ലണ്ടൻ: പരിചയം ഇല്ലാത്തവരെ മാത്രമല്ല, പരിചയമുള്ളവരെപ്പോലും സഹായിക്കാൻ മടി കാട്ടുന്നവർ ധാരാളമുണ്ട് ഈ ലോകത്ത്. എന്നാൽ ബ്രിട്ടനിൽ നിന്നുള്ള മനുഷ്യസ്‌നേഹിയായ മലയാളിയുടെ കഥ ഈ ധാരണകളെല്ലാം തിരുത്തിക്കുറിക്കുന്നതാണ്.

സിബി തോമസ് എന്ന കാസർകോട്ടുകാരനാണ് പതിനഞ്ചുകാരിയായ പെൺകുട്ടിക്കുവേണ്ടി സ്വന്തം വൃക്ക ദാനം ചെയ്ത് നന്മയുടെ മറുവാക്കായി മാറിയത്. സിബിയുടെ വൃക്ക സ്വീകരിച്ചു ജീവിതത്തിലേക്ക് തിരികെ എത്താനൊരുങ്ങുന്നത് ലണ്ടനിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിനി റിസമോളാണ്.

ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചാൽ പോലും മുഖം തിരിക്കുന്നവരുള്ള കാലഘട്ടത്തിലാണ് മുൻ പരിചയമേതുമില്ലാത്ത പെൺകുട്ടിക്കു വൃക്ക ദാനം ചെയ്യാൻ തയ്യാറായി സിബി എത്തിയത്.

കൗമാരത്തിന്റെ കുസൃതികളുമായി കൂട്ടുകാരെല്ലാം തുള്ളിച്ചാടി നടക്കുമ്പോൾ അവർക്കൊപ്പമെത്താൻ വെമ്പുന്ന മനസുമായി കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് റിസമോൾ. എന്നാൽ, ഈ പതിനഞ്ചുകാരിക്കു കാലം നൽകിയത് മറ്റൊന്നാണ്. കൂട്ടുകാർക്കു പകരം റിസയുമായി സൗഹൃദത്തിലായത് മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും മാത്രം. വീട്ടിൽ വച്ച് സ്വയം പ്രവർത്തിപ്പിക്കാവുന്ന ഡയാലിസിസ് യൂണിറ്റാണ് ഈ പെൺകൊടിയുടെ പ്രധാന കൂട്ടുകാരി. എങ്കിലും പ്രതീക്ഷ കൈവിടാതെ ധൈര്യപൂർവം ജീവിതവഴിയോരത്തു പിടിച്ചുനിൽക്കാൻ റിസമോൾക്കു കഴിഞ്ഞു. ചെറു തലവേദനയോ ശരീര വേദനയോ വരുമ്പോഴേക്കും വാടി തളർന്നു സകല പ്രതീക്ഷകളും തകർന്നവരെ പോലെ പെരുമാറുന്ന ഭൂരിഭാഗത്തിനും റിസമോൾ ഒരു അത്ഭുതം തന്നെയാണ്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് റിസമോളുടെ ജീവിതത്തിന് പുത്തൻ പ്രതീക്ഷ നൽകി വൃക്ക ദാനം ചെയ്യാൻ യുകെയിലെ പൊതു പ്രവർത്തകനും കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയുമായ സിബി തോമസ് കടന്നുവന്നത്. ഇതോടെ പുതുപ്രതീക്ഷയാണ് റിസയുടെ ജീവിതത്തിനു കൈവന്നത്.

ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. അവയവദാന പ്രചാരകൻ ഫാ. ഡേവിസ് ചിറമ്മേൽ യുകെയിൽ എത്തിയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ സംഭവം എന്ന് സിബി പറയുന്നു. വികാരിക്കൊപ്പം സ്‌കോട്ട്‌ലന്റിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോഴാണ് ഇത്തരത്തിലൊരു തീരുമാനം മനസ്സിൽ രൂപം കൊണ്ടത്. പിന്നീടുള്ള ഘട്ടം സ്വന്തം കുടുംബത്തെ തീരുമാനം ബോധ്യപ്പെടുത്തുക എന്നതായിരുന്നു. സ്വാഭാവികമായും ഒരു തരം അവിശ്വസനീയത ആദ്യം അവരിൽ ഉണ്ടായെങ്കിലും ഏറെക്കാലമായി ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്യുന്ന ഭാര്യ പിന്നീട് പൂർണ്ണ സമ്മതം നൽകി. കുട്ടികളും ഇക്കാര്യത്തിൽ ഒപ്പം നിന്നുവെന്ന് സിബി പറഞ്ഞു.

സാമൂഹ്യപ്രവർത്തകനായ സിബി പറയുന്നത് തീരുമാനം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞപ്പോഴും എല്ലാവരും ആദ്യം തമാശ ആയാണ് എടുത്തതെന്നാണ്. എന്നാൽ, പിന്നീട് എല്ലാവരും ഒപ്പം നിന്നു.