- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ മുഹമ്മദ് സലിം എന്ന കർഷകന് കോളിഫ്ളവറിന് കിട്ടിയത് കിലോയ്ക്ക് ഒരു രൂപ! നെഞ്ചു തകർന്ന സലിം ആയിരം കിലോ കാബേജ് റോഡിൽ തള്ളി; ഈ കാഴ്ച്ച കണ്ട് കരളുരുകി സഹായിക്കാൻ തയാറായി ബ്രിട്ടനിലെ മലയാളി നഴ്സ് ബിജി
ലണ്ടൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ ബഹുഭൂരിപക്ഷവും കർഷക കുടുംബത്തിൽ നിന്നും നഴ്സിങ് പഠിച്ച് അവിടെ എത്തിയവരാണ്. അതിനാൽ തന്നെ കർഷകരുടെ ജീവിത പ്രയാസങ്ങൾ ആരും പറയാതെ അവർക്ക് മനസിലാകും. അതുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ കർഷകരുടെ പ്രയാസം കണ്ടപ്പോൾ നെഞ്ചു തകർന്നു കരയാൻ ലണ്ടനിലെ മലയാളി നഴ്സ് ബിജി തോമസിന് തോന്നിയതും. കഴിഞ്ഞ ദിവസങ്ങളിൽ കർഷകർ നേരിടുന്ന പ്രയാസങ്ങൾ തുടർച്ചയായി വാർത്തകളിൽ എത്തുന്ന സാഹചര്യത്തിലാണ് തികച്ചും പ്രയാസത്തോടെ മാത്രം കണ്ടിരിക്കാൻ സാധിക്കുന്ന ഒരു കാഴ്ച ബിജിയുടെ കണ്ണിലെത്തിയത്. താൻ ഉൽപാദിപ്പിച്ച കോളി ഫ്ളവർ കിലോയ്ക്ക് ഒരു രൂപ മാത്രം നല്കാൻ യുപിയിലെ ജഹാനാബാദിലെ ഫിലിബിത്തിൽ ഇടനിലക്കാരായ കച്ചവടക്കാർ തയ്യാറായപ്പോൾ തിരികെ ഗ്രാമത്തിൽ എത്തി പാടത്തിൽ വിളഞ്ഞു നിന്നിരുന്ന ആയിരം കിലോ കാബേജ് ഗ്രാമീണർക്കായി ഈ കർഷകർ റോഡിൽ നിരത്തിയിട്ടത്.
എല്ലാവരും വന്നു വെറുതെ എടുത്തോളൂ എന്ന് പറഞ്ഞു അലറിക്കരഞ്ഞ മുഹമ്മദ് സലീമിന്റെ നിസ്സഹായത വാർത്ത ചാനലുകളിൽ പറന്നെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല എന്നതാണ് ലഭ്യമായ വിവരം. ഏകദേശം 12000 രൂപ മുടക്കിയാണ് സലിം ഒരേക്കർ കൃഷിയിടത്തിൽ ഈ വിളകൾ ഉൽപ്പാദിപ്പിച്ചത്. കിലോക്ക് പത്തു രൂപ വച്ചെങ്കിലും ലഭിച്ചെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം സഹിക്കാതെ പിടിച്ചു നില്ക്കാൻ കഴിഞ്ഞേനെ. എന്നാൽ വില നിശ്ചയിക്കുന്നത് ഇടനിലക്കാർ ആയതിനാൽ അദ്ദേഹത്തിന് മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എത്ര വിദഗ്ധമായി ഇന്ത്യയിൽ കർഷകൻ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി മാറുകയാണ് ഫിലിബിത്തിലെ മുഹമ്മദ് സലിം.
ഇനിയാണ് വ്യാജ കർഷക സ്നേഹം കാട്ടി ഫേസ്ബുക്കിലും മറ്റും ഘോരഘോരം പോസ്റ്റ് തള്ളി നിർവൃതി അടയുന്നവർ അറിയേണ്ട കാര്യം . നിങ്ങള്ക്ക് സാധിക്കുമെങ്കിൽ ഈ മുഹമ്മദ് സലീമിനെ കണ്ടെത്തുക. അദ്ദേഹത്തെ സഹായിക്കാൻ ബിജി തോമസ് തയ്യാറാണ് . കാരണം തുച്ഛമായ വേതനത്തിൽ ജോലി ചെയുന്ന ഒരു സാധാരണ നേഴ്സ് ആണെകിൽ പോലും ഒരു വേദനിക്കുന്ന കർഷകന്റെ ദുരവസ്ഥ വളരെ നന്നായി മനസിലാക്കാൻ കഴിയുന്ന മനസുണ്ട് ബിജി തോമസിന് . കണ്ണൂർ ചെമ്പേരിയിലെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ബിജിക്കു ഉത്തരേന്ത്യയിലെ കർഷക സമരത്തെ കുറിച്ചുന്നുമല്ല മനസ് നോവുന്ന കാര്യങ്ങൾ പറയാനുള്ളത് . മറിച്ചു ഒരു സാധാരണ കർഷകൻ നാലഞ്ച് മാസം പാടത്തു പണിചെയ്തു ഉൽപാദിപ്പിച്ച കാർഷിക വിളകൾ ചന്തയിൽ എത്തിച്ചപ്പോൾ ചുമട് കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് ബിജിയെ ഫേസ്ബുക് ലൈവിൽ എത്താൻ പ്രേരിപ്പിച്ചത് .
ഡൽഹി സഫാദർജംഗ് ആശുപത്രിയിൽ ജോലി ചെയുന്ന കാലത്തു യാത്രകളോടുള്ള പ്രിയം മൂലം ഉത്തരേന്ത്യയിലെ നിരവധി കാർഷിക സ്ഥലങ്ങൾ സന്ദർശിക്കാനായതും അന്നാട്ടിലെ കർഷകർ നേരിടുന്ന പ്രയാസം എത്ര വലുതാണ് എന്ന് മുഹമ്മദ് സലീമിനെ കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോൾ ബിജിക്കു അതിന്റെ തീവ്രത ഒട്ടും നഷ്ടമാകാതെ ഉൾക്കൊള്ളാനായി . ഷിംലയിലേക്കുള്ള യാത്രക്കിടയിലും പഞാബിലെയും മറ്റും കാർഷിക ഗ്രാമങ്ങളിൽ എത്താനായ അനുഭവവും തനി നാടൻ കർഷക കുടുംബ അംഗമായ തനിക്കു ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽപ്പുണ്ടെന്നു ബിജി പറയുന്നു . കണ്ണൂരിലെ ചെമ്പേരിയിൽ ഉള്ള ചെറിയ കൃഷിയിടത്തിൽ കശുമാവ് , തെങ്ങു , കവുങ്ങു തുടങ്ങിയ കാർഷിക വിളകളിൽ നിന്നുള്ള ചെറിയ വരുമാനമാണ് തങ്ങളുടെ വീട്ടിൽ പട്ടിണി ഇല്ലാതാക്കിയതെന്നും തങ്ങൾക്കു ആഗ്രഹിച്ച വിദ്യാഭ്യാസം ലഭിക്കാൻ സഹായമായതെന്നും കർഷകന്റെ മകൾ എന്ന അഭിമാനത്തോടെ ബിജി ഏറ്റുപറയുന്നു . അതിനാൽ ഏതു കർഷകൻ നേരിടുന്ന ഇത്തരം ചൂഷണങ്ങളും അത് അർഹിക്കുന്ന ഗൗരവത്തിൽ തനിക്കു മനസിലാക്കാൻ കഴിയുമെന്നും ബിജി വക്തമാക്കുന്നു .
ബിജി നടത്തിയ ഇടപെടൽ അനേകം പേർ ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ബിജിയോട് സംസാരിച്ചപ്പോൾ മുഹമ്മദ് സലിം എന്ന കര്ഷകന് ഇത്തവണത്തെ വിളയിൽ നഷ്ടമായ മുഴുവൻ പണവും നല്കാൻ താൻ സന്നദ്ധ ആണെന്നാണ് ബിജി വക്തമാക്കുന്നത് . എന്നാൽ കർഷക സമരത്തെ തുടർന്ന് രൂപം കൊള്ളുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം സഹായം നൽകുക ആണെങ്കിൽ ഔദ്യോഗികമായി സർക്കാർ മേലധികാരികളെ കൂടി അറിയിച്ചു മാത്രമേ ചെയ്യാവൂ എന്ന ഉപദേശമാണ് ബിജിക്കു ഭർത്താവ് ജോസ് നൽകിയിരിക്കുന്നത് . കാരണം കർഷക സമരത്തിന് പിന്തുണ നൽകുന്ന സംഘടനകളുടെ പേരിൽ യുകെ , കാനഡ എന്നിവിടങ്ങളിൽ നിന്നും പണം എത്തുന്നു എന്ന ഇന്ത്യൻ സർക്കാരിന്റെ വെളിപ്പെടുത്തൽ മൂലം സഹായിക്കാൻ ഇറങ്ങി തിരിച്ചു പുലിവാലിൽ ചെന്ന് ചാടേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലേക്ക് നീങ്ങുകയാണ് ബിജിയും . ഈ സാഹചര്യത്തിൽ ജഹാനാബാദ് കളക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും ശ്രദ്ധയിൽ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധിച്ച കർഷക സ്നേഹികൾ .
കഴിഞ്ഞ ദിവസം ജഹാനാബാദ് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശിന് സന്ദേശമയച്ചു മറുപടിക്കായി കാത്തിരിക്കുകയാണ് ബിജി . സഹായം നൽകുന്നതിന് സർക്കാരിന്റെ പച്ചക്കൊടി കിട്ടിയാൽ അത് ഉദ്യോഗസ്ഥരിലൂടെ തന്നെ എത്തിക്കാൻ ഉള്ള ശ്രമമാണ് ബിജി ഇപ്പോൾ ചെയുന്നത് . ഇതാദ്യമല്ല ബിജി ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതു എന്നത് കൂടി ശ്രെധേയമാണ് . ബെൽഫാസ്റ്റിൽ എത്തുന്ന അനേകം മലയാളി , ഏഷ്യൻ വിദ്യാർത്ഥികളുടെ മുന്നിൽ എത്തുന്ന മാനവികതയുടെ രൂപമാണ് ബിജിയെന്ന നേഴ്സ് . വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് താമസം കണ്ടെത്താനും മറ്റും ശ്രദ്ധ നൽകുന്ന ബിജി നാട്ടിൽ നിന്നും മറ്റും സഹായം തേടിയെത്തുന്ന അനേകം ആളുകളുടെ അഭ്യര്ഥനകൾക്കു തന്റെ കയ്യിലെത്തുന്ന വരുമാനത്തിൽ ഒരു നിശ്ചിത സംഖ്യാ നൽകി സഹായിക്കാനും ശ്രമിക്കുന്നുണ്ട് . ബെൽഫാസ്റ് മേയറും പ്രാദേശിക എംപിയും ഒക്കെ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ബിജി ഏറെ സജീവമാണ് . ബെൽഫാസ്റ്റിൽ ജിപി സർജറിയിൽ പ്രാക്ടീസ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഈ കണ്ണൂർക്കാരി.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.