ലണ്ടൻ: ബ്രക്‌സിറ്റോടെ യൂറോപ്യൻ യൂണിയന് പുറത്തു കടക്കുന്ന ബ്രിട്ടൻ പ്രതീക്ഷയോടെ നോക്കുന്ന രാജ്യങ്ങളിൽ പ്രധാനമാണ് ഇന്ത്യ. അതുകൊണ്ടാണ് അധികാരമേറ്റ ശേഷം ആദ്യം തെരേസ മേ ഇന്ത്യാ സന്ദർശനം നടത്തിയത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ചർച്ചകൾ ആണ് നടന്നത്. ഇന്ത്യക്കാർക്കുള്ള വിസയിൽ കൂടുതൽ ഉദാരമായ സമീപനം വേണം എന്നതാണ് ഇന്ത്യ ആവശ്യപ്പെട്ട പ്രധാന കാര്യം. അതിന്റെ ഭാഗമായി അനധികൃതമായി ബ്രിട്ടനിൽ എത്തിയവരെ തിരിച്ചയക്കാൻ സഹായിക്കണം എന്ന ആവശ്യം ബ്രിട്ടൻ മുൻപോട്ടു വച്ചപ്പോൾ ഇന്ത്യ പൂർണ മനസ്സോടെ സമ്മതിച്ചു.

ഇന്ത്യയും ബ്രിട്ടനും ഒപ്പു വച്ച കരാർ അനുസരിച്ചു ഇന്ത്യക്കാരൻ ആണ് എന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഇല്ലാത്ത ഒരാൾ ആണ് പിടിയിൽ ആകുന്നതെങ്കിൽ പോലും എത്രയും വേഗം ഇന്ത്യ തീർപ്പുണ്ടാക്കും. ഇതിന്റെ പ്രതിഫലമായി ഒട്ടേറെ വിസ ഇളവുകൾ ഇന്ത്യക്കു ബ്രിട്ടൻ നൽകുമെന്നാണ് റിപ്പോർട്ട്. ഏപ്രിലിൽ മോദി ബ്രിട്ടനിൽ എത്തുമ്പോഴായിരിക്കും ഈ പ്രഖ്യാപനങ്ങൾ. അതിന്റെ  ഭാഗമായി ചരിത്രപരമായ ഒരു പരിഷ്‌കാരം വരുത്തി കഴിഞ്ഞു. കൂടാതെ വിസിറ്റിങ് വിസയുടെ കാലാവധി വർധിപ്പിക്കുക, ചിലർക്കെങ്കിലും വിസ ഓൺ അറൈവൽ ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും പരിഗണനയിൽ ആണ്.

ബിസിനസ് ആവശ്യത്തിന് ബ്രിട്ടൻ സന്ദർശിക്കുന്നവർക്ക് വിസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തണമെന്നതായിരുന്നു ഇന്ത്യ തെരേസയ്ക്ക് മുന്നിൽവെച്ച ആവശ്യങ്ങളിലൊന്ന്. ഇന്ത്യയിലും യുകെയിലും ബിസിനസ് നടത്തുന്നവർക്കായി രജിസ്‌ട്രേഡ് ട്രാവലർ സ്‌കീം ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണനയിലുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെട്ട ബിസിനസ് യാത്രക്കാർക്ക് ഹീത്രൂവിലും മറ്റ് പ്രധാനപ്പെട്ട വിമാനത്താവളത്തിലും വിസ ഓൺ അറൈവൽ സംവിധാനമായിരിക്കും നടപ്പാക്കുക.

ചെലവുകുറഞ്ഞ, കൂടുതൽ കാലാവധിയുള്ള വിസ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. ചൈന ഇപ്പോൾ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ചും സജീവമായ ആലോചനകൾ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഏപ്രിലിൽ മോദിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹോം ഓഫീസിന് ഇത്തരം കാര്യങ്ങൾ ആലോചിക്കാൻ വേണ്ടത്ര സമയം കിട്ടുന്നുണ്ട് എന്നതാണ് ഗുണകരമായ കാര്യം.

ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവർ മൂന്നുമാസം മുമ്പേ വിസയ്ക്ക് അപേക്ഷിക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ വെബ്‌സൈറ്റിൽ ഹൈക്കമ്മിഷൻ പ്രസിദ്ധപ്പെടുത്തിയ അറിയിപ്പിൽ പറയുന്നു. ആറുമാസത്തേയ്‌ക്കോ അതിൽ കൂടുതലോ ഉള്ള കാലയളവിലേക്കുള്ള പോസ്റ്റ് ഡേറ്റഡ് വിസകളുടെ കാലയളവ് മുഴുവൻ ലഭിക്കുന്നതിന് വേണ്ടിയാണിത്. എന്നാണോ യാത്ര ചെയ്യുന്നത് അന്നുമുതൽക്ക് വിസയുടെ കാലയളവ് പരിഗണിച്ച് തുടങ്ങുന്ന തരത്തിലാണ് പോസ്റ്റ് ഡേറ്റഡ് വിസ അനുവദിക്കുക.

ഏപ്രിലിൽ യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക്, ഇപ്പോൾത്തന്നെ വിസയ്ക്ക് അപേക്ഷിക്കാം. വിസ എന്ന് അനുവദിച്ചാലും, യാത്രാ തീയതിമുതലാകും അതിന്റെ വാലിഡിറ്റി വരിക. ഇന്ത്യക്കാർക്കുള്ള വിസ സേവനങ്ങൾ മറ്റേത് രാജ്യത്തെക്കാളും പ്രാധാന്യത്തോടെയാണ് ബ്രിട്ടൻ കാണുന്നത്. മറ്റേത് രാജ്യത്തുള്ളതിനെക്കാളും കൂടുതൽ വിസാ സേവന കേന്ദ്രങ്ങളും ബ്രിട്ടൻ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിസയ്ക്കുവേണ്ടി അടുത്തിടെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ വിസ പ്രീമിയം ലോഞ്ച് ആരംഭിച്ചതും ഇതിന്റെ ഭാഗമായാണ്.

ഇക്കൊല്ലം മുതൽ വിസ നടപടികൾ കൂടുതൽ ലളിതമാക്കുന്ന പദ്ധതിക്കും യുകെ വിസ ആൻഡ് ഇമിഗ്രേഷൻ രൂപം നൽകിയിട്ടുണ്ട്. അപേക്ഷാനടപടികൾ ഓൺലൈനാക്കിയും ഇതിന്റെ പരിശോധന കൂടുതൽ വേഗത്തിൽ നടക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയും കാര്യമായ മാറ്റംകൊണ്ടുവരും. കൂടുതൽ വിസ ഉപകേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്.

ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളെ കൂടുതലായി ബ്രിട്ടനിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള ബീറ്റ് 2018 പരിപാടിക്ക് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി സർ ഡൊമിനിക് അസ്‌ക്വിത് തുടക്കമിട്ടു. ഇന്ത്യൻ വിനോദസഞ്ചാര മേഖലയിൽ കൂടുതലായി ഇടപെട്ട് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും അവരുടെ വിസ നടപടികൾ ലളിതമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുകെയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 2017-ൽ റെക്കോഡ് വർധനയുണ്ടായതാണ് കൂടുതൽ ടൂറിസ്റ്റ് സൗഹൃദ പരിപാടികൾ ആവിഷ്‌കരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

അതേസമയം, ബ്രിട്ടനിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നിയന്ത്രിക്കുവാനും കരാർ ആയിട്ടുണ്ട്. ഇതുപ്രകാരം ബ്രിട്ടനിൽ വച്ച് വിസയില്ലാതെ ഇന്ത്യക്കാരെ പിടിച്ചാൽ 15 ദിവസത്തിനകം ഇന്ത്യ സ്ഥിരീകരണം നൽകണം. പാസ്‌പോർട്ട് ഇല്ലാതെ പിടിയിലാവുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ഇത് പ്രകാരം ഇന്ത്യ 70 ദിവസത്തിനകവും സ്ഥിരീകരണം നൽകേണ്ടതാണ്. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ഇരു രാജ്യങ്ങളും കർക്കശമായ കരാറാണ് ഒപ്പ് വച്ചിരിക്കുന്നത്.

ഈ വർഷം ഏപ്രിലിൽ മോദിയുടെ യുകെ സന്ദർശനം പ്രമാണിച്ച് അദ്ദേഹം ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് അനുസരിച്ചാണ് ഈ വ്യവസ്ഥ നിലവിൽ വരുന്നത്. മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിലെ വ്യവസ്ഥകൾ ഇന്ത്യയുടെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഹോം ആയ കിരൺ റിജുവും യുകെ മിനിസ്റ്റർ ഫോർ ഇമിഗ്രേഷൻ ആയ കരോലിനെ നോക്‌സും തമ്മിൽ കഴിഞ്ഞ ആഴ്ച ലണ്ടനിൽ വച്ച് ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിൽ എത്തിയിരുന്നു.