ണ്ടനിൽ താമസിക്കുന്ന ബിബിൻ ദാസ് എന്ന മലയാളി മെയിൽ നേഴ്‌സ് യാദൃശ്ചികമായാണ് കേരളീയരെ അടച്ചാക്ഷേപിച്ചുകൊണ്ടുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടത്. കേരളീയരെ കറുത്തവരും വൃത്തികെട്ടവരുമാക്കി മാറ്റിക്കൊണ്ടുള്ള ഈ പോസ്റ്റ് കണ്ടു സഹിക്കാനാവാതെ ബിബിൻ തന്റെ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. അധികം സുഹൃത്തുക്കളോ എന്നും ഫേസ്‌ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്ന സെലിബ്രറ്റിയോ ഒന്നും അല്ലാതിരുന്നിട്ടും ബിബിൻ ദാസിന്റെ പോസ്റ്റ് മലയാളികളുടെ സൈബർ ലോകം ഏറ്റെടുക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് സംഘതി ചൗധരി എന്ന ബംഗാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ബിബിൻ ദാസ് ഇട്ട പോസ്റ്റിനു ഇതേവരെ 7000 ഷെയറുകൾ എത്തിക്കഴിഞ്ഞു.

സംഘതി ചൗധരിയുടെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു- 'കേരളീയർ തൊലിനിറം കൊണ്ട് മാത്രമല്ല വിരൂപർ, അവരുടെ ഹൃദയം അവരുടെ മുഖത്തെയും ശരീരത്തെയുംകാൾ വികൃതമാണ്. ദുഷിച്ച മനസുള്ള ഏറ്റവും വിരൂപരാണ് കേരളീയർ. അവർ ജീവിക്കേണ്ടത് നരകത്തിലാണ്.. മന്ദബുദ്ധികൾ..:' എന്നായിരുന്നു സംഘതി ഫേസ്‌ബുക്കിൽ കുറിച്ചത്. ഒപ്പം തെരുവു നായ്ക്കളെ കൊല്ലുള്ള ഒരു മലയാളിയുടെ ചിത്രവും സംഘതി പോസ്റ്റിനൊപ്പം ചേർത്തിരുന്നു. തെരുവു നായ്ക്കളെ കൊല്ലുന്നതിനെതിരെയാണ് സംഘതി പോസ്റ്റിട്ടത്.

ഇത് ശ്രദ്ധയിൽ പെട്ട ബിബിൻ ദാസ് വെള്ളിയാഴ്ച യുകെ സമയം രാത്രി 7.47നാണ് ഇതിനെതിരെ തന്റെ ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. ജൂലൈ 11നു സംഘതി ചൗധരി എഴുതിയ പോസ്റ്റ് അതോടെ വൈറലാവുകയായിരുന്നു. വംശീയതയുടെ ഏറ്റവും കറകളഞ്ഞ ഉദാഹരണം എന്ന നിലയിലാണ് ഇത് പ്രചരിച്ചതും അനേകം പേർ സംഘതിയുടെ വാളിൽ എത്തി തെറിപറഞ്ഞതും. പലരും ചെയ്യുന്നതുപോലെ ആവേശം കയറി കൊല വിളിക്കുന്ന പോസ്റ്റായിരുന്നില്ല ബിബിന്റേത്. മാന്യമായ ഭാഷയിൽ മലയാളികളെ കുറിച്ചുള്ള തെറ്റിദ്ധാരണ ചൂണ്ടിക്കാട്ടിയായിരുന്നു ബിബിൻ എഴുതിയത്.-' തെരുവു നായ്ക്കളെ കൊല്ലരുതെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ് ഒട്ടെറെ മൃഗസ്‌നേഹികൾ രംഗത്ത് വന്നെങ്കിലും തെരുവുനായ്ക്കളുടെ കടിയേറ്റ ആയിരകണക്കിന് മനുഷ്യജീവനുകളെ പിന്തുണയ്ക്കാൻ ആരും എത്താത്തത് അതിശയകരമാണ് എന്നു പറഞ്ഞാണ് ബിബിൻ ഫേസ്‌ബുക്കിൽ പോസ്റ്റ് തുടങ്ങിയത്. തന്നെത്താൻ മൃഗസ്‌നേഹിയും ആക്ടിവിസ്റ്റുമാണ് എന്നുമാണ് സംഘതി അവകാശപ്പെടുന്നത്. മനുഷ്യനെ മനസിലാക്കാതെയും ബഹുമാനിക്കാതെയും, നിറത്തിന്റെ പേര് പറഞ്ഞ് കേരളീയരെ ആക്ഷേപിക്കുകയും ചെയ്ത സംഘതിക്ക് എങ്ങനെയാണ് മറ്റു ജീവജാലങ്ങളെ സംരക്ഷിക്കാനാകുക.

വർണവിവേചനത്തിന്റെ പേരിൽ മറ്റുള്ളവരെ ആക്ഷേപിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇനി ആക്ഷേപിച്ചാൽ നിശബ്ദരായി ഇരിക്കാൻ കഴിയില്ല. ഞങ്ങൾ കറുപ്പും ഹൃദയശൂന്യരുമാണ് എന്നു നിങ്ങൾ പറഞ്ഞു. നിങ്ങൾ എപ്പോഴെങ്കിലും കേരളത്തിലെ പോയിട്ടുണ്ടോ ?? മറ്റ് സംസ്ഥാനങ്ങളിലെ 2.5 ദശലക്ഷം കുടിയേറ്റക്കാരുടെ വീടാണ് കേരളം. അതിലാകട്ടെ ബഹുഭൂരിപക്ഷം നിങ്ങൾ ഉൾപെടുന്ന പശ്ചിമ ബംഗാളിൽ നിന്ന് തന്നെ. എന്തുകൊണ്ടാണ് കേരളത്തിലേക്ക് സംഘതിയുടെ നാട്ടുകാർ ജോലി തേടി ഒഴുകുന്നത്? അത് ഞങ്ങൾ കറുത്തവരും ഹൃദയശൂന്യരും ആയതുകൊണ്ടാണോ? നിങ്ങൾ കേരളീയരെ മന്ദബുദ്ധികൾ എന്നു വിളിച്ചു. കറുപ്പായതുകൊണ്ടാണോ ഞങ്ങൾ മന്ദബുദ്ധികളാണെന്ന് സംഘതി പറയുന്നത്.

2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. 93.91% സാക്ഷരത കേരളത്തിനുള്ളപ്പോൾ പശ്ചിമ ബംഗാൾ ആദ്യത്തെ 15ൽ പോലുമില്ല. പ്രിയ സംഘതി, വളരെക്കാലം കോളനിവാഴ്ച നിലനിന്നപ്പോൾ ഇന്ത്യക്കാരായ നമ്മളെ പല രാജ്യക്കാരും ചൂഷണം ചെയ്യുകയും വർണവിവേചനം നടത്തി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സംഘതിയെ പോലുള്ളവരും ഇന്ത്യാക്കാർക്കിടയിൽ വിവേചനം നടത്തുന്നു. ആദ്യം നിങ്ങളുടെ സ്വഭാവം രൂപീകരിക്കുക, അതാണ് നിങ്ങൾക്ക് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്ന സ്വാമി വിവേകാനന്ദന്റെ വചനം ഓർക്കുക.

അതിനാൽ നിങ്ങൾ അടുത്ത തവണ ഒരു മലയാളി കാണുമ്പോൾ പുഞ്ചിരിക്കാൻ ശ്രമിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന നോക്കുക. നിങ്ങളുടെ വെളുത്ത നിറത്തെ കുറിച്ച് അമിതമായ അഭിമാനം തോന്നുന്നെങ്കിൽ നിങ്ങളുടെ വംശീയതയെകുറിച്ച് ഒരു ഗവേഷണം നടത്തുന്നത് നല്ലതായിരിക്കും. കൊൽക്കത്ത വളരെക്കാലം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു'' എന്നു മറക്കരുതെന്നും പറഞ്ഞാണ് ബിബിൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഒരു പക്ഷേ ഈ മിതത്വം ആയിരിക്കും 24 മണിക്കൂർ കൊണ്ട് ഈ പോസ്റ്റിനെ ഇത്രയധികം ജനപ്രിയമാക്കിയത്. ബിബിന്റെ പോസ്റ്റിന് ഷെയറിനൊപ്പം തന്നെ ലൈക്കുകളും ഒട്ടെറെ കമന്റുകളും ലഭിച്ചിട്ടുണ്ട്. മൃഗസ്‌നേഹത്തിനപ്പുറം സംഘതിക്ക് കേരളീയരോടുള്ള വെറുപ്പാകും പോസ്റ്റിടാൻ പ്രേരിപ്പിച്ചതെന്ന് ഒരാൾ ബിബിന്റെ പോസ്റ്റിൽ കമന്റിട്ടിട്ടുണ്ട്. കേരളീയരുടെ നെഞ്ചത്തോട്ട് കേറുന്നതിന് മുമ്പ് സ്വന്തം നാട്ടിലെ ചേരികളെകുറിച്ചും സോനോഗച്ചിയെകുറിച്ചും ഓർക്കുന്നത് നന്നായിരിക്കുമെന്നും പലരും കമന്റിട്ടുണ്ട്. സംഘതിക്കെതിരെ ഇത്തരത്തിൽ ഒരു പോസ്റ്റിടാൻ ബിബിൻ കാണിച്ച ആർജ്ജവത്തെയും പലരും കമന്റുകളിൽ പ്രശംസിക്കുന്നു.

ഷറപ്പോവയെ സച്ചിൻ ആരെന്നും ന്യുയോർക്ക് ടൈംസിനെ മംഗൾയാൻ എന്തെന്നും പഠിപ്പിച്ച മലയാളികൾ സംഘതിയുടെ ഫേസ്‌ബുക്കിൽ പൊങ്കാലയിടാൻ തുടങ്ങിയതോടെ സംഭവം കൈവിട്ടെന്ന് അറിഞ്ഞ് പോസ്റ്റ് ഡിലീറ്റ് ആക്കി സംഘതി മുങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ ഫേസ്‌ബുക്കിൽ സംഘതി ക്ഷമാപണം നടത്തി. താൻ വംശീയ വിരോധി അല്ലെന്നും കേരളീയരോട് ബഹുമാനം ആണെന്നും ഇനി തന്നെയും തന്റെ വീട്ടുകാരെയും അപമാനിച്ച് ആരും ഫേസ്‌ബുക്കിൽ മെസേജ് അയക്കരുതെന്നും സംഘതി ഫേസ്‌ബുക്കിൽ അഭ്യർത്ഥിച്ചു. തെറിവിളി സഹിക്കാൻ വയ്യാത്തതുകൊണ്ടാണോ എന്തോ ഇപ്പോൾ ഫേസ്‌ബുക്കിൽ നിന്നും സംഘതിയുടെ അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്.