ലണ്ടൻ: രാജ്യം വീണ്ടും ലോക്ഡോണിൽ വീണതോടെ ജീവിതം കീഴ്‌മേൽ മറിഞ്ഞ അനുഭവവുമായി ബ്രിട്ടീഷ് ജനത . കഴിഞ്ഞ മാർച്ച് മുതൽ ഘട്ടം ഘട്ടം ആയി മാസങ്ങളോളം അനുഭവിച്ച ദുരിതങ്ങൾ ഒരിക്കൽ കൂടി ബ്രിട്ടനെ തേടിയെത്തുന്നത് കോവിഡ് പ്രതിരോധം അമ്പേ കൈവിട്ട സാഹചര്യത്തിലാണ് .

കോവിഡ് പോസിറ്റീവ് രോഗികൾ ലക്ഷക്കണക്കിന് എന്ന നിലയിലേക്ക് മാറിയതോടെ വേറെ ഒരു വഴിയും രാജ്യത്തിന് മുന്നിൽ ഇല്ലെന്നു വക്തമാക്കിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ലോക്ഡോൺ പ്രഖ്യാപിച്ചത് . ആദ്യ ലോക്ഡോൺ കാലത്തേതു പോലെ സ്‌കൂളും കോളേജിലും ഒന്നും പോകാൻ കഴിയാതെ കുട്ടികൾ വീട്ടിലിരിക്കണം . സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം തുടരേണ്ടി വരും . ക്രിസ്മസ് അവധികഴിഞ്ഞു ഇന്ന് മിക്കയിടത്തും സ്‌കൂളുകൾ വീണ്ടും തുറക്കാനിരിക്കെയാണ് ഫെബ്രുവരി പാതി വരെ രാജ്യം തന്നെ അടച്ചിടാൻ തീരുമാനമായിരിക്കുന്നത് . ആദ്യലോക്ഡോൺ കാലത്തേ എല്ലാ നിയന്ത്രണങ്ങളും അതേപടി ഇത്തവണയും പിന്തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം .

അടുത്തിടെ പുറത്തുവന്ന സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ടിലും ലോകത്തു ഒരിടവും ഇനി സമ്പൂർണ ലോകഃഡൗണിലേക്കു പോകാൻ ധൈര്യപ്പെടില്ലെന്നു വക്തമാക്കിയ സാഹചര്യത്തിലും ബ്രിട്ടൻ എന്തുകൊണ്ട് ലോക്ഡോൺ പ്രഖ്യാപിച്ചു എന്ന് സാമാന്യ ബുദ്ധിയിൽ തന്നെ ബോധ്യപ്പെടുന്ന കാര്യമാണ് . ഇംഗ്ലണ്ടിലെ ആശുപത്രികൾ പൊതുവെ പൂർണമായും കോവിഡ് രോഗികളാൽ നിറഞ്ഞു കഴിഞ്ഞു . പുതിയ രോഗികളെ എടുക്കാൻ കഴിയാത്ത വിധം ആശുപത്രികൾ വീർപ്പു മുട്ടുകയാണ് . പലയിടത്തും രോഗികളുമായി ഒഴിവുള്ള ആശുപത്രികൾ തേടി ആംബുലൻസുകൾ പരക്കം പായുന്നു . ഇക്കഴിഞ്ഞ മാർച്ച് അവസാന വരവും ഏപ്രിൽ ആദ്യ വരങ്ങളിലും യുകെ ജനത കണ്ട ഭീതിതമായ ദിനങ്ങളാണ് മടങ്ങി വന്നിരിക്കുന്നത് . പ്രത്യേകിച്ചും ലണ്ടൻ പ്രദേശത്തു ലക്ഷണം പോലും കാണിക്കാത്ത രൂപമാറ്റം വന്ന വൈറസിന്റെ ആധിപത്യം വക്തമായതിനാൽ കഴിവതും പ്രായമായവരെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഉള്ള നെട്ടോട്ടമാണ് ഇപ്പോൾ ബ്രിട്ടൻ നടത്തുന്നത് .

അതിനിടെ യുകെയിൽ ലോക്ഡോണും നാട്ടിലെക്കു ഭാഗിക യാത്ര തടസവും ആയതോടെ ബ്രിട്ടനിലെ മലയാളി സമൂഹം ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ് . ഡിസംബർ മൂന്നാം വാരം വരെ കൊച്ചിയിലേക്ക് നേരിട്ട് പറക്കാൻ ഭാഗ്യം കിട്ടിയിരുന്ന യുകെ മലയാളികൾക്ക് രണ്ടാം വ്യാപനത്തിന്റെ ആശങ്കയിൽ ഇന്ത്യ വിമാന നിയന്ത്രണം ഏർപ്പെടുത്തിയതാണ് കനത്ത തിരിച്ചടി ആയി മാറുകയാണ് . ഈ വിമാനത്തിന്റെ മടങ്ങി വരവിനായി യുകെ മലയാളി സമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കുക ആണെങ്കിലും ലഭ്യമായ വിവരങ്ങൾ അത്ര ആശാവഹമല്ല . മാത്രമല്ല നിരോധനത്തിന് മുൻപുള്ള അവസാന വിമാനങ്ങളിൽ എത്തിയവരിൽ ആറുപേരിൽ നിന്നും ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയതോടെ ഇനിയെത്തുന്ന യുകെ മലയാളികളോട് നാട്ടിലെ മലയാളി സമൂഹം എങ്ങനെ പെരുമാറും എന്നും പറയാനാകില്ല .കോഴിക്കോട് , ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും ഉള്ള രണ്ടു വീതം ആളുകൾക്കും കോട്ടയം കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള ഓരോ യുകെ മലയാളിക്കുമാണ് രൂപമാറ്റം വന്ന കോവിഡ് കണ്ടെത്തിയിരിക്കുന്നത് .

ഒട്ടേറെ പേരുടെ കാര്യത്തിൽ സംശയം ഉണ്ടെന്നു ഊഹാപോഹം പരന്നതിനെ തുടർന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം പത്രസമ്മേളനം വിളിച്ചു സ്ഥിരീകരിച്ചത് . ഇതോടെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ കാളിയാറിൽ പിതാവിന്റെ സംസ്‌ക്കാരത്തിൽ പങ്കെടുക്കാൻ എത്തി നാട്ടുകാരുടെ ഊരുവിലക്ക് നേരിടേണ്ടി വന്ന സ്റ്റോക് ഓൺ ട്രെന്റിന് അടുത്തുള്ള ക്രൂവിലെ മലയാളി കുടുംബത്തിന്റെ അനുഭവം ഒട്ടേറെ പേരെയാണ് ഇനിയുള്ള നാളുകളിൽ കാത്തിരിക്കുന്നത് എന്നും വക്തമാണ് . ഇപ്പോൾ തന്നെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം വീണ്ടും ആരംഭിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്ന വർത്തമാനങ്ങളാണ് കേരളത്തിലെ പല കോണുകളിൽ നിന്നും ലഭ്യമാകുന്നത് .

ഔദ്യോഗികമായി കേരള സർക്കാർ നിർത്തലാക്കിയ വിമാനത്തിന്റെ കാര്യത്തിൽ സമ്മർദവുമായി കേന്ദ്രത്തെ സമീപിക്കാത്തതും സംശയത്തിന് ഇടനല്കുന്നുണ്ട് .രോഗമുള്ള നാട്ടിൽ നിന്നും ആരും മടങ്ങിയെത്തേണ്ട എന്ന മനോഭാവമാണോ ഈ നിസ്സംഗതക്കു പിന്നിൽ എന്ന സംശയവും ഉയരുകയാണ് . കാരണം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട യുകെയിൽ നിന്നുള്ളവർക്ക് ലഭിച്ച മറുപടി വിമാനത്തിന്റെ കാര്യത്തിൽ കേരളം എന്ത് ചെയ്യാനാണ് , കേന്ദ്ര സർക്കാർ അല്ലെ തീരുമാനം എടുക്കേണ്ടത് എന്നാണ് . എന്നാൽ യുകെ മലയാളികളുടെ ആശങ്ക കേന്ദ്രത്തെ എഴുതി അറിയിക്കാൻ ഉള്ള സാമാന്യ വിവേകം കേരള സർക്കാർ കാട്ടേണ്ടതല്ലേ എന്ന ചോദ്യത്തോടെ അക്കാര്യം സർക്കാകർ പരിഗണനയിൽ ഉണ്ടെന്ന ഒഴുക്കൻ മറുപടിയാണ് തിരികെ ലഭിക്കുന്നത് . യുകെയിലെ പൊതുപ്രവർത്തകരിൽ പലരും ഇക്കാര്യത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം , മലയാളിയും വിദേശകാര്യ സഹ മന്ത്രിയായ വി മുരളീധരൻ , മുഖ്യമന്ത്രിയുടെ ഓഫിസ് , നോർക്ക തുടങ്ങി ലഭ്യമായ എല്ലാ വാതിലിലും മുട്ടുകയാണ് . പക്ഷെ ആശക്കു വഴി തെളിക്കുന്ന ഒരു മറുപടിയും ആരും നൽകുന്നില്ല .

ഇതോടെ അടുത്ത കാലത്തൊന്നും ഇനി നാട്ടിലേക്കുള്ള യാത്ര സ്വപ്നം കാണേണ്ട എന്ന നിലയിലേക്ക് മാറുകയാണ് യുകെ മലയാളികളുടെ ജീവിത സാഹചര്യം .രൂപമാറ്റം വന്ന കോവിഡിനെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കേരളത്തിൽ പരന്നത് പോലെ ഇപ്പോൾ രണ്ടാം ലോക്ഡോൺ പ്രഖ്യാപന വർത്തയ്ക്കും കേരളത്തിൽ മറ്റൊരു രീതിയിൽ കൂടി പ്രചാരം ലഭിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ് . ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ യുകെയിൽ നിന്നും ആരെത്തിയാലും നാട്ടുകാരുടെയും മറ്റും സമീപനം ഒട്ടും ഉദാരപ്പൂർവം ആയിരിക്കില്ലെന്നും ഉറപ്പിക്കാം .

രണ്ടാം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ വീണ്ടും ഇന്ത്യയിലേക്ക് പറക്കാൻ തയാറാകുന്ന എയർ ഇന്ത്യ വിമാനങ്ങൾ വീണ്ടും നിരോധന പട്ടികയിൽ ഉൾപ്പെടുമോ എന്ന കാര്യത്തിലും ഇപ്പോൾ ആശങ്ക ബാക്കിയാണ് .