- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം യു കെ മലയാളികൾക്ക് നാട്ടിൽ വന്നു പോകാൻ കഴിയില്ലേ? ഏത് രാജ്യത്തു നിന്ന് യു കെയിൽ എത്തിയാലും നേരേ ഹോട്ടലിലേക്ക് കൊണ്ടുപോയി കാശുവാങ്ങി 10 ദിവസം ക്വാറന്റൈൻ ചെയ്യിക്കും; അതികഠിനമായ നിയന്ത്രണങ്ങളുമായി ബോറിസ് ജോൺസന്റെ പ്രഖ്യാപനം ഉടൻ
ലണ്ടൻ: ഒഴിവുകാലയാത്രകൾ ഭൂതകാലസ്മരണകളായി മാറുകയാണോ ബ്രിട്ടീഷുകാർക്ക്? കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അത് അങ്ങനെയാകും എന്നുതന്നെയാണ് തോന്നുന്നത്. ഒഴിവുകാലയാത്രകൾ മാത്രമല്ല, ബ്രിട്ടനിൽ കുടിയേറിയിരിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗത്തിനും ഈ വർഷം സ്വന്തം നാട്ടിലേക്കുള്ള യാത ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേക്കാം. കൊറോണയെ പിടിച്ചുകെട്ടാൻ കൂടുതൽ കഠിനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലമായി ധാരാളം ബ്രിട്ടീഷുകാർക്ക് വിദേശയാത്രകൾ റദ്ദു ചെയ്യേണ്ട സ്ഥിതിവിശേഷം വന്നു ചേരും.
ഏത് രാജ്യത്ത് പോയി മടങ്ങിവന്നാലും ബ്രിട്ടനിൽ പത്തു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമായി വരും. ഇതിനായുള്ള പദ്ധതികൾ അതിവേഗം നടപ്പിലാക്കി വരികയാണ്. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഈ നിയന്ത്രണത്തിൽ നിന്ന് ബ്രിട്ടനിലെ സ്ഥിരതാമസക്കാരെ ഒഴിവാക്കുവാൻ ബോറിസ് ജോൺസൺ ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതുപോലെ ഈ നിയന്ത്രണം പുതിയ ഇനം വൈറസിനെ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കായി ചുരുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്.
പക്ഷെ ആസ്ട്രേലിയൻ മോഡലിൽ ആരേയും ഒഴിവാക്കാതെയുള്ള ഹോട്ടൽ ക്വാറന്റൈൻ എന്ന ആവശ്യമായിരുന്നു, മന്ത്രിസഭ പാസ്സാക്കിയത്. ഇതനുസരിച്ച്, ഏത് രാജ്യത്തെ പൗരനായാലും, വരുന്നത് ഏത് രാജ്യത്തുനിന്നായാലും ബ്രിട്ടനിൽ എത്തിയാൽ ഉടൻ തന്നെ ഹോട്ടലുകളിലേക്ക് പറഞ്ഞയയ്ക്കും. പിന്നീട് പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണം. അതായത്, ബ്രിട്ടനിലെ താമസക്കാർ, വിദേശയാത്രയ്ക്ക് പോയാൽ, യാത്രാ ചെലവുകൾക്ക് പുറമേ, പത്ത് ദിവസത്തെ ക്വാറന്റൈൻ ചെലവുകൂടി വഹിക്കേണ്ടതായി വരും. ഇത്തരത്തിൽ ക്വാറന്റൈനായി തെരഞ്ഞെടുക്കപ്പെടുന്ന ഹോട്ടലുകളിൽ കനത്ത സുരക്ഷയും ഉണ്ടാകും.
ഈ വാർത്ത പുറത്തുവന്ന ഉടൻ തന്നെ ഇതിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. ഇപ്പോൾ തന്നെ തകർച്ചയുടെ ആഴങ്ങളിലെത്തിയ ട്രാവൽ മേഖലയ്ക്ക് ഈ തീരുമാനം കൂടുതൽ വലിയ തിരിച്ചടി നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, വിമാനത്താവളങ്ങൾക്കും ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർ, കൂടുതൽ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതിനാൽ, ക്ലിയറൻസിനായി കാത്തുനിൽക്കുന്നവരുടെ ക്യു നീളുകയുമാണ്.
ഈ പുതിയ തീരുമാനം, വരുന്ന വേനൽക്കാലത്ത് ഉല്ലാസയാത്രകൾക്ക് പോകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്തും എന്നതിൽ തർക്കമില്ല. അതേസമയം, പ്രിയപ്പെട്ടവരെ കാണുവാൻ ജന്മനാട്ടിലേക്ക് പോയിവരാൻ കാത്തിരിക്കുന്ന ഇടത്തരക്കാരായ കുടിയേറ്റക്കാരേയും ഇത് വിപരീതമായി ബാധിക്കും. കഷ്ടപ്പെട്ട് മിച്ചം പിടിച്ചുണ്ടാക്കിയ പണത്തിൽ നിന്നും വേണം യാത്രകഴിഞ്ഞ് മടങ്ങിയെത്തിയിൽ സ്വന്തം വീടിനടുത്ത് പണം നൽകി ഹോട്ടലിൽ കഴിയുവാൻ. സാമ്പത്തിക നഷ്ടം ഇതിൽ മാത്രം ഒതുങ്ങുന്നില്ല, നാട്ടിൽ പോയി തിരിച്ചെത്തിയാലും പത്തുദിവസം ജോലി ചെയ്യാൻ കഴിയാത്തതുകൊണ്ടുള്ള നഷ്ടം വേറെയും.
പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയരുണ്ടെങ്കിലും ഇത് നടപ്പാക്കുവാൻ തീരുമാനിച്ചു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതിയ ഇനം വൈറസിൽ നിന്നും ബ്രിട്ടനെ സംരക്ഷിക്കുവാൻ ഏതറ്റം വരെ പോയാലും തെറ്റില്ല എന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ബ്രിട്ടനിൽ കണ്ടെത്തിയ, സൗത്ത് ആഫ്രിക്കൻ വൈറസ് ബാധയുള്ള 77 പേർക്കും രോഗബാധയുണ്ടായത് യാത്രയുമായി ബന്ധപ്പെട്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിനോടൊപ്പം ഒമ്പതുപേരിൽ ബ്രസീലിയൻ വൈറസിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. ഇവരും വിദേശയാത്രകൾ കഴിഞ്ഞെത്തിയവരാണ്.
മറുനാടന് ഡെസ്ക്