തൃശൂർ: വെള്ളക്കാരനായ ജോസഫ് ഹസ്റ്റ് രണ്ടു വർഷം മുൻപ് പ്രണയം തുറന്നു പറഞ്ഞപ്പോൾ അന്തിച്ചു നിൽക്കുകയായിരുന്നു വടക്കാഞ്ചേരി സ്വദേശിനിയായ മേഘശ്രീ. എന്തു മറുപടി പറയണമെന്ന് അറിയാതെ കുഴങ്ങിയ മേഘശ്രീ ഏറെ ആലോചനകൾക്കു ശേഷം യെസ് എന്നു മറുപടി നൽകിയപ്പോൾ പൂർണ പിന്തുണയേകി വടക്കാഞ്ചേരിയിലെ വീട്ടുകാരും ഒപ്പം നിൽക്കുകയായിരുന്നു. അങ്ങനെ രണ്ടു വർഷം പൂർത്തിയാക്കി ജോസഫ് ഹസ്റ്റിന്റെയും മേഘശ്രീയുടെയും പ്രണയം വിവാഹത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ.

ബർമിങാം ക്യൂൻ എലിസബത്ത് ആശുപത്രിയിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ജോസഫ് ഹസ്റ്റ്. അതേ ആശുപത്രിയിൽ തന്നെ നഴ്‌സായി ജോലി നോക്കുകയാണ് മേഘശ്രീ. ആദ്യമായി യുകെയിലെത്തിയപ്പോൾ മേഘശ്രീയ്ക്ക് അപരിചിതമായിരുന്നു ആ ലോകം. കേരളത്തിൽ ജനിച്ചു വളർന്ന മേഘശ്രീ യുകെയിലെത്തിയപ്പോൾ ഒപ്പം എല്ലാ സഹായങ്ങളുമായി നിന്നത് സഹപ്രവർത്തകനായിരുന്ന ജോസഫ് ഹസ്റ്റ് ആയിരുന്നു.

എല്ലാ കാര്യങ്ങളിലും ഏറ്റവും നല്ല സുഹൃത്തിനെപ്പോലെ സഹായിച്ചതും കൂട്ടുവന്നതും എല്ലാം ജോസഫ് ഹസ്റ്റ് ആയിരുന്നു. പതുക്കെ പതുക്കെ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദം പ്രണയത്തിന് വഴി മാറി. സൗഹൃദം വിട്ടുപിരിയാനാവാത്ത വിധം അനുഭവപ്പെട്ട ജോസഫ് പ്രണയം തുറന്നു പറഞ്ഞപ്പോൾ ഏറെ ചിന്താക്കുഴപ്പങ്ങളായിരുന്നു മേഘശ്രീയുടെ മനസിൽ. രണ്ടു സംസ്‌കാരവും രണ്ടു രീതികളും ഒക്കെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്ക.

എന്നാൽ ജോസഫിന്റെ ഇഷ്ടവും സ്വഭാവവും എല്ലാം കൂടുതൽ മനസിലാക്കിയ മേഘശ്രീ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹത്തിനു സമ്മതിക്കുള്ളൂവെന്ന് മറുപടി നൽകുകയായിരുന്നു. ഒടുവിൽ ഇരുവരുടെയും വീട്ടുകാരും സമ്മതം മൂളിയതോടെ രണ്ടു വർഷം നീണ്ട പ്രണയം വിവാഹത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹ നിശ്ചയവും മോതിരം മാറ്റവും കുന്നംകുളം ലോട്ടസ് പാലസിൽ നടന്നു. തീർത്തും കേരളീയ രീതിയിലായിരുന്നു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ജോസഫ് ഹസ്റ്റിന്റെ ബന്ധുക്കൾ അടക്കം പങ്കെടുത്ത ചടങ്ങ് വർണാഭമായാണ് നടന്നത്.

വടക്കാഞ്ചേരി പാർലിക്കാട് മടച്ചിമ്പ്രാ മുരളീധരന്റെ മകളാണു മേഘശ്രീ. അടുത്തവർഷം പ്രൗഢഗംഭീരമായി യു.കെയിലായിരിക്കും വിവാഹം.