ലണ്ടൻ: എന്തു സംഭവവും പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് ആഘോഷമാക്കാനുള്ള വാർത്തയാണ്. ഇങ്ങനെ സ്വന്തം കാര്യം വിറ്റ് പണമുണ്ടാക്കുന്ന സായിപ്പന്മാരുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളികളും ഈ പാത സ്വീകരിച്ചു തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു യുകെ മലയാളി തന്റെ കഥ പ്രസിദ്ധീകരിക്കണമെന്നും അതിന് പ്രതിഫലം വേണമെന്നും ആവശ്യപ്പെട്ട് മറുനാടൻ മലയാളി എഡിറ്ററെ ഫോണിൽ വിളിക്കുകയായിരുന്നു. ഭാര്യയെ മർദ്ദിച്ച കേസിൽ ഏതാനും ദിവസങ്ങൾക്കകം താൻ ഇരുമ്പഴിക്കുള്ളിൽ അകപ്പെടുമെന്നു എന്നെ ജയിലിൽ അടക്കുന്ന വാർത്ത നിങ്ങൾ എക്‌സ്‌ക്ലൂസീവ് ആയി മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിൽ എഴുതണമെന്നും എന്നാൽ ജയിലിൽ ആകുന്നതുവരെ ജീവിതം ആഘോഷമാക്കാൻ പണം വേണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. 100 പൗണ്ട് അക്കൗണ്ടിൽ ഇടണമെന്നുമായിരുന്നു ഫോൺ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത്. ഏതാനും ആഴ്ചകളായി മഹേഷ് മത്തായി എന്ന മുമ്പ് ഓക്‌സ്‌ഫോർഡിൽ താമസിക്കുകയും ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ലസ്റ്ററിലേയ്ക്ക് താമസം മാറ്റുകയും ചെയ്ത മഹേഷ് ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ആ ഫോൺ കോളുകളുടെ തുടർച്ചയായിരുന്നു ഈ കോൾ.

ഭാര്യയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ നാളെ ജയിലിൽ അടയ്ക്കാനിരിക്കയാണ്. കരുതൽ തടങ്കലിൽ ഇരുന്ന സമയത്തായിരുന്നു മഹേഷ് മറുനാടനുമായി ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ജയിലിലേക്ക് പോകുന്ന ഒരാൾ എന്ന പരിഗണന നൽകി മറുനാടൻ മലയാളി 100 പൗണ്ട് നൽകുകയും ചെയ്തിരുന്നു. മഹേഷിന്റെ അഭിഭാഷകനുമായി സംസാരിച്ചപ്പോൾ ഇക്കാര്യം ശരിയാണെന്ന് വ്യക്തമാകുകയും ചെയ്തു. ഭാര്യയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് മഹേഷ് തടവിലാകുന്നത്. കമ്മ്യൂണിറ്റി സർവീസിൽ നിൽക്കേണ്ട ശിക്ഷ തടവായി മാറുന്നത് മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അപ്പ അമ്മയെ കൊല്ലാൻ ശ്രമിച്ചു എന്നാണ് മക്കൾ പൊലീസിനു മൊഴി നൽകിയത്. അതുകൊണ്ടു തന്നെ മഹേഷിനു ഇനി കുറഞ്ഞത് ആറുമാസം എങ്കിലും ഇരുമ്പഴി തന്നെ ആവും അഭയമെന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന സൂചന.

ഭാര്യയുമായുള്ള തർക്കത്തിനെ തുടർന്ന് നാല് വർഷത്തിൽ അധികമായി ഓക്‌സോഫോർഡിൽ നിന്നും മാറി താമസിക്കുകയാണ് മഹേഷ്. ഇടക്ക് നാട്ടിൽ പോയ മഹേഷ് വീണ്ടും തിരിച്ച് വന്ന് ലെസ്റ്ററിൽ ഒരു പബ്ബിൽ താമസിക്കുകയായിരുന്നു. വാടക കൊടുക്കാത്തതിനെ തുടർന്ന് അവിടെ നിന്നും ഇറക്കി വിട്ടത്തിനെ തുടർന്ന് ഓക്‌സ്‌ഫോർഡിൽ എത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ആത്മഹത്യ ചെയ്യാൻ തോന്നിയപ്പോൾ മക്കളെ കാണാൻ എത്തിയതാണ് എന്നാണ് മഹേഷ് പറയുന്നത്. എന്നാൽ ഇടക്കിടെ വീട്ടിൽ എത്തി ഭാര്യയ്ക്കും മക്കൾക്കും എതിരെ ഭീഷണി ഉയർത്തുക മഹേഷിന്റെ പതിവാണെന്ന് ഭാര്യയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. എന്തായാലും മഹേഷ് ഓക്‌സ്‌ഫോർഡിലെ വീട്ടിൽ എത്തി ചില സീനുകൾ ഒക്കെ ഉണ്ടാക്കുകയും പൊലീസ് എത്തുകയും ചെയ്തു.

നന്നായി മദ്യപിച്ചായിരുന്നു മഹേഷിന്റെ ഓക്‌സ്‌ഫോർഡ് യാത്ര. പൊലീസ് മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് വീടു വിട്ടു പോയ മഹേഷും പൊലീസ് ഉത്തരവ് ലംഘിച്ച് വീണ്ടും എത്തിയതാണ് കുഴപ്പങ്ങൾക്കു കാരണമായത്. തുടർന്നാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ജാമ്യതടവുകാരനായി സൗത്താംപ്ടണിലെ ഡിറ്റൻഷൻ സെന്ററിൽ ആക്കുകയായിരുന്നു. കുറ്റവാളികൾക്കുള്ള ടാഗ് ധരിച്ചാണ് ഈ ദിനങ്ങൾ അത്രയും മഹേഷിന്റെ ജീവിതം. സ്ഥലത്തു നിന്നും രക്ഷപെടുകയോ രാത്രി ഏഴു മണിക്കു മുമ്പ് ഡിറ്റൻഷൻ സെന്ററിൽ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കിൽ പൊലീസ് അലേർട്ട് ആകുന്ന സംവിധാനമാണ് ഉള്ളത്. ഇവിടെ നിന്നു ഓരോ തവണ കോടതിയിൽ പോകുമ്പോഴും റിട്ടേൺ ടിക്കറ്റ് ആയിരുന്നു പൊലീസ് നൽകിയിരുന്നത്. എന്നാൽ നാളെ കോടതിയിൽ ഹാജരാകാനായി നൽകിയത് വൺ വേ ടിക്കറ്റ് ആണ്. അതുകൊണ്ട് തന്നെ നാളെ തന്നെ തടവറയിലാക്കുമെന്നാണ് മഹേഷ് ഉറച്ചു വിശ്വസിക്കുന്നത്.

ഇടുക്കി ജില്ലയിലെ കരിങ്കുന്നം സ്വദേശിയാണ് മഹേഷ് മത്തായി. തൊടുപുഴ ടൗണിലാണ് മഹേഷിന്റെ മാതാവ് ഇപ്പോൾ താമസിക്കുന്നത്. രണ്ട് സഹോദിമാരും വേറെയുണ്ട്. ഇടുക്കി ജില്ലക്കാരിയായ യുവതിയെ ആണ് മഹേഷ് വിവാഹം കഴിച്ചത്. എന്നാൽ മദ്യപാനവും സംശയരോഗവും മൂലം ജീവിതം ദുരിതപൂർവമാവുകയായിരുന്നെന്നാണ് മഹേഷിന്റെ ഭാര്യയുടെ സുഹൃത്തുക്കളും ബന്ധുക്കളും മറുനാടൻ മലയാളിയോട് പറഞ്ഞത്. രണ്ടു മക്കളാണ് മഹേഷിനുള്ളത്. ഇരുവരുംഅമ്മയ്‌ക്കൊപ്പം ഓക്‌സ്‌ഫോർഡിൽ തന്നെയാണ് കഴിയുന്നത്.

ഓക്‌സ്‌ഫോർഡിൽ പക്ഷേ മഹേഷിനെ അനുകൂലിക്കുന്നവർ കുറവാണ്. മഹേഷ് ഒരു സ്ത്രീയുടെയും കുഞ്ഞുമക്കളുടെയും ജീവിതം ദുരിത പൂർണമാക്കാൻ ശ്രമിച്ചെന്നും മക്കൾക്കു മഹേഷിനെ കാണുന്നതു പോലും ഭയമാണെന്നും കുടുംബത്തെ പരിചയമുള്ള ഓക്‌സ്‌ഫോർഡിൽ താമസിക്കുന്ന ഒരു മലയാളി പറഞ്ഞു.