൻ അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് മുന്നിൽ മറ്റു വഴികൾ ഇല്ലാതായിരുന്നു. കാബൂളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പിൻവാങ്ങൽ നീക്കം അതിവേഗത്തിലായത്. അടുത്ത 24-36 മണിക്കൂറിനുള്ളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജോ ബൈഡൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കുന്നതിനുമുമ്പ് യുഎസ് സൈന്യം കാബൂൾ വിമാനത്താവളത്തിന്റെ അന്തിമ ഒഴിപ്പിക്കലിലേക്ക് കടന്നിരിക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ യുകെ സൈനിക ഒഴിഞ്ഞുമാറ്റമായ ഓപ്പറേഷൻ പിറ്റിങ്, നൂറിലധികം വിമാനങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 15,000 ത്തിലധികം ആളുകളെ രക്ഷാദൗത്യത്തിൽ ഒഴിപ്പിച്ചിരുന്നു.
അതിൽ 5,000 ബ്രിട്ടീഷ് പൗരന്മാരും അവരുടെ കുടുംബങ്ങളും 8,000 -ലധികം അഫ്ഗാൻ മുൻ യുകെ ജീവനക്കാരും അവരുടെ ബന്ധുക്കളും ഉൾപ്പെടുന്നു. ഏകദേശം 2,200 കുട്ടികളെ രക്ഷിക്കാനായി. ഇക്കൂട്ടത്തിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവും ഉൾപ്പെടുന്നു.
അതേ സമയം കാബൂൾ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഐ എസ് കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ച് ജോ ബൈഡൻ രംഗത്തെത്തി. ആക്രമണത്തിന്റെ ആസൂത്രകരെന്ന് കരുതുന്ന രണ്ട് ഭീകരരെ വധിക്കാനായി എന്ന് വ്യക്തമാക്കി. എന്നാൽ യുഎസ് ഡ്രോൺ ആക്രമണത്തെ താലിബാൻ അപലപിച്ചു, 'അഫ്ഗാൻ പ്രദേശത്ത് വ്യക്തമായ ആക്രമണം' എന്നാണ് ഒരു വക്താവ് കുറ്റപ്പെടുത്തിയത്.
അതേ സമയം കാബൂൾ വിമാനത്താവളത്തിന് ചുറ്റും ശനിയാഴ്ച കൂടുതൽ അംഗങ്ങളെ താലിബാൻ വിന്യസിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടും കൂടുന്നത് ഒഴിവാക്കാനാണ് നടപടി. അഫ്ഗാനിൽനിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ താലിബാനെ പ്രേരിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ താലിബാന്റെ പുതിയ ചെക്ക്‌പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിനെ തുടർന്ന് പ്രാണരക്ഷാർഥം മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നതിനായി ഒട്ടേറെയാളുകൾ എത്തിച്ചേർന്നിരുന്ന വിമാനത്താവള പരിസരം ഏറെക്കുറെ ഒഴിഞ്ഞ നിലയിലാണുള്ളത്.
ചില ചെക്കുപോസ്റ്റുകൾ യൂണിഫോമിട്ട താലിബാൻ അംഗങ്ങളാണ് നിയന്ത്രിക്കുന്നത്. അഫ്ഗാൻ സേനയിൽനിന്ന് തട്ടിയെടുത്ത സൈനികവാഹനങ്ങളും രാത്രിയിലെ കാഴ്ചയ്ക്കുപയോഗിക്കുന്ന കണ്ണടകളും ഉപയോഗിച്ചാണ് ചെക്കുപോസ്റ്റുകളിൽ താലിബാൻ സേന നിലയുറപ്പിച്ചിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരസംഘം വ്യാഴാഴ്ച നടത്തിയ ചാവേർ ആക്രമണത്തിൽ 169 അഫ്ഗാൻ പൗരന്മാരും 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവർ ഇനിയും ആക്രമണം നടത്തിയേക്കുമെന്ന സൂചനയും ഇവിടെ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് 31-ന് യു.എസ്. സൈന്യം അഫ്ഗാൻ വിടുമെന്നിരിക്കെ, ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളും രക്ഷാദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു.
യു.എസിന്റെ കണക്കുപ്രകാരം ഏകദേശം ഒരു ലക്ഷത്തിൽപരമാളുകളെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി മറ്റുരാജ്യങ്ങളിലെത്തിച്ചു. എന്നാൽ, പതിനായിരക്കണക്കിന് ആളുകൾ രാജ്യം വിടാൻ വേണ്ടി ഇനിയും കാത്തുനിൽക്കുന്നുണ്ട്. രക്ഷാദൗത്യം അവസാനിക്കാൻ രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഇവർക്കെല്ലാം രാജ്യം വിടാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്